ഈ സിക്സ്പായ്ക്ക് ഒക്കെ ഇപ്പഴത്തെ പിള്ളാര് ഇറക്കും മുന്നേ നമ്മളീ സീന്‍ വിട്ടതാ ഭായ്... ജിമ്മിൽ പോയി കഷ്ടപ്പെട്ട് മസിലും ഉരുട്ടി വരുന്ന പയ്യൻസിന്റെയൊക്കെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ മലയാളക്കരയിൽ യോഗ്യനായ ഒരാളെ കാണു. നമ്മുടെ സ്വന്തം ‘അർണോൾഡ് ഷ്വാർസ്നെഗറായ’ അബു സലിം. സിക്സ് പായ്ക്കിന്റെ തമ്പുരാക്കൻമാർക്കൊരു തമ്പുരാനുണ്ടെങ്കിൽ അത് അബു സലിമാണ്. മസിലിന്റെ ആറാം തമ്പുരാൻ.
ഇപ്പോഴിതാ മലയാളത്തിന്‍റെ ആറാം തമ്പുരാനായ മോഹന്‍ലാലിനൊപ്പം ലോഹത്തില്‍ അഭിനയിക്കുകയാണ്. അമീര്‍ അമാനുള്ള എന്ന നോര്‍ത്ത് ഇന്ത്യയ്ക്കാരനായാണ് ചിത്രത്തില്‍ അബു സലീം എത്തുന്നത്...ലോഹത്തിന്‍റെ വിശേഷങ്ങളുമായി അബു സലിം മനോരമ ഓണ്‍ലൈനില്‍...
രഞ്ജിത്തേട്ടനാണ് ലോഹം സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ‘ അബു നീ കുറച്ച് താടി വളര്‍ത്തണം. തല ക്ലീന്‍ ഷേവ് ചെയ്യണം എന്നു പറഞ്ഞു.’ അപ്പോഴെ എന്‍റെ മനസ്സില്‍ തോന്നിയിരുന്നു എന്തെങ്കിലും പ്രത്യേകതയുള്ള വേഷമായിരിക്കുമെന്ന്. ഹോളിവുഡിലെ റോക്ക് (ഡ്വെയ്‍ന്‍ ജോണ്‍സണ്‍) എന്ന നടനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പ് ആണ് ചിത്രത്തില്‍ എനിക്ക്. അതുപോലെ തന്നെ ഒരു പവര്‍ഫുള്‍ മാന്‍ ആയാണ് ഞാന്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രജാപതിക്കു ശേഷം രഞ്ജിത്തേട്ടന്‍ എനിക്കു നല്‍കിയ മറ്റൊരു മികച്ച വേഷമായിരിക്കും ലോഹത്തിലേത്. മമ്മൂട്ടിയുടെ വലംകൈയായ കാട്ടിയെ പോലെ തന്നെയായിരിക്കും ലാലേട്ടനൊപ്പം ലോഹത്തിലെ അമാനും. പൂര്‍ണായും പൊസിറ്റീവായ കഥാപാത്രം.
എന്താണ് ലോഹം?
രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായിരിക്കും ലോഹം. ലാലേട്ടന്‍റെ മികച്ച ആക്ഷന്‍ രംഗങ്ങള്‍ തന്നെയാകും പ്രധാനപ്രത്യേകത. സിനിമയ്ക്കായി ശരീരം ഒരുപാട് മാറ്റിമറിച്ചു അദ്ദേഹം. ദിവസവും രാവിലെ ഞാനും ലാലേട്ടനും പതിവായി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമായിരുന്നു. ലോഹത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഡെഡിക്കേഷന്‍ മറ്റൊരു നടനും സാധിക്കുകയില്ല. തമിഴിലെ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും.
ഈ പ്രായത്തിലും മസിലൊക്കെ ഇങ്ങനെ എങ്ങനെ!
ശരീര സംരക്ഷണം ജീവിതത്തിന്‍റെ ഒരുഭാഗമായി കൊണ്ടു നടക്കുന്ന ആളാണ് ഞാന്‍. രണ്ടു തവണ മിസ്റ്റര്‍ ഇന്ത്യ ആയിട്ടുണ്ട്. 1982ൽ മിസ്റ്റർ കേരള, 1983ൽ മിസ്റ്റർ സൗത്ത് ഇന്ത്യ, 1984ൽ മിസ്റ്റർ ഇന്ത്യ. 1986ലും 1987ലും മിസ്റ്റർ സൗത്ത് ഇന്ത്യയായ ശേഷം 1992 ൽ വീണ്ടും മിസ്റ്റർ ഇന്ത്യയായി. എത്ര തിരക്കുണ്ടെങ്കിലും ശരീര വ്യായാമം നിര്‍ബന്ധമാണ്. ഇന്നത്തെ യുവാക്കളോട് പറയാനുള്ളതും അതുതന്നെയാണ്.
സാക്ഷാല്‍ അര്‍ണോള്‍ഡ്
ജീവിതത്തില്‍ എന്‍റെ റോള്‍മോഡല്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍. കുട്ടിക്കാലം മുതലേ അദ്ദേഹത്തെ മനസ്സില്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ബോഡി ബില്‍ഡിങില്‍ കന്പം തുടങ്ങുന്നതും അദ്ദേഹത്തിന്‍റെ സിനിമകള്‍ കണ്ടാണ്.
എന്‍റെ സുഹൃത്ത് കൂടിയായ നടന്‍ വിക്രമാണ് അര്‍ണോള്‍ഡ് ഇന്ത്യയില്‍ വരുന്നുണ്ടെന്ന കാര്യം അറിയിക്കുന്നത്. നമ്മള്‍ ഏറ്റവുമധികം ആരാധിക്കുന്ന ഒരു മനുഷ്യനെ നേരിട്ട് കാണാന്‍ കിട്ടിയ അവസരമല്ലേ, അപ്പോള്‍ തന്നെ ഞാന്‍ െചന്നൈിയിലേക്ക് തിരിച്ചു.
ഒരുപാട് ആഗ്രഹത്തോടെ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ ചെന്നെങ്കിലും അവിടെയുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നെ കാണാന്‍ അനുവദിച്ചില്ല. പിന്നീട് കേരളത്തിലെ എന്‍റെ സുഹൃത്തായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചാണ് അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടാക്കിയത്.
എന്നെ കണ്ടപ്പോള്‍ തന്നെ ഇങ്ങോട്ട് നമസ്കാരം പറഞ്ഞു എന്നതാണ് ആ വലിയ മനുഷ്യന്‍റെ പ്രത്യേകത. പിന്നീട് ഞാന്‍ സ്വയം പരിചയപ്പെടുത്തി. ഉടന്‍ അദ്ദേഹം തോളത്ത് തട്ടി അഭിനന്ദിച്ചു. ജീവിതത്തില്‍ എന്‍റെ സ്വപ്നം അങ്ങനെ പൂര്‍ത്തിയായി. ആ നിമിഷം ഒരിക്കലും മറക്കാനാകില്ല.
വിക്രം എന്ന സുഹൃത്ത്
വിക്രം സിനിമയില്‍ വന്നപ്പോള്‍ മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇന്ദ്രപ്രസ്ഥം, സ്ര്ടീറ്റ്, റെഡ് ഇന്ത്യന്‍സ് അങ്ങനെ ഒരുപാട് ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞങ്ങളുടെ സുഹൃദ്ബന്ധം നന്നായി തന്നെ മുന്നോട്ട് പോകുന്നു. വര്‍ഷത്തില്‍ ഒരുതവണ എന്‍റെ വീട്ടില്‍ വന്ന് താമസിക്കും. ഞങ്ങള്‍ കുടുംബസുഹൃത്തുക്കളാണ്.
പുതിയ ചിത്രങ്ങള്‍
അമര്‍ അക്ബര്‍ അന്തോണിയില്‍ ജയസൂര്യയുടെ അച്ഛനായാണ് ഞാന്‍ എത്തുന്നത്. സ്റ്റാലിന്‍ മമ്മാലി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഒരു സഖാവും ബോഡി ബില്‍ഡറുമൊക്കെയാണ്. കോമഡി നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിലേത്.
വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്പെക്ടർ പദവിയിൽ പോലീസിൽ നിന്നു 2012ല്‍ വിരമിച്ചു. ഭാര്യ ഉമ്മക്കുലുസു. രണ്ട് മക്കള്‍.