തന്റെ മകന്റെ വിവാഹം രജിസ്റ്റർ മാരേജിൽ ഒതുക്കിയതിനെക്കുറിച്ച് വിശദീകരണവുമായി നടൻ ലാലു അലക്സ് രംഗത്ത്. കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹം നടത്തിയത്. ആർഭാടം ഒഴിവാക്കി ലാലു അലക്സ് മാതൃകയായി എന്നു വരെ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വന്നു. എന്നാൽ മൂത്തമകൻ ബെന്നിന്റെ വിവാഹം ധൃതിയിൽ രജിസ്റ്റർ ചെയ്തതിന്റെ കാരണം ലാലു അലക്സ് മനോരമ ഒാൺലൈനോട് പങ്കുവച്ചു.
ഇന്ന് രജിസ്റ്റർ മാരേജിന്റെ മെനു ആകെ മാറിയിരിക്കുന്നു. പുതിയ നിയമ പ്രകാരം പയ്യനോ പെണ്ണോ വിവാഹം കഴിക്കുന്നതിനു മുമ്പ് അവരുടെ മാരിറ്റൽ സ്റ്റാറ്റസ് സിംഗിൾ ആണെന്ന് തെളിയിക്കണം. ഹൈക്കോടതിയിൽ നിന്നു വക്കീൽ മുഖേന താൻ സിംഗൾ ആണെന്ന് തെളിയിച്ചാലേ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ. രജിസ്ട്രാറുടെ അടുത്ത് ഇൗ രേഖയുമായി പോയാലേ ഇന്ന് വിവാഹം നടത്തുകയുള്ളൂ. വിവാഹത്തട്ടിപ്പുകൾ ഒഴിവാക്കാൻ ഇൗ നിയമം നല്ലതാണ്.
എന്റെ മകൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി ലണ്ടനിലാണ് സ്ഥിരതാമസം. അപ്പോൾ അവർക്ക് വിവാഹത്തിനു ശേഷം രാജ്യത്തിനു പുറത്തേക്കു പോകണമെങ്കിൽ വിസയുമായി ബന്ധപ്പെട്ട് വിവാഹിതരായി എന്ന രജിസ്റ്റേഡ് സർട്ടിഫിക്കറ്റ് വേണം. അതിന് പള്ളിയിൽ നിന്നോ അമ്പലത്തിൽ നിന്നോ ഉള്ള ലെറ്റർ പറ്റില്ല. അതിനുവേണ്ടിയാണ് നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തത്. എന്റെ മോൻ ആയതുകൊണ്ട് ആരൊക്കെയോ ഫോട്ടോ എടുത്തു. അത് ആരോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. പടം വൈറലായി. പലതരം കമന്റുകൾ വന്നു.

ഫെബ്രുവരി ആറിനാണ് ക്രിസ്തീയ രീതിയിലുള്ള വിവാഹം. വിവാഹ കൂദാശ പിറവത്തെ എന്റെ ഇടവകപ്പള്ളിയിൽ നടക്കും. ക്നാനായ രീതിയിലായിരുക്കും വിവാഹച്ചടങ്ങുകൾ. തികച്ചും അറേഞ്ച്ഡ് മാരേജാണ് ഇത്. മകൻ ബെൻ ദുബായിൽ എഞ്ചിനീയറാണ്, വധു മീനു ലണ്ടനിൽ നഴ്സിങ് വിദ്യാർഥിനിയാണ്. വിവാഹത്തിന് ഇരുപതു ദിവസം മുമ്പേ രജിസ്റ്റർ ചെയ്തതു കൊണ്ട് സർട്ടിഫിക്കറ്റ് നേരത്തെ കിട്ടും. വിവാഹശേഷം ലണ്ടനിൽ നല്ല ഒാഫർ കിട്ടിയാൽ അവനും ലണ്ടനിലേക്ക് പോകും.
എന്റെ മൂത്തമകനാണ് ഇത്. ഇതുകൂടാതെ ഒരു മകനും മകളും ഉണ്ട്. പിറവത്തെ എന്റെ ഇടവകപ്പള്ളിയിലായിരിക്കും വിവാഹം അവിടെ വച്ചാണ് എന്റെ അപ്പനും എന്റെ വല്ല്യപ്പനും വിവാഹിതരായത്. എന്റെ വിവാഹവും അവിടെത്തന്നെ ആയിരുന്നു. എന്റെ മകന്റെ വിവാഹവും അവിടെ വച്ച് തന്നെ നടക്കും. വിവാഹശേഷം അതിഥികൾക്കായി ഒരു ചെറിയ സൽക്കാര ചടങ്ങ് ഉണ്ടാകും.

അമ്മ എന്ന താരസംഘടനയിൽ 400 അംഗങ്ങളുണ്ട്. ഫെഫ്കയിൽ 4,000 പേരുണ്ട്. പിന്നെ പ്രൊഡ്യുസർ അസോസിയേഷൻ അംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ. ഒരു എളിയ കലാകാരനെന്ന നിലയിൽ വിദേശത്തുമൊക്കെ കുറേപ്പേരുമായി അടുപ്പമുണ്ട്. അപ്പോൾ ഇത്രയും പേരെ വിവാഹത്തിനു ക്ഷണിക്കുക എന്നുവച്ചാൽ വളരെ പ്രയാസമുള്ള കാര്യമാണ്. പലരേയും വിട്ടുപോകും. എല്ലാവരേയും ഉൾക്കൊള്ളിക്കാനുള്ള സൗകര്യം പിറവത്തില്ലാതാനും. എല്ലാവരേയും വിളിച്ച് വലിയൊരു ചടങ്ങ് നടത്താനുള്ള ശക്തിയും എനിക്കില്ല. എന്റേതായ ലെവലിൽ നിന്നുകൊണ്ട് ഒരു എളിയ കല്ല്യാണം നടത്താനുള്ള ഒാട്ടത്തിലാണ് ഞാൻ. അതുകൊണ്ട് പോരായ്മകളുണ്ടാവും.തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക എന്ന് മാത്രമേ പറയാനുള്ളൂ. ലാലു അലക്സ് മനോരമ ഒാൺലൈനോട് പറഞ്ഞു.