വിജയ് ചിത്രമായ ഭൈരവയ്ക്കു തിയറ്ററുകൾക്കു മുന്നിൽ വൻ ജനക്കൂട്ടമെത്തിയതോടെ ദുൽക്കർ സൽമാന്റെ സത്യൻ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങൾ 19–നു റിലീസ് ചെയ്യാൻ തീരുമാനിച്ചു. എക്സിബിറ്റേഴ്സ് ഫെഡറേഷൻ അംഗങ്ങളിൽ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാകുന്നവർക്ക് സിനിമ നൽകും. എക്സിബിറ്റേഴ്സ് ഫെഡറേഷൻതീയറ്ററുകളിൽ റിലീസ് ചെയ്തില്ലെങ്കിലും കലക്‌ഷനുണ്ടാക്കാമെന്നു ഭൈരവയിലൂടെ വ്യക്തമായോതോടെയാണു സിനിമ റിലീസ് ചെയ്യാൻ വിതരണക്കാരും നിർമ്മാതാക്കളും തീരുമാനിച്ചത്.
26–ന് മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തിയറ്ററിലെത്തും. ഫുക്രി,ഇസ്ര എന്നീ ചിത്രങ്ങളുടെ റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കും. ഭൈരവ റിലീസ് ചെയ്തപ്പോൾ ഫെഡറേഷൻ അംഗങ്ങളിൽ പലരും വിലക്കു ലംഘിച്ചു പ്രദർശനം തുടങ്ങിയതോടെയാണു മറ്റു ചിത്രങ്ങളും റിലീസ് തീയതികൾ പ്രഖ്യാപിച്ചത്. ഭൈരവ പ്രദർശിപ്പിക്കാമെന്നു പറയുകയും പിന്നീട് പിന്മാറുകയും ചെയ്ത തിയറ്ററുകൾക്കെതിരെ കേസുകൊടുക്കുമെന്നു നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. വൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു കേസ്. ചിത്രം പ്രദർശിപ്പിച്ച തിയറ്ററുകളിലെ കണക്കുകൾ കോടതിക്കു നൽകും. ഇതിനിടെ വിജയ് സിനിമ നിരോധിച്ച തിയറ്ററുകളെ ബ്ളാക്ക് ലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു തമിഴ് നിർമാതാക്കൾക്കു കത്തു നൽകിയിട്ടുണ്ട്.