മാസങ്ങൾക്കുമുൻപ്, എബിയുടെ സംവിധായകൻ ശ്രീകാന്ത് മുരളി, മറീനയെ വിളിച്ചു ചോദിച്ചു: നമുക്ക് അവനെ പറപ്പിച്ചാലോ? പുതിയ സിനിമയിൽ നായകനെ അടിച്ചൊതുക്കുന്ന കാര്യമാണെന്ന് ഓർത്ത് മറീന മൈക്കിൾ കുരിശിങ്കൽ കണ്ണുമടച്ചു പറഞ്ഞു... യെസ്!! ശ്രീകാന്ത് മുരളി, വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ചിത്രമായ എബിയിൽ നായകന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന് എല്ലാ പിന്തുണയും നൽകുന്ന നായിക അനുമോൾ വർഗീസിനെ അവതരിപ്പിക്കുന്നത് മറീന മൈക്കിൾ കുരിശിങ്കലെന്ന മോഡലാണ്.
വിനീതില്ല, എബി മാത്രം
എബിയുടെ ഷൂട്ടിങ് എല്ലാം കഴിഞ്ഞ്, കുറച്ചു ദിവസത്തിനുശേഷം ഒരു പൊതുപരിപാടിയിൽ വച്ചു വിനീതിനെ കണ്ടപ്പോൾ മറീന ചെറിയ കുട്ടിയെപ്പോലെ ഓടിച്ചെന്നു ചോദിച്ചു, ചേട്ടാ ഞാൻ കൂടെ നിന്നൊരു സെൽഫി എടുത്തോട്ടേ എന്ന്. വിനീത് ഒന്നു നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. ഇത്രയും ദിവസം കൂടെ അഭിനയിച്ച നായിക, ആദ്യം കാണുന്നയാളെപ്പോലെ ചോദിക്കുന്നു, ഒരു സെൽഫി എടുക്കട്ടെയെന്ന്.
മറീന അങ്ങനെ ചോദിച്ചതിലും കാര്യമുണ്ട്. ഷൂട്ടിങ് ദിവസങ്ങളിലൊന്നും അവിടെ വിനീത് ഇല്ലായിരുന്നു. എബി മാത്രം. എബിയാകാൻ നല്ല തയാറെടുപ്പുകൾ വേണ്ടതുകൊണ്ട് സെറ്റിൽ വിനീത് എബിയായിത്തന്നെ ജീവിച്ചു.
സീറോ മേക് അപ് ഗേൾ
സിനിമ തുടങ്ങുന്നതിനു ദിവസങ്ങൾക്കുമുൻപു തന്നെ സംവിധായകൻ മറീനയോടു പറഞ്ഞിരുന്നു ഇനി ത്രെഡ് പോലും ചെയ്യരുതെന്ന്. മേക് അപ് ഇല്ലാതെയാണു മറീന എബിയിലെ നായികയായത്.
വരൂ... പോകാം... പറക്കാം.
വിമാനം പറത്തണമെന്ന സ്വപ്നം മാത്രമേ നായകൻ എബിക്കുള്ളൂ. പക്ഷേ, കാര്യങ്ങളെ പ്രായോഗിക ബുദ്ധിയോടെ കാണുന്ന പക്വതയുള്ള നായികയാണ് അനുമോൾ വർഗീസ്. എബിയുടെ സ്കൂൾ കാലം മുതൽ ഓരോഘട്ടത്തിലും അനുമോൾ കൂടെയുണ്ട്. എബിയുടെ സ്വപ്നം സഫലീകരിക്കാൻ സാങ്കേതികമായി സഹായിക്കുന്നതും മറീനയുടെ കഥാപാത്രമാണ്.
എന്നും എപ്പോഴും കൂടെ
എബിയുടെ ജീവിതത്തിലെ നാലുഘട്ടങ്ങളിലൂടെ സിനിമ കഥ പറയുന്നുണ്ട്. ഇതിൽ ചെറിയ സ്കൂൾ കുട്ടി ഒഴികെ മൂന്നുഘട്ടത്തിലും നായികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു മറീന തന്നെയാണ്.
നാലാമത്തെ മലയാള ചിത്രം
മറീനയുടെ നാലാമത്തെ മലയാളചിത്രമാണ് എബി. അമർ അക്ബർ അന്തോണി , ഹാപ്പി വെഡ്ഡിങ് എന്നീ സിനിമകളിൽ അഭിനയിച്ചെങ്കിലും നായികയാകുന്നത് മുംബൈ ടാക്സിയിലാണ്. ഹാപ്പി വെഡ്ഡിങ് സംവിധായകൻ ഒമറിന്റെ ചങ്ക്സ് ആണ് അടുത്ത സിനിമ.