നടൻ കലാഭവൻ മണിയുടെ അനുസ്മരണ ചടങ്ങിൽ സംവിധായകൻ വിനയൻ പങ്കെടുക്കാതിരുന്നത് ഏറെ ചർച്ചകൾക്കു വിഷയമായിരുന്നു. കലാഭവൻ മണിക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. അദ്ദേഹമായിരുന്നു ആ അനുസ്മരണത്തിൽ ആദ്യം പങ്കെടുക്കേണ്ടിയിരുന്നത് എന്ന് ആർക്കും മനസിൽ തോന്നിപ്പോകും. എന്നാൽ ചാലക്കുടിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് സംവിധായകൻ വിനയൻ തന്നെ പറയുന്നു.
ഞാൻ സത്യത്തിൽ അറിഞ്ഞിരുന്നില്ല ചാലക്കുടിയിൽ ഇത്തരത്തിൽ ഒരു അനുസ്മരണം നടക്കുന്നുണ്ടെന്ന്. തൃപ്പൂണിത്തുറയിൽ നടന്ന മണിയുടെ അനുസ്മരണത്തിന് പോകാമെങ്കിൽ എനിക്ക് ചാലക്കുടിയിൽ പോയിക്കൂടായിരുന്നോ? ഞാൻ ഞായറാഴ്ച രാവിലെ മണിയുടെ സഞ്ചയനത്തിന് വീട്ടിൽ പോയിരുന്നു. കാനം രാജേന്ദ്രനുമുണ്ടായിരുന്നു എന്റെ കൂടെ. മണിയുടെ ഭാര്യ നിമ്മിയോടും സംസാരിച്ചിരുന്നു. വൈകുന്നേരം അനുസ്മരണത്തിൽ കണ്ട ഒറ്റത്താരങ്ങളേയും രാവിലെ വീട്ടിൽ നടന്ന ചടങ്ങിൽ കണ്ടില്ല.
എന്നെ ചടങ്ങിലേക്ക് വിളിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഞാൻ പിന്നീട് അറിഞ്ഞു. എന്നെ വിളിച്ചാൽ പരിപാടിക്ക് വരില്ലെന്ന് ഒരു പ്രമുഖതാരം പറഞ്ഞു. അതുകൊണ്ടാണ് എന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്, മരണം എല്ലാവർക്കുമുണ്ടാവുമെന്ന് ഇവരൊക്കെ ഒാർക്കുന്നത് നല്ലതാണ്. പണ്ട് മണിക്ക് പുരസ്കാരം ലഭിച്ചില്ലെന്ന് പറഞ്ഞ് ബോധം പോയതിന് അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചവരാണ് ഇന്നത്തെ സിനിമാക്കാർ. അതിനുശേഷം അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പക്ഷേ, മണിക്ക് ആരോടും പരിഭവമില്ലായിരുന്നു.
അനുസ്മരണ ചടങ്ങിനു ശേഷം ഒട്ടേറെപ്പേർ എന്നെ വിളിച്ചിരുന്നു, സിനിമയിൽ നിന്ന് അജയനും (പക്രു) മറ്റും. ഞാനെത്താത്തതിലുള്ള വിഷമം അവർ പങ്കുവച്ചു. വിനയൻ മനോരമ ഒാൺലൈനോട് പറഞ്ഞു.