ധ്രുവം, ബട്ടർഫ്ളൈസ്, കശ്മീരം, ക്രൈം ഫയൽ, ചിന്താമണി കൊലക്കേസ് – മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റുകളുടെ പിന്നിൽ പ്രവർത്തിച്ചയാളാണ് എ.കെ. സാജൻ. സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്കു വഴങ്ങുമെന്നു തെളിയിച്ച സാജന്റെ പുതിയ ചിത്രമാണു പുതിയ നിയമം.
ഭാസ്കർ ദ് റാസ്കലിന്റെ വിജയത്തിനു ശേഷം മമ്മൂട്ടിയും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാത്ത ചിത്രങ്ങളാണു സാജന്റെ മുഖമുദ്ര. പുതിയ നിയമത്തെക്കുറിച്ചു സാജൻ സംസാരിക്കുന്നു.
∙മുൻകാല ചിത്രങ്ങൾ പോലെ ആക്‌ഷനു പ്രാധാന്യം നൽകുന്ന ചിത്രമാണോ പുതിയ നിയമം ?
പുതിയ നിയമം കുടുംബ പ്രേക്ഷകരെയാണു ഫോക്കസ് ചെയ്യുന്നത്. ഫാമിലി ത്രില്ലർ എന്ന ഗണത്തിൽപ്പെടുത്താം. എല്ലാ വീടുകളിലും നടക്കുന്ന കഥയെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, ഏതെങ്കിലും കോണിൽ ഒരു ഇടത്തരം കുടുംബത്തിൽ നടന്നിട്ടുള്ള കഥയായിരിക്കുമിത്.
∙ഏറെ വർഷങ്ങൾക്കു ശേഷം സംവിധാന രംഗത്തേക്കു മടങ്ങുമ്പോൾ?
സിനിമയിൽ ഇതു മാറ്റത്തിന്റെ കാലമാണ്. സമൂഹത്തിൽ എല്ലാ മേഖലകളിലും സംഭവിക്കുന്ന മാറ്റം സിനിമയിലും സംഭവിച്ചു. എഴുപതുകളിലെ സാഹചര്യമല്ല ഇന്ന്. മാറിയ സിനിമ പഠിക്കാൻ സമയമെടുത്തു. ഡയലോഗിൽ പോലും മാറ്റമുണ്ടായി. എഴുത്തുകാരും മാറേണ്ടതുണ്ട്. മാറില്ലെന്നു വാശി പിടിക്കുന്നതിൽ അർഥമില്ല.
∙സമീപകാലത്തുണ്ടായ ചിത്രങ്ങളിൽ മമ്മൂട്ടിയെ ഏറെ സുന്ദരനായി അവതരിപ്പിക്കുന്ന സിനിമ?
മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂയിസ് പോത്തൻ മാസം 20,000 രൂപ മാത്രം വരുമാനമുള്ള വക്കീലാണ്. കുടുംബ കോടതിയിലാണു പ്രാക്ടീസ് ചെയ്യുന്നത്. തനിക്ക് ഇത്രയൊക്കെ മതി എന്നു വിചാരിക്കുന്ന ലൂയിസ് പോത്തൻ ഡിവോഴ്സിനു വരുന്നവരെ ഒരുമിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. തന്റെ ദാരിദ്ര്യത്തിലും സന്തോഷം കണ്ടെത്തുന്ന കഥാപാത്രമാണു പോത്തൻ. ഒരു ഇടത്തരം കുടുംബത്തിലെ ഗൃഹനാഥൻ എന്നു പറഞ്ഞപ്പോൾ മമ്മൂട്ടി അതനുസരിച്ചു തയാറെടുക്കുകയായിരുന്നു. വൃത്തിയുള്ള വേഷം ധരിക്കുന്നയാൾ എന്നു മാത്രമാണു മമ്മൂട്ടിയോടു പറഞ്ഞത്. മമ്മൂട്ടി തന്നെയാണു വസ്ത്രങ്ങൾ തിരഞ്ഞെടുത്തത്. ബ്രാൻഡഡ് സാധനങ്ങളൊന്നുമില്ല. മിക്ക ഷർട്ടുകളും അദ്ദേഹം ദുബായിൽ നിന്നു വാങ്ങിയതാണ്. സാധാരണ ഒരു ഫോണും കണ്ണടയും പഴയ ബുള്ളറ്റുമാണു ലൂയിസ് പോത്തനുള്ളത്. ലൂയിസ് നല്ല ഭർത്താവാണ്, അതിലുമുപരി നല്ല മനുഷ്യനാണ്.
∙നയൻതാര?
നയൻതാര മലയാളത്തിൽ വളരെക്കുറച്ചു സിനിമകളിലാണ് അഭിനയിക്കുന്നത്. വാസുകിയെന്ന കഥാപാത്രത്തെയാണു നയൻസ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും നയൻതാരയുമാണു ഭൂരിഭാഗം സീനിലുമുള്ളത്. എസ്.എൻ. സ്വാമി, രചന നാരായണൻകുട്ടി, സോഹൻ സീനുലാൽ, അജു വർഗീസ് എന്നിവരാണു മറ്റു താരങ്ങൾ.
∙റോബി രാജ് എന്ന പുതുമുഖമാണു ക്യാമറ, ജിഗർതണ്ടയിലൂടെ ദേശീയ പുരസ്കാരം നേടിയ വിവേക് ഹർഷന്റെ എഡിറ്റിങ്ങും?
രാജീവ് മേനോനു കീഴിൽ ക്യാമറ പഠിച്ച റോബി രാജ്, ജോമോൻ ടി. ജോണിനൊപ്പം പ്രവർത്തിക്കുകയായിരുന്നു. പുതിയ ആൾക്കാരെ പ്രോൽസാഹിപ്പിക്കണമെന്ന ചിന്തയാണ് എന്നുമുള്ളത്. വിവേക് ഹർഷൻ ഒരേ സമയം ആറു സിനിമ ചെയ്തു കൊണ്ടിരിക്കയാണ്. വിവേക് ഈ ചിത്രം ചെയ്യണമെന്നു നിർബന്ധമുണ്ടായിരുന്നതിനാൽ ചെന്നൈയിൽ വിവേകിന്റെ ഫ്ലാറ്റിലിരുന്നായിരുന്നു എഡിറ്റിങ് പൂർത്തിയാക്കിയത്.
∙സുരേഷ് ഗോപിയോടൊപ്പം ഒട്ടേറെ ഹിറ്റുകളുണ്ടല്ലോ. വീണ്ടും ഒരുമിക്കുമോ?
കാലത്തിനൊത്ത മാറ്റം സുരേഷ് ഗോപി അവതരിപ്പിക്കുന്ന വേഷത്തിനുണ്ടാകണം. അത്തരമൊരു കഥ തയാറായാൽ തീർച്ചയായും ഞങ്ങൾ ഒരുമിക്കുന്ന സിനിമയുണ്ടാകും.
∙ആക്‌ഷൻ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പമാണു പുതിയ നിയമവും മൽസരിക്കാനെത്തുന്നത്?
അത്തരം ടെൻഷനൊന്നുമില്ല. ചെറുപ്പക്കാരെ പേടിക്കേണ്ട കാര്യമില്ല. ഞാനും മനസ്സു കൊണ്ടു ചെറുപ്പമാണ്. അവരുടെ കൂടെ സഞ്ചരിക്കുന്ന ഒരാളാണ്.