ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന വാർത്ത കാട്ടു തീ പോലെയാണ് ഒാൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പരക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളെക്കുറിച്ച് ജീത്തു ജോസഫ് മനോരമ ഒാൺലൈനിനോട് പറയുന്നു.
‘ഇതൊരു ആക്ഷൻ മൂഡിലുള്ള ചിത്രമായിരിക്കും. മെമ്മറീസ് പോലൊരു മുഴുനീള ത്രില്ലർ അല്ലെങ്കിലും ത്രില്ലടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ടാകും. ജീത്തു ജോസഫ് പറഞ്ഞു.
‘സ്ക്രിപ്റ്റ് വര്‍ക്ക് നടന്നുവരുകയാണ്. കഥാപാത്രത്തെക്കുറിച്ചോ മറ്റുവിവരങ്ങളെക്കുറിച്ചോ ഒന്നും ഇപ്പോൾ വെളിപ്പെടുത്താനാകില്ല. എന്റെ അടുത്ത ചിത്രം ചിലപ്പോൾ ഇതായിരിക്കും. സ്വന്തമായി തന്റേതായ തീരുമാനങ്ങൾ ഉള്ള വ്യക്തിത്വമാണ് പ്രണവിന്റേത്. യാത്രകൾ ഇഷ്ടമാണ്, സ്വന്തമായി പുസ്തകം എഴുതാൻ ഇഷ്ടപ്പെട്ടാണ്. അതുപോലെ തന്നെയാകും അദ്ദേഹം ഇപ്പോൾ അഭിനയിക്കാനുള്ള തീരുമാനവും ഇപ്പോൾ എടുത്തിരിക്കുന്നത്.
‘മദ്രാസിൽ എന്റെയും മോഹൻലാലിന്റെയും ഒരു കുടുംബസുഹൃത്ത് ആണ് പ്രണവിന് അഭിനയത്തിലേക്ക് കടക്കാൻ താൽപര്യമുണ്ടെന്ന് പറയുന്നത്. എന്റെ കയിൽ കഥ എന്തെങ്കിലും ഉണ്ടോ എന്നു ചോദിക്കുകയും ചെയ്തു. സിനിമയുടേതായ ഒരു ത്രെഡ് മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ പ്രണവ് കഥ കേള്‍ക്കുകയും ഈ സിനിമ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.
‘ജീത്തു ജോസഫിന്റെ സഹായിയായി രണ്ടു സിനിമകളിൽ പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം മുൻനിരസംവിധായകൻ പ്രണവുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ ജീത്തുവായിട്ടുള്ള മാനസികഅടുപ്പമായിരിക്കാം അദ്ദേഹം ഈ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടാകുക’. മോഹൻലാല്‍ മനോരമ ഓൺലൈനോട് പറഞ്ഞു.
പുനർജനി എന്ന ചിത്രത്തിൽ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ ഒന്നാമൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്.
പ്രണവിന് ഇപ്പോള്‍ 26 വയസ്സുണ്ട്. ഇരുപത്തിയാറാം വയസ്സിലായിരുന്നു സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകനായ ദുൽക്കറിന്റെയും അരങ്ങേറ്റം.