കൊച്ചിയിൽ യുവനടി ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിനിരയായ സംഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി നിർമാതാവ് ആന്റോ ജോസഫ് രംഗത്ത്. താൻ അവിടെ ചെല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പൾസർ സുനിയെ വിളിച്ചതെന്തിനാണെന്നും ആന്റോ ജോസഫ് വെളിപ്പെടുത്തുന്നു.
‘‘രാത്രിയാണ് ലാൽ എന്നെ വിളിക്കുന്നത്. അപ്പോൾ ഫോൺ സൈലന്റ് ആയിരുന്നു. പിന്നീട് രൺജി പണിക്കർ വിളിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവമുണ്ടെന്നും െപട്ടന്ന് ലാലിന്റെ വീട്ടിലേക്ക് എത്തണമെന്നും പറയുന്നത്. അങ്ങനെ ഞാൻ സ്ഥലം എംഎൽഎ പിടി തോമസിനെയും കൂട്ടി ലാലിന്റെ വീട്ടിലെത്തുകയായിരുന്നു.’’
‘‘അവിടെ മാർട്ടിന്‍ എന്ന ഡ്രൈവറും പൊലീസും ഉണ്ടായിരുന്നു. മാർട്ടിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പിടി തോമസ് എംഎൽഎയാണ് മാർട്ടിനിൽ നിന്നും പൾസർ സുനിയുടെ നമ്പർ മേടിക്കുന്നത്. അങ്ങനെ എന്റെ ഫോണിൽ നിന്ന് സുനിയെ വിളിച്ചു. ആദ്യ രണ്ടുതവണ വിളിച്ചപ്പോഴും എടുത്തില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അതേ നമ്പറിൽ നിന്ന് തിരിച്ചുവിളിച്ച് ‘ആരടാ എന്നുചോദിച്ചു. ‘ഞാൻ ആന്റോയാടാ’ എന്നു പറഞ്ഞതും ഫോൺ കട്ട് ചെയ്യുകയായിരുന്നു. ’’ ആന്റോ ജോസഫ് പറയുന്നു.
അപ്പോള്‍ തന്നെ ഈ വിവരം പൊലീസിന് കൈമാറി. നമ്പർ ട്രെയ്സ് ചെയ്താല്‍ സുനി എവിടെ ഉണ്ടെന്ന് കണ്ടുപിടിക്കാമെന്നും പറഞ്ഞു. വീണ്ടും വിളിച്ച് എസിപിക്കു ഫോൺ കൈമാറി. എന്നാൽ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ഫോൺ ബന്ധം വിച്ഛേദിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.
ആ രാത്രി ജീവിതത്തില്‍ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഇതുപോലൊരു അനുഭവം ഒരു അമ്മയ്ക്കോ മകൾക്കോ സഹോദരിക്കോ ഇനി ഉണ്ടാകരുതെന്നും ആന്റോ ജോസഫ് പറഞ്ഞു. അന്ന് രാത്രിയും പിറ്റേന്ന് വെളുപ്പിനുവരെയും കൂടെ ഉണ്ടായിരുന്നുവെന്നും ആയിരക്കണക്കിന് പൊലീസുകാരാണ് എല്ലാ പിന്തുണയോടെയും എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന മൊഴിയും പിടി തോമസ് എംഎൽഎ സ്ഥിരീകരിച്ചു. ഇക്കാര്യം അക്രമികൾ നടിയോടു പറഞ്ഞു. തമ്മനത്തെ ഒരു പ്രമുഖ ഫ്ലാറ്റിലെത്തിച്ചു ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും മൊഴിയുണ്ട്. അവിടെ 20 പേരുണ്ടെന്നും മയക്കുമരുന്നു കുത്തിവച്ച് ഉപദ്രവിക്കുമെന്നും ഇവർ നടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എംഎൽഎ പറഞ്ഞു. സമാനമായ രീതിയിലാണ് നടിയും നേരെത്തെ പൊലീസിൽ മൊഴി നൽകിയത്.
നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നടി ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് സ്ഥലത്തു നിന്നു കൊച്ചിയിലേക്കു കാറിൽ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സിനിമാ നിർമാണ കമ്പനി ഏർപ്പാടാക്കിയ കാറിലായിരുന്നു നടിയുടെ യാത്ര. വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണു പ്രതികൾ നടിയുടെ കാർ തടഞ്ഞത്.
നടിയുടെ കാറിനെ മറ്റൊരു കാറിൽ പിൻതുടർന്ന പ്രതികൾ അത്താണിക്കു സമീപം തടഞ്ഞു നിറുത്തി വണ്ടിയിൽ അതിക്രമിച്ചു കയറുകയായിരുന്നു. അപകീർത്തികരമായ രീതിയിൽ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം നടി എതിർത്തു. ഇതോടെ തമ്മനത്തെ ഫ്ലാറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. പ്രതികളുടെ നിയന്ത്രണത്തിൽ കാർ പത്തോടെ പാലാരിവട്ടം ഭാഗത്ത് എത്തിയതായി നടി മൊഴി നൽകി.
പിന്നീട് ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നൽകിയ സ്ഥല വിവരണത്തിൽ നിന്നു പൊലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികൾ മറ്റൊരു വാഹനത്തിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ നടി രക്ഷതേടി എത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് രാത്രി തന്നെ പി.ടി. തോമസ് എംഎൽഎയും സ്ഥലത്ത് എത്തിയിരുന്നു.