Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർക്കറ്റിൽ മീൻവെട്ടുകാരനായിരുന്നു ദുൽക്കറിന്റെ ബാലൻ

manikandan വിനായകനും ദുൽക്കറിനുമൊപ്പം മണികണ്ഠൻ

വഴിയിരികിൽ നിന്നും നടന്നും അലഞ്ഞും കലഹിച്ചും സിനിമയിലേക്കോടിക്കയറിവൻ. കമ്മട്ടിപ്പാടം ബാലന്റെയും അവന് ചുറ്റുമുള്ള ജീവിതങ്ങളുടെയും കഥ മാത്രമല്ല. അവനായി അഭിനയിച്ച മണികണ്ഠന്റെയും കൂടിയാണ്. ഈ നടൻ കടന്നുപോയ വഴികളിലെ സ്വയമറിഞ്ഞതും ചുറ്റുമുള്ളതുമായ കാര്യങ്ങളിലെ പ്രതിഫലനം തന്നെയാണീ ചിത്രം. ഒരു സിനിമ അതിലഭിനയിച്ച നടന്റെ ജീവിത ചുറ്റുപാടുകളുമായി അങ്ങേയറ്റം ചേർന്നു നിൽക്കുന്ന അപൂർ‌വതയാണിവിടെ കണ്ടത്. തെരുവു നാടകവേദികളിൽ നിന്ന് വെള്ളിത്തിരയിലേക്കുള്ള യാത്രയും, അതിനിടയിൽ ജീവിക്കാനായി സ്വർണപ്പണിക്കാരനായും ചമ്പക്കര മാർക്കറ്റിലെ മീൻ‌വെട്ടുകാരനായുമൊക്കെ പണിയെടുത്തിട്ടുമുള്ള മണികണ്ഠൻ. നിങ്ങളീ സിനിമ കാണണമെന്നു പറയും പോലെ പറയാം മണികണ്ഠനെയും അറിഞ്ഞിരിക്കണം.

ആ അടി ഷേണായീസിൽ കണ്ടിട്ടുണ്ട്, ഞാനൊരു ബാലനല്ല

കമ്മട്ടിപ്പാടത്തിൽ കവിത തിയറ്ററിന് മുന്നിൽ ആ സീൻ ചെയ്യുമ്പോൾ ഞാൻ സിനിമയിലാണെന്ന കാര്യം തന്നെ മറന്നുപോയിരുന്നു. ഷൂട്ടിങ് കഴിഞ്ഞിട്ടും കുറേ നേരം അങ്ങനെ തന്നെ നിന്നുപോയി. നാടകത്തിൽ നിന്ന് വന്നയാളായതിന്റെ ഗുണവു ദോഷവുമാണവിടെ കണ്ടത്. ഒരു തീയറ്റർ ആർടിസ്റ്റിന്റെ ബലമെന്ന് പറയുന്നത് പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന കയ്യടികളാണ്. അങ്ങനെ കിട്ടണമെന്നത് ഒരു വാശിയും കൂടിയാണ്. അത് അയാൾക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. അ ചെറുതല്ല. ഈ രംഗത്തിന്റെ റിഹേഴ്സലിൽ തന്നെ നല്ല ആളുണ്ടായിരുന്നു. അവർ തന്നെ ആവേശമാണ് അന്നേരത്തെ ആ നല്ല പ്രകടനത്തിന് കാരണമായത്.

manikandan

ഓരോ ടേക്കും പിന്നാലെ പിന്നാലെങ്ങ് നീങ്ങി. പിന്നെ ഇതുപോലുള്ള അടിയൊക്കെ ഞാൻ ഷേണായിസിൽ കണ്ടിട്ടുണ്ട്. സ്ഫടികം കാണാൻ പോയ സമയത്ത്. ഞാനും ഒരു കമ്മട്ടിപ്പാടത്തുകാരൻ തന്നെ. എറണാകുളത്തെ തോപ്പിലാണ് എന്റെ സ്ഥലം. ബാലന്‍ എനിക്ക് അപരിചിതനല്ല. ഒരുപാട് ബാലൻമാരെ കണ്ടാണ് വളർന്നത്. അങ്ങനെയുള്ളവരോടെനിക്ക് ആരാധനയായിരുന്നു. പക്ഷേ ഞാനൊരു ബാലനല്ല. ഞാനൊരു പാവമാണ്. കാക്കി കണ്ടാൽ ഞാൻ ഓടിയൊളിക്കും. ബാലനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്കൊരുപാടിഷ്ടപ്പെട്ടു. സങ്കടവും തോന്നി. ആ ഒരു അടുപ്പം സിനിമയിലും വന്നു. ഞാൻ ഓരോ സീനും എൻജോയ് ചെയ്താണ് കണ്ടത്. പിന്നെ ഗംഗയും ബാലനും ഇന്നും ജീവിച്ചിരിപ്പുണ്ട്. എല്ലാ തലങ്ങളിലും. അതെനിക്കറിയാം. അതുകൊണ്ട് ഈ വേഷം അത്രയും നന്നായി ചെയ്യണമെന്നുണ്ടായിരുന്നു.

നാടകക്കാരനായതുകൊണ്ടാണിങ്ങനെ

നാടകത്തിൽ അഭിനയിക്കുമെന്ന് പണ്ടൊക്കെ പറയുമ്പോൾ വേറെന്തെങ്കിലും പണിക്ക് പൊയ്ക്കൂടേടാപ്പാ...എന്നായിരുന്നു ചോദിച്ചിരുന്നത്. ഒരു വിലയുമില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല. തീയറ്റർ ആർടിസ്റ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. നാടകക്കാരനായതുകൊണ്ട് തന്നെ സിനിമയിലെ അഭിനയവും കാമറയും എന്നെ ഭയപ്പെടുത്തിയില്ല. നല്ല ധൈര്യമുണ്ടായിരുന്നു. പിന്നെ നൂറു ശതമാനം കഥാപാത്രത്തിലേറങ്ങി ചെന്നു ഞാൻ. അതും നാടകത്തിലഭിനയിച്ചതിന്റെ ഗുണമാണെന്നാണ് ഞാൻ കരുതുന്നത്. ചിത്രീകരണത്തിനിടയിലും അതിനിടയിലെ ഇടവേളകളിലും ഞാൻ ബാലൻ തന്നെയായിരുന്നു. അതിൽ നിന്ന് പുറത്തുകടക്കാനായില്ല, അത് തീയറ്റർ ആർടിസ്റ്റ് ആയതിന്റെ ഗുണമാണ്.

രാജീവ് രവിയെന്ന ജാവ...

ജാവ സിമ്പിൾ ആൻഡ് പവർഫുൾ എന്ന് പറയും പോലെയായിരുന്നു രാജീവ് രവി സർ ഓരോ സീനും എനിക്ക് പരിചയപ്പെടുത്തിയത്. ബാലനെ കുറിച്ച് എന്നോട് പറയുന്നത് രണ്ടാമത്തെ കൂടിക്കാഴ്ചയിലാണ്. ബാലനൊരു റബ്ബർ പന്ത് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എങ്ങനെയുള്ള കഥാപാത്രമായിരിക്കുമെന്ന്. ഗുണ്ടയാണ്. പക്ഷേ പച്ചയായ മനുഷ്യനാണ്. മനുഷ്യ സ്നേഹിയായൊരാൾ. നമ്മുടെ ജീവിതത്തിലേക്കെന്തോ കാര്യം പറഞ്ഞു തരും പോലെ...അങ്ങനെ ചെയ്താൽ മതിയെടാ...ഇങ്ങനെ മതിയെടാ അങ്ങനത്തെ മട്ടിലാണ് രാജീവ് സർ നിർദ്ദേശം തരിക അദ്ദേഹം സെറ്റിലേക്ക് വരുന്നതും പെരുമാറ്റവും അത്രയേറെ ലളിതമാണ്. മുണ്ടൊക്കെയുടുത്ത്. ഒരു സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഒഫിഷ്യൽ ടോക് ഒന്നും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. ഒരുപക്ഷേ ആ രീതിയാകും സിനിമയിലേക്കെന്നെ കൂടുതൽ അടുപ്പിച്ചത്. രാജീവ് സാറിനെ പോലെ തന്നെയാണ് ഗീതു ചേച്ചിയും. സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് എന്നോട് പറഞ്ഞു...ബാലൻ ഹിറ്റാകും ഉറപ്പിച്ചോയെന്ന്....

സിനിമ എന്റെ സ്വപ്നമായിരുന്നില്ല.

mani-jayan

എന്റെ സുഹൃത്തുക്കളായ വിജയ കുമാറും സുജിത്തുമാണ് എന്നെയും ഈ സിനിമയിലേക്കെത്തിക്കുന്നത്. അവരും തീയറ്റർ ആർടിസ്റ്റുകളാണ്. വിജയകുമാർ നാസറെന്ന വേഷം കമ്മട്ടിപ്പാടത്തിൽ ചെയ്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ വില്ലൻ വേഷം ചെയ്തയാളാണ് സുജിത്ത്. നാടകമായിരുന്നു ജീവിതം. മൂന്നാം ക്ലാസിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അഭിനയം കൂടെക്കൂടിയത്. ചെറുപ്പത്തിലെ ഇങ്ങനെ തമാശയും കളിയുമൊക്കെയായിട്ടാണ് നടക്കുന്നത്. വഴിയരികിൽ കാണുന്ന സര്‍ക്കസും, തമാശയുമൊക്കെ അതേപടി ചെയ്യും. അന്ന് ഞങ്ങൾടെ നാട്ടിലൊരു നാടക സംഘമുണ്ടായിരുന്നു. ഭാസഭേരി. അവരുടെ നാടകങ്ങൾ ഒരുപാട് ആകർഷിച്ചിരുന്നു. പിന്നെ സ്കൂളിൽ സെൽവരാജ് തൃപ്പൂണിത്തുറയെന്നയാൾ നാടകം ചെയ്തപ്പോൾ അതിലും അഭിനയിക്കാനായി. അതോടെ നാടകം ഹരമായി. എറണാകുളത്തെ മിക്ക നാടക ട്രൂപ്പുകൾക്കൊപ്പവും പങ്കെടുത്തിട്ടുണ്ട്.

ഞെട്ടിച്ചു കൊണ്ട് ദുൽഖറിന്റെ എൻട്രി, വിനായകന്റെ സ്നേഹം

എങ്ങനെ ദുൽഖറിനെ പരിചയപ്പെടുമെന്ന ടെൻഷനിലായിരുന്നു ഞാൻ. മമ്മൂക്കയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ മകനോടും. അതുകൊണ്ട് അത്രയും വലിയൊരാളെ എങ്ങനെ പരിചയപ്പെടും എന്നോർത്ത് പേടിയുണ്ടായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ടാണ് ദുൽഖർ സെറ്റിലേക്ക് വന്നത്. ബാലൻ ചേട്ടാ എന്ന് വിളിച്ചുകൊണ്ട്. ആ വിളിയും അടുപ്പവും കഥാപാത്രമായി നിൽക്കാൻ കുറേ സഹായിച്ചു. സിനിമയിലെ ഒരു രംഗത്തിന്റെ ഷൂട്ടിങിലാണ് ആദ്യമായിട്ട് ദുല്‍ഖറിനെ കാണുന്നത്. ഞാ‌നാകെ കിടുങ്ങിപ്പോയി. വളരെ സിമ്പിൾ ആയി വളരെ ഫ്രീ ആയിട്ടാണ് അദ്ദേഹം ഇടപെട്ടത്. ഒരുപാട് സപ്പോർട്ടിവ് ആയിരുന്നു. സിനിമയ്ക്കകത്തും പുറത്തും.

എന്നെയും വിനായകനെയും അദ്ദേഹത്തിനൊപ്പം നിർത്തി ഒരു ഫോട്ടോയെടുത്ത് അദ്ദേഹേ ഫേസ്ബുക്കിലുണ്ട്. സത്യത്തിൽ അതിനു ശേഷമാണ് എന്റെ നാട്ടിൽ പോലും വിലയുണ്ടായത്. അതുവരെ അവർ കരുതിയത്. ഇവൻ സിനിമയിലുണ്ട് എവിടെയങ്കിലുമൊക്കെ വരുമെന്നായിരുന്നു.പിന്നെ വിനായകന് ഞാൻ സിനിമയിൽ മാത്രമല്ല, പുറത്തും ചേട്ടനായിരുന്നു. അത്രയ്ക്കടുപ്പമായിരുന്നു.

വിഷമിപ്പിച്ച് പല്ല്

balan

രണ്ട് കാലഘട്ടത്തിലെ ബാലനെ അവതരിപ്പിക്കുന്നതുകൊണ്ട് രൂപത്തിൽ വ്യത്യാസം വരുത്തേണ്ടി വരുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു മുപ്പതുകാരന്റെയും പിന്നെ കുറച്ച് പ്രായം ചെന്നയാളിന്റെയും. സിനിമയ്ക്കായി ചെല്ലുന്ന സമയത്ത് കുറച്ച് കുടവയറൊക്കെയുണ്ടായിരുന്നു. അതൊക്കെ മാറ്റി നല്ല ഫിറ്റ് ആയി. കണ്ടാൽ ഒരു അഞ്ചാറു പേരെ ഇടിച്ചിടുന്ന ലുക്ക് വേണമായിരുന്നു. പിന്നത്തേതിൽ കുറച്ച് തടിയൊക്കെയുള്ളയാളാകണം...അങ്ങനത്തെ കാര്യങ്ങൾ വേണമെന്ന് പറഞ്ഞിരുന്നു.

പക്ഷേ പല്ലിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കൽപം വിഷമം വന്നു. കാരണം നാടകത്തിലായാലും സിനിമയിലായാലും നമ്മളൊട്ടും ഗ്ലാമറില്ലാത്ത വേഷങ്ങളാണല്ലോ കിട്ടുന്നതെന്ന് വിചാരിച്ചു. പ്രാന്തനും പിച്ചക്കാരനും കള്ളനും കൊള്ളക്കാരനുമൊക്കെയാണല്ലോയെന്ന്, ഒരു ഭംഗിയുമുണ്ടാകില്ലല്ലോയെന്ന് കരുതി. പക്ഷേ പല്ല് വച്ച് കഴിഞ്ഞപ്പോൾ അതെന്റെ ശരീരത്തിന്റെ ഭാഗമാണെന്ന തോന്നൽ വന്നു തുടങ്ങി. ചിത്രീകരണത്തിനിടയിൽ ചോറു കഴിക്കാൻ നേരത്തല്ലാതെ ഇത് ഞാൻ ഊരിവയ്ക്കാറില്ലായിരുന്നു. ഇതെന്റേതെന്ന ചിന്തയായി. ഷൂട്ടിങൊക്കെ കഴിഞ്ഞപ്പോഴാണ് ദുൽഖർ അടക്കം പലർക്കും മനസിലായത് ഇത് കഥാപാത്രത്തിനായി വച്ചുപിടിപ്പിച്ചതാണെന്ന്. നമ്മുടെ നിറം ചില വേഷങ്ങളിലേക്ക് മാത്രം നമ്മെ ഒതുക്കും. പക്ഷേ അതൊരുപാട് ആഴമുള്ള വേഷങ്ങളായിരിക്കും. എന്നാലും ഇപ്പോഴതിനൊക്കെ ഒരുപാട് മാറ്റം വന്നു തുടങ്ങി. ആദ്യം നാടകത്തിലും ജൂനിയർ ആർടിസ്റ്റിന്റെ വേഷമൊക്കെയേ കിട്ടുമായിരുന്നുള്ളൂ. ഈ നിറമില്ലായിരുന്നുവെങ്കിൽ എനിക്ക് ബാലനാകാൻ കഴിയില്ലായിരുന്നല്ലോ. സിനിമയുള്ളിടത്തോളം ബാലനുണ്ടാകുമല്ലോ.

ഞാനൊരു ന്യൂജനറേഷൻ കോടമ്പാക്കത്തുകാരൻ

സിനിമ എന്റെ സ്വപ്നമൊന്നുമായിരുന്നില്ല. പക്ഷേ നാടകത്തിലെ എന്റെ ആശാൻ എഡിറ്റർ ബി.ലെനിനെ പരിചയപ്പെടുത്തുന്നതോടെയാണ് ഞാനും സിനിമയും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചു. പേസും പറൈവകൾ എന്ന സിനിമയിൽ. പക്ഷേ അത് പുറത്തിറങ്ങിയില്ല. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്ന് വലിയ പ്രചരണം കൊടുത്ത് നാട്ടിൽ നിന്ന് വണ്ടി കയറിയതുകൊണ്ട് തിരിച്ചു ചെല്ലാനും വയ്യ. ഇനി സിനിമയിലഭിനയിക്കാതെ മടക്കമില്ലെന്ന് തീരുമാനിച്ചു. കയ്യിൽ പൈസയുമില്ല. പരിചയക്കാരുമില്ലാതെ അങ്ങനെ മദ്രാസിൽ നിൽക്കാൻ തീരുമാനിച്ചു. ഒരു ഷോപ്പിങ് മാളിൽ സുഹൃത്തിനൊപ്പം ചായ വിൽപ്പനയായിരുന്നു ആദ്യം. കൂട്ടത്തിൽ സിനിമയിൽ വേഷമന്വേഷിക്കലും. സിനിമാക്കമ്പനികളിൽ ഫോട്ടോ കൊടുക്കലും എല്ലാമായിട്ടും.

അങ്ങനെയാണ് സംഗീത സ്റ്റുഡിയോയിലെ ഓഫിസ് ബോയ് ആയിട്ട് കയറുന്നത്. അവിടെ സിനിമയെ സംബന്ധിക്കുന്ന എല്ലാമുണ്ടായിരുന്നു. ഡബ്ബിങും എഡിറ്റിങും എല്ലാം. അവിടെ നിന്ന് സിനിമ പഠിച്ചു. ഒരു ദിവസം ലെനിൻ സർ അവിടെ വന്നപ്പോൾ എന്നെ കണ്ടു. ഒരെണ്ണം പാതിവഴിയിലുപേക്ഷിച്ചെങ്കിലും സിനിമ വിട്ടില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് ഭയങ്കര സന്തോഷമായി. പിന്നെ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായിട്ട് കൂട്ടി. രണ്ടു വർഷം അദ്ദേഹത്തിന്റെ വീട്ടിൽ. അതിനു ശേഷമാണ് അദ്ദേഹം തന്നെ എന്നെ സിനിമ പഠിക്കാൻ ചേർക്കുന്നത്. തീയറ്റർ ലാബ് എന്നൊരിടത്ത്. തിരുടി തിരുടിയുടെ സംവിധായകൻ സുബ്രഹ്മണ്യ ശിവയുടെ സിനിമയിലും ഇതിനിടയിൽ അഭിനയിച്ചെങ്കിലും അതും പുറത്തിറങ്ങിയില്ല. അതോടെ വാശിയായി. എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്നായി. ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് കൂട്ടുകാർക്കൊപ്പം സിനിമ ചെയ്തു. ആയ വട സുട്ട കഥൈ എന്നായിരുന്നു അതിന്റെ പേര്. ചിത്രം രണ്ടു ദിവസമേ തീയറ്ററിൽ ഓടിയുള്ളൂയെങ്കിലും എനിക്ക് സന്തോഷമായി. സിനിമയിൽ അഭിനയിക്കാനായല്ലോ. അസുരകുലം എന്നൊരു സിനിമയിലും അഭിനയിച്ചിരുന്നു. അത് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട്. ഇതിനിടയില്‍ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചുവെന്ന് പറയാം. നാട്ടിലേക്ക് വണ്ടി കയറുന്നത് അങ്ങനെയാണ്. ഇവിടെ വന്ന് എന്തെങ്കിലുമൊക്കെ പണിയെടുത്ത് പൈസയുണ്ടാക്കി തിരികെ പോകണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവിടെയെത്തിയത്.

ഇവിടെ നാടകത്തിൽ സജീവമാകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സിനിമ ജീവിതത്തിലേക്കെത്തുന്നത്. പണ്ട് കേട്ടിട്ടില്ലേ..സിനിമയിൽ അഭിനയിക്കാൻ വേഷം തേടി മദ്രാസിലേക്ക് വണ്ടി കയറി കോടമ്പാക്കത്ത് പൈപ്പ് വെള്ളം കുടിച്ച് ജീവിക്കേണ്ടി വന്ന കഥ. അത് തന്നെയാണ് എന്റെ ജീവിതവും. ഒരു ന്യൂജനറേഷൻ കോടമ്പാക്കംകാരന്‍. കമ്മട്ടിപ്പാടം എന്നെ രക്ഷിക്കാനുണ്ടായ ചിത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതില്ലായിരുന്നുവെങ്കിൽ നാടക്കക്കാരനാ‌യി അലഞ്ഞു തിരിഞ്ഞ് മരിച്ചേനെ ഞാൻ. പതിനാല് വർഷത്തെ അലച്ചിലിനൊടുവിലാണ് സിനിമ ജീവിതത്തിലേക്കെത്തുന്നത്. നല്ല വേഷങ്ങൾ ചെയ്യണമെന്നേയുള്ളൂ.

ഞങ്ങളും ഇറക്കിവിടപ്പെട്ടവർ‌

ആദ്യം അഭിനയിക്കുന്ന മലയാളം സിനിമ, അതിലെ വേഷം ശ്രദ്ധിക്കപ്പെടുക, അത് ഭയങ്കര വലിയ കാര്യമാണല്ലോ. ആദ്യ പ്രതിഫലംകൊണ്ട് വീട്ടിലെ കുറേ കടം വീട്ടി. പിന്നെ എനിക്കായി കുറേ വസ്ത്രങ്ങൾ വാങ്ങി. ഒരു വീടു വയ്ക്കണം എന്ന് ആഗ്രഹമുണ്ട്. വാടകവീട്ടിലാണ് താമസം ഇക്കാലമായിട്ടും. ഞങ്ങളും കമ്മട്ടിപ്പാടത്തുകാരെ പോലെയാണ്. ഇറക്കിവിടപ്പെട്ടവർ.

അത്ഭുതപ്പെടുത്തിയ പ്രതികരണം

എനിക്ക് കയ്യടി കിട്ടാനുള്ള രംഗങ്ങൾ സിനിമയിൽ ആവശ്യത്തിലധികമുണ്ടെന്നറിയാമായിരുന്നു. എങ്കിലും കണ്ടപ്പോൾ തന്നെ, ആ കഥാപാത്രം എന്താണന്നറിയും മുൻപേ ആളുകൾ കയ്യടിക്കുമ്പോൾ നമുക്ക് വല്ലാത്തൊരു അനുഭമല്ലേ. ആദ്യം അവരുടെ ആ കയ്യടി കേട്ടപ്പോഴേ എന്റെ കണ്ണുനിറഞ്ഞു. സിനിമ കണ്ടുകഴിഞ്ഞപ്പോൾ എന്റെ അടുത്തിരുന്ന ചേട്ടൻ കെട്ടിപ്പിടിച്ച് കരഞ്ഞു. അതൊരു വല്ലാത്ത അനുഭവമാണ്. ഇപ്പോൾ നിങ്ങളോട് സംസാരിക്കുമ്പോഴും കണ്ണുനിറഞ്ഞ് പോകുന്നു. പിന്നെ എഴുത്തുകാരന്‍ ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം എന്നിവർ വിളിച്ചിരുന്നു. പിന്നെ ബാലഭാസ്കർ വിളിച്ചിരുന്നു. അതെനിക്കൊരുപാട് സന്തോഷമായി. കാരണം അദ്ദേഹം മട്ടന്നൂർ ശങ്കരൻ കുട്ടിക്കൊപ്പം ചെയ്ത ഫ്യൂഷന്‍ കാണാൻ ഞാൻ പോയിരുന്നു. അന്ന് പരിചയപ്പെടാനായി കാത്തുനിന്നിട്ടും സാധിച്ചില്ല. അങ്ങനെയൊരാൾ എന്നെ വിളിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ലല്ലോ.

വീട്ടിൽ?

അച്ഛനും അമ്മയും മൂന്ന് ചേട്ടൻമാരും. അച്ഛൻ രാജന് സ്വർണപ്പണിയായിരുന്നു. അച്ഛൻ മരിച്ചു. അമ്മ സുന്ദരി അമ്മാൾ. മൂത്ത ചേട്ടൻ മുരുകദാസ് വിഗ്രഹങ്ങളുണ്ടാക്കും ശിൽപിയുമാണ് അദ്ദേഹം. രണ്ടാമത്തെ ചേട്ടൻ ഗണേശൻ വാദ്യോപകരണങ്ങളൊക്കെ വായിക്കും. മൂന്നാമത്തെയാള്‍ ചെന്നൈയിൽ ധനഞ്ജയൻ മാസ്റ്ററിന്റെ അസിസ്റ്റന്റ് ആണ്. വീട്ടിലെല്ലാവരും സിനിമയും എന്നെയുമൊക്കെ കണ്ട് ആകെ കിളിപോയ അവസ്ഥയിലാണ്.

ഇതിനിടയിൽ ഒരുപാട് വേഷങ്ങൾ ചെയ്തുവല്ലോ ജീവിതത്തില്‍

നാടകം തന്നെയായിരുന്നു എപ്പോഴും. ഇതിനിടയിൽ പൈസയ്ക്കായി ചില ജോലികൾ ചെയ്തു. സ്വർണപ്പണിക്കാരനായി, ഓട്ടോറിക്ഷ ഓടിച്ചു, ബസിലെ കിളിയായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ചമ്പക്കര മാർക്കറ്റിൽ മീൻ വെട്ടുകാരനായിരുന്നു.

ഇനി

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലാണ് അടുത്തത്.