Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിന്റെ പ്രതികാരം, പലവട്ടം മാറ്റിയെഴുതിയ തിരക്കഥ: ശ്യാം പുഷ്കരൻ

syam-pushkaran ശ്യാം പുഷ്കരൻ

കഥയും കഥാപാത്രങ്ങളും അത് സഞ്ചരിക്കുന്ന വഴിയും കണ്ടിരിക്കുന്ന പ്രേക്ഷകന് ഒട്ടും അകലയല്ലാതെയാകുന്ന സാഹചര്യം. മലയാളം ഇത്തരം ചിത്രങ്ങളുമായി ചങ്ങാത്തം കൂടിയിട്ട് ഏറെക്കാലമായി. സ്വാഭാവികതയുടെ ആസ്വാദന ശക്തിയെ കടമെടുത്ത് തിരക്കഥ തയ്യാറാക്കുന്ന എഴുത്തുകാരിൽ ശ്യാം പുഷ്കരനെന്ന പേര് കുറേ കൂടി തെളിഞ്ഞു നിൽക്കുന്നു. കഥയ്ക്ക് അസാമാന്യമായ ആഴമില്ലെങ്കിലും പിഴക്കാതെ തിരക്കഥയെഴുതുന്ന ശൈലി. മഹേഷിന്റെ പ്രതികാരം ശ്യാം പുഷ്കരന്റെ രചനാ ശൈലിയുടെ ഏറ്റവും ശക്തമായ ഭാഷ്യമാണെന്നതിൽ തർക്കമില്ല. ശ്യാം സംസാരിക്കുന്നു, പഴുതുകളടച്ച തിരക്കഥാ രചനയെ പറ്റി.

പഴുതുകളടച്ചൊരു തിരക്കഥ മുന്നൊരുക്കം എത്രത്തോളമാണ്?

മുന്നൊരുക്കം എന്നു പറയുന്നത്, ഞാൻ കഥകൾ ആലോചിക്കുന്നതു തന്നെ സിനിമയ്ക്കു വേണ്ടിയാണ്. തിരക്കഥ രൂപത്തിലാണ് ഓരോന്നും ചിന്തിക്കുന്നത് പോലും. കാരണം വേറൊരു മാധ്യമത്തെ പറ്റി എനിക്ക് വലിയ ധാരണയില്ല. നന്നായി അറിയാവുന്നത് സിനിമയെ കുറിച്ചാണ്. വായിക്കാറില്ലെന്നല്ല ഈ പറഞ്ഞതിന്റെ അർഥം. നോവലും കഥയും ഒക്കെ ഇഷ്ടമാണ്. പക്ഷേ കഥയായി രൂപപ്പെടുന്നത് തിരക്കഥയാണെന്നും മാത്രം. അതുമാത്രമേ മുന്നൊരുക്കമുള്ളൂ. രണ്ടര വർഷം മുൻപാണ് ഈ തിരക്കഥ രൂപപ്പെട്ടത്. ഈ വര്‍ഷങ്ങൾക്കിടയിൽ ഞാൻ വേറെ രണ്ടു മൂന്ന് ചിത്രം ചെയ്തു.

syam-script

ഇതൊരു സംഭവകഥ

എന്റെ നാട് ആലപ്പുഴ ജില്ലയിലെ തുറവൂരാണ്. എന്റെ അച്ഛന്റ സുഹൃത്താണ് തമ്പാൻ പുരുഷൻ. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചാണ് സിനിമ തുടങ്ങുന്നത്. തമ്പാൻ പുരുഷനെന്ന മനുഷ്യന്റെ ജീവിതത്തിൽ നടന്ന കഥയാണ് മഹേഷിന്റ ജീവിതത്തിൽ കൂടി കാണിക്കുന്നത്. കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ്. ഞാനും ഒരു ഗ്രാമീണനാണ്. ഗ്രാമത്തിന്റെ ജീവിത രീതിയെ, അവിടത്തെ ആളുകളെ കുറിച്ച് വ്യക്തമായൊരു ബോധ്യം ഉണ്ടായിരുന്നു. നമ്മൾ കണ്ടുവളർന്നതല്ലേ. അതുകൊണ്ടു തന്നെ എഴുതാൻ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു. ഈ തിരക്കഥ എഴുതാൻ ഞാൻ വലിയ ഗവേഷണം ഒന്നും നടത്തിയില്ല. പക്ഷേ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെ നന്നായി നിരീക്ഷിച്ച് എഴുതി. അത്രമാത്രം. ഗവേഷണം എന്നതിനേക്കാൾ നിരീക്ഷിച്ച് എഴുതിയ തിരക്കഥ. ഇടുക്കിയിൽ കുറച്ചു ദിവസം താമസിച്ചാണ് തിരക്കഥ പൂർത്തിയാക്കിയത്. എനിക്ക് പരിചയമുള്ള ആൾക്കാർ, അറിയാവുന്ന കഥ, അവരെങ്ങനെ പെരുമാറും. ബേബിച്ചായനും ക്രിസ്പിനും മഹേഷുമെല്ലാം നമുക്കറിയാവുന്നവരാണ്.

aashiq-syam

തുറവൂരിൽ നടന്ന കഥ ഇടുക്കിയിലേക്ക് മാറ്റി

ഇടുക്കി എനിക്ക് പരിചയമുള്ളൊരിടമാണ്. എന്റെ നാട്ടിൽ തന്നെ നടന്ന കഥയെ അങ്ങോട്ടേക്കു മാറ്റിയെന്നു മാത്രം. മനുഷ്യന്റെ കഥയാണല്ലോ. മനുഷ്യന്റെ കഥ എല്ലായിടത്തും വലിയ വ്യത്യാസം വരുന്നില്ലല്ലോ. ആളുകൾക്ക് വലിയ വ്യത്യാസം വരുന്നില്ലല്ലോ. ഇടുക്കി ഗോൾഡിന്റെ ഷൂട്ടിങിന് അറുപത് ദിവസത്തോളം താമസിച്ചിട്ടുണ്ട്. അവിടത്തെ ആളുകളെയും നാടിന്റെ രീതികളെ കുറിച്ചുമെല്ലാം നന്നായിട്ടറിയാം. ആളുകൾ പെരുമാറുന്ന രീതി. ഇടുക്കിക്കാർ വളരെ സ്നേഹമുള്ളവരും നല്ല ആൾക്കാരുമാണ്. പിന്നെ ഇതിനെല്ലാത്തിനുമുപരി, കാഴ്ചകളിലൂടെ കഥ പറയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇടുക്കിയിലേക്ക് കഥ മാറ്റിയത്. അത്രേയുള്ളൂ. അത്തരത്തിലൊരു ആഗ്രഹമുണ്ടായിരുന്നു.

എല്ലാത്തിനും പിന്നിൽ അധ്വാനങ്ങളുണ്ട്. ആ അധ്വാനത്തെ കുറിച്ചൊന്നും പുറത്തറിയാക്കാതെ എഴുതി തീർക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മളെത്രത്തോളം കഷ്ടപ്പെട്ടാണ് തിരക്കഥയെഴുതിയതെന്ന് ആൾക്കാർക്ക് തോന്നരുത്. വളരെ ലളിതമായി അവർക്കത് കണ്ടു തീർക്കുവാൻ കഴിയണം. അത്രയേ ചിന്തിച്ചുള്ളൂ. തിരക്കഥ വലിയ സംഭവമാണെന്ന് പറഞ്ഞ് നടക്കണമെന്ന് എനിക്കാഗ്രഹമില്ല. ഇത് വളരെ ലളിതമായി എഴുതി തീർത്ത ഒരു തിരക്കഥയാണ്. തിരക്കഥ രണ്ടാമതേ വരുന്നുള്ളൂ. തിരക്കഥാകൃത്തിനേക്കാൾ പ്രാധാന്യം സംവിധായകനാണ്. ആ തിരക്കഥ എത്ര നന്നായാലും ആ ഔട്ട്പുട്ട് വരേണ്ടത് സിനിമയേണ്ടത്.

വൈകാരിക രംഗത്തിൽ ഹ്യൂമർ

ഭയങ്കര ഗൗരവമായ സന്ദർഭങ്ങൾ പലപ്പോഴും ജീവിതത്തിൽ തമാശക്ക് വഴിമാറുന്നത് കണ്ടിട്ടുണ്ട്. ആ ഒരു രീതി എനിക്കൊരുപാടിഷ്ടമാണ്. നമ്മൾടെ നാട്ടുമ്പുറത്തൊക്കെ അത്തരമൊരു സന്ദർഭം കണ്ടിട്ടില്ലേ. ഭയങ്കര വഴക്കു നടക്കുമെന്ന് ചിന്തിക്കുന്ന സ്ഥലങ്ങൾ വൻ കോമഡിയായി പോകുക, വലിയ ഗുണ്ടയാണെന്ന് ചിന്തിക്കുന്നൊരാൾ വീമ്പു പറയുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുക, ഇതൊക്കെ നാട്ടുമ്പുറങ്ങളിൽ സംഭവിക്കുന്ന കാര്യമാണ്. . അതാണ് ഇവിടെയും ചെയ്തത്. നമ്മൾ മലയാളികൾക്ക് ഹ്യൂമർസെൻസ് കൂടുതലാണല്ലോ. നമ്മൾ തമാശ തിരഞ്ഞ് കണ്ടുപിടിക്കാറുണ്ടല്ലോ.

fahad-anusree

പിന്നെ വൈകാരിക രംഗത്ത് ഹ്യൂമര്‍ പരീക്ഷാനുള്ള ധൈര്യമെങ്ങനെ കിട്ടിയെന്നു ചോദിച്ചാൽ പ്രേക്ഷകരെ ഒരുപാട് പേടിച്ച് നമുക്ക് തിരക്കഥയെഴുതി തീർക്കാനാകില്ലല്ലോ. അവർക്കിഷ്ടപ്പെടുമോ അംഗീകരിക്കുമോ എന്നൊന്നും എപ്പോഴും എല്ലായിടത്തും ചിന്തിക്കാനാകില്ലല്ലോ. നമുക്കിഷ്ടമുള്ള കാര്യങ്ങൾ കൂടി ചേർക്കേണ്ടതായി വരും. പ്രേക്ഷകന്റെ ഇഷ്ടങ്ങളെ കുറിച്ചൊരുപാട് ചിന്തിച്ചാൽ പിന്നീടൊരിക്കലും നമുക്കൊരു പരീക്ഷണം ചിത്രത്തിൽ കൊണ്ടുവരാനാകില്ല. സർപ്രൈസ് ഉണ്ടാകുക, അവിചാരിതമായി തമാശകളുണ്ടാകുക. അത്തരം സിനിമകൾ മലയാളികൾക്ക് ഇഷ്ടമാണ്. ഇവിടെ വൈകാരിക രംഗങ്ങളിൽ തമാശ കൊണ്ടുവന്നത് വലിയ പരീക്ഷണമല്ല. അത് മലയാളികൾക്ക് ഇഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

സ്വാഭാവിക നർമ്മങ്ങളെ ആൾക്കാർ ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. കോമഡി ഒരിടത്തും കുത്തിക്കയറ്റിയിട്ടില്ല. നമ്മൾ പണ്ടുമുതല്‍ക്കേ ഇഷ്ടപ്പെടുന്ന സിനിമകൾ അത്തരത്തിലുള്ളതാണല്ലോ. കോമഡി മാത്രമല്ല, ഒരുകാര്യവും മുഴച്ചുനില്‍ക്കാനിടയാക്കരുതെന്ന് ചിന്തയോടു കൂടിയാണ് ഇത് എഴുതി തീർത്തത്. അങ്ങനെയാണ്

ഗ്രാമത്തില്‍ ജീവിച്ചതിന്റെ ഗുണം

പത്തിരുപത് വയസുവരെ ഗ്രാമത്തിൽ ജീവിച്ചൊരാളാണ്. ബേബിച്ചായൻമാർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ടല്ലോ, ജാതിയോ മതമോ ഒന്നും ഒരു വിഷയമാക്കാതെ മറ്റുള്ളവരെ വീട് സ്വന്തം വീടായി കാണുന്നവർ. സ്വന്തം വീട്ടിൽ ചെയ്യാൻ മടിക്കുന്ന ജോലികൾ അവരുടെ വീട്ടിൽ ചെയ്യാൻ തയ്യാറായിട്ടുള്ളർ. ഒരുപക്ഷേ ഗ്രാമത്തിൽ ജീവിച്ചതുകൊണ്ട് ആകാം. പിന്നെ വ്യക്തിപരമായ എന്റെ സ്വകാര്യമായതും രാഷ്ട്രീയമായതുമായ നിലപാടുകളൊന്നും സിനിമയിൽ പ്രതിഫലിക്കുന്നില്ല. സമൂഹത്തിലെന്തുണ്ട് അതാണ് ചിത്രത്തിൽ പ്രതിഫലിക്കുന്നത്. പരമാവധി ഞാൻ വേറൊരാളായി നിന്നു തന്നെയാണ് സിനിമയെഴുതുന്നത്.

soubin-fahad

കുമ്മട്ടിക്കാ ജ്യൂസും, ലൂണാര്‍ ചെരുപ്പും‌

ഏറ്റവും സന്തോഷം വരുമ്പോൾ അറിയാതെ നമ്മൾ മൂളിപ്പോകാറില്ലേ പാട്ടുകൾ. ഇവിടെ ക്രിസ്പിൻ എന്ന ആൾ ക്രിസ്പ് ആയിട്ടുള്ള ആളാണ്. ആ സ്വഭാവവും പേരും തമ്മിൽ നല്ല സാമ്യമുണ്ട്. ക്രിസ്പിൻ മൂളുന്ന കുമ്മട്ടിക്കാ ജ്യൂസെന്ന ആ പാട്ട് തിരക്കഥയിൽ സൃഷ്ടിച്ചതൊന്നുമല്ല. എറണാകുളത്തും പരിസര പ്രദേശത്തും സാധാരണയായി ആള്‍ക്കാര്‍ ചൊല്ലുന്ന ഒന്നാണ്. ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോഴേ ഇങ്ങനൊക്കെ പാടിനടക്കുമായിരുന്നു. പിന്നെ ക്രിസ്പിനെന്ന പേര് എന്റെ സുഹൃത്തിൽ നിന്ന് കിട്ടിയതാണ്. അവൻ ഒരു ഫ്രീലാൻസ് ജേണലിസ്റ്റ് ആണ്. കവിയാണ്.

പിന്നെ ലൂണാർ ചെരുപ്പ് നമ്മുടെ നാട്ടുമ്പുറങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന ഒന്നാണല്ലോ. എല്ലാം നാട്ടുമ്പുറങ്ങളിൽ നിന്ന് ലൂണാർ കണക്ഷൻ വരുന്നത്. പിന്നെ ബേബിച്ചായൻമാർ നമുക്കു ചുറ്റും ഒരുപാടുണ്ട്. അച്ഛന്റെയും മകന്റെയും ഫ്രണ്ടായിട്ടുള്ള ഒരാൾ പലയിടത്തും കാണാനാകും.പിന്നെ ക്രിക്കറ്റ് കാണുന്ന സമയത്തൊക്കെ നമ്മുടെ വീട്ടിലൊക്കെയാണെങ്കിലും പല വിശ്വാസങ്ങളില്ലേ. ഇരിക്കുന്നിടത്ത് നിന്നെഴുന്നേറ്റാൽ സച്ചിന്റെ വിക്കറ്റ് പോകുമെന്നൊക്കെയുള്ളത്. അതേ ഇവിടെ പ്രയോഗിച്ചുള്ളൂ. ഇതൊക്കെ വലിയ സംഭവമാക്കേണ്ടതില്ല.

ജീവിതാനുഭങ്ങൾ അല്ല അതൊന്നും. എനിക്ക് അത്രേം അനുഭവങ്ങൾ വരാനുള്ള പ്രായമായിട്ടില്ല. നമ്മൾ സിനിമകൾ ഒരുപാട് കാണുന്നുണ്ടല്ലോ. ഇന്ത്യയിലും കേരളത്തിലും നല്ല സിനിമകൾ ഒരുപാട് കാണുന്നുണ്ട്. ഇതൊക്കെ പുതിയ തലമുറയിലുള്ളവരും പഴയ തലമുറയിലുള്ളവരുമൊക്കെ പരീക്ഷിച്ചിട്ടുള്ള കാര്യങ്ങളാണ്. ഇതിലൊന്നും വലിയ പുതുമയില്ല. നമ്മൾ കാണുന്ന ചിത്രങ്ങൾ, നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്നിവയിൽ നിന്നെല്ലാം നമ്മൾ നമ്മളുടേതായ തീരുമാനത്തിലെത്തുന്നു. തിരക്കഥയിലെത്തുന്നു. അത്രമാത്രം. സ്വന്തം ചുറ്റുപാടുകളിലേക്ക് നോക്കുന്നു നിരീക്ഷിക്കുന്നു വലിയ പകിട്ടുകളില്ലാതെ എഴുതി തീർക്കുന്നു. അത്രമാത്രമേ ചെയ്തിട്ടുള്ളു.

alancier

പിന്നെ സിനിമയാകുമ്പോൾ കലാപരമായി ചിന്തിക്കും. സിനിമയ്ക്കു വേണ്ടി പഠനം നടത്തും തയ്യാറെടുപ്പുകൾ നടത്തും. അത്രേയുള്ളൂ. സിനിമയെ കുറിച്ചുള്ള പഠനങ്ങളൊക്കെ നമ്മളുടെ നാട്ടുമ്പുറങ്ങളിലേക്ക് തന്നെയാണ് കൊണ്ടെത്തിക്കുന്നത്. ചുറ്റുപാടുകളിലേക്കു നോക്കാൻ തന്നെയാണ് പറയുന്നത്. എന്നിട്ട് മനസുതുറന്നെഴുതുക എന്നാണ് പറയുന്നത്. സിനിമയെ കുറിച്ചുള്ള റഫറൻസും ഫിലിം ഫെസ്റ്റിവലുകളുമെല്ലാം പറയുന്നതും ഇതുതന്നെ. ചുറ്റും കണ്ണോടിക്കുക. ഏറ്റവും ശക്തമായ രീതിയിൽ അതെഴുതുക. അതായത് എത്ര ലോക്കലാകുന്നുവോ അത്രയും ഇൻറർനാഷണലാകും അത്രയേ ഉള്ളൂ.

aashiq-team

ഹിമാലയത്തിൽ നിന്ന് പ്രതികാരത്തിലേക്ക്

സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത് ഓരോ സ്ഥലങ്ങളിൽ പോയി നമുക്ക് കുറേ നാൾ താമസിക്കാനാകും എന്നുള്ളതാണ്. ആ നാടിന്റെ ചിത്രം നമ്മുടെ മനസിൽ അപ്പോഴേക്കും പതിഞ്ഞിരിക്കും. ഇടുക്കി ഗോൾഡ് ചെയ്യാനായി ഇടുക്കിയിലേക്കുള്ള വരവ് ഹിമാലയത്തിൽ നിന്നാണ്. റാണീ പത്മിനിയുടെ ഷൂട്ടിങിനാണ് ഹിമാലയത്തിലേക്കു പോയത്.

മോഹന്‍ലാൽ–മമ്മൂട്ടി തമാശ

ഇതൊന്നും കുത്തിയിരുന്ന് ആലോചിച്ച് മനപൂർവ്വം എഴുതി ചേർത്തതല്ല. ദൃശ്യങ്ങളുടെ കൂടെ വന്ന ഒരു നിരീക്ഷണമാണ് അതും. ആൾക്കാർ പറയുന്നത് കേട്ടിട്ടാണ് എഴുതിയത്. എന്‍റെ നാട്ടിലെ ഒരു ബാർബർ ഷോപ്പ് ഉടമ വലിയ കാര്യമായിട്ട് പറയുന്നത് കേട്ടിട്ട് എഴുതിയതാണ്. ക്രിസ്പിൻ ഇതുപോലുള്ള ആളാണ്. ചെറിയ ചിന്തകളിലൂടെ ജീവിക്കുന്നൊരാൾ. ക്രിസ്പിൻറെ വിവരക്കേട് എത്രത്തോളമാണെന്ന് പറയാൻ വേണ്ടി ചെയ്തുവെന്നേയുള്ളൂ. ക്രിസ്പിനാണ് വിവരംകെട്ടതെന്ന് നാട്ടുകാർക്കറിയാം.

aashiq-dileesh

കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത ശേഷം തിരക്കഥ മാറ്റി

തിരക്കഥയുടെ ആദ്യ ചിത്രം രൂപപ്പെട്ടതിനു ശേഷമാണ് കാസ്റ്റിങ് ഒക്കെ തീരുമാനിച്ചത്. കഥാപാത്രങ്ങൾ ആരു ചെയ്യുമെന്ന് തീര്‍ച്ചപ്പെടുത്തിയ ശേഷം തിരക്കഥ മാറ്റി എഴുതുകയാണുണ്ടായത്. ഷൂട്ടിങ് പുരോഗമിക്കുന്തോറും തിരക്കഥയിലും മാറ്റം വരുത്തിയിരുന്നു. ഞാൻ ഷൂട്ടിങ് സമയത്ത് സെറ്റിൽ തുടരുന്നൊരാളാണ്. സംവിധായകനൊപ്പം ഞാന്‍ തുടരും. അന്നേരം നമുക്കൊരുപാട് തിരിച്ചറിവുകൾ വരും. വൈകുന്നേരങ്ങളിൽ സംവിധായകനും കാമറാമാനുമൊപ്പം കൃത്യമായൊരു ചർച്ച നടത്തും. തിരക്കഥയിൽ വേണ്ട മാറ്റം വരുത്തും. മഹേഷിന്റെ പ്രതികാരത്തിലും അതു തന്നെയാണ് നടന്നത്. പലവട്ടം തിരക്കഥയിൽ മാറ്റം വന്നു. ഒരു ഹോട്ടൽ റൂമിനുള്ളിലിരുന്ന് എഴുതി തീർത്താൽ അതെത്രത്തോളം ശരിയാകുമെന്ന് എനിക്കറിയില്ല. ഞാനൊരു വലിയ പ്രതിഭയല്ലാത്തതുകൊണ്ടാണത്. ഓരോ സീനിലും തിരുത്തലുകളുണ്ട്. സംവിധായകന്റേയും അഭിനേതാക്കളുടേയും അഭിപ്രായങ്ങൾക്കനുസരിച്ച് തിരുത്തലുകൾ വരുത്തി. ഞാൻ ഇവർക്കൊപ്പം ചെലവഴിച്ചത് തിരക്കഥ നല്ലതാകുവാൻ സഹായിച്ചു.

എഴുത്തുകാർ എന്നു പറയുന്നത് എല്ലാവരേയും പ്രചോദനമാകേണ്ടൊരാളാണ്. സംവിധായകർ, അഭിനേതാക്കൾ തുടങ്ങി ലൈറ്റ് ബോയ് വരെ. ഏത് സീനാണ് നമ്മൾ എഴുതിയതുകൊണ്ട് മോശമായിപ്പോയതെന്ന് ലൈറ്റ് ബോയ്സിന്റെ ആവേശത്തിൽ നിന്ന് മനസിലാക്കാം. ഒരുപാടുപേരുടെ അധ്വാനമാണ് ഓരോ ഷോട്ടും. അപ്പോൾ നമ്മൾ സൂക്ഷിച്ച് എഴുതണമല്ലോ. സെറ്റിൽ ഓരോ സീനും വളരെ ആസ്വദിച്ചാണ് ചെയ്തത്. അത്രക്ക് നല്ല പെർഫോർമൻസ് ആയിരുന്നു. ഫഹദ് പറയുന്ന ഒരു സീനുണ്ടല്ലോ. ​ഞാൻ എകെപിപിയിലൊക്കെ മെംമർഷിപ്പ് ഉള്ള ഫോട്ടോഗ്രാഫറല്ലേ എന്ന് ചോദിക്കുന്ന സീനുണ്ടല്ലോ. അതൊക്കെ ഭയങ്കര രസകരമായ അനുഭമായിരുന്നു സെറ്റിൽ. ഒരുപാട് ചിരിച്ചു സെറ്റിലെല്ലാവരും.

FAHAD-ANU

മഹേഷ് വന്ന് വീണ്ടും ജിംസണെ വന്ന് പരിചയപ്പെട്ടിട്ട് പറയുന്നുണ്ടല്ലോ, ജിംസാ നീ പണ്ട് തല്ലിയ ആളാണ്. എന്ന് പറയുന്നുണ്ടല്ലോ. ഇത് ആദ്യം സ്ക്രിപ്റ്റിലുണ്ടായിരുന്നില്ല. പിന്നീട് ഷൂട്ടിങ് സമയത്ത് വെറുതെയൊന്ന് എഴുതിനോക്കിയതാണ്. അതുപോലെ സ്ക്രിപ്റ്റിൽ ഇല്ലായിരുന്ന പലതും കൂട്ടിച്ചേർത്തിട്ടുമുണ്ട്.

അലൻസിയറും സൗബിനും

ഇവർ 2 പേരിൽ നിന്നും പിന്തുണയേ കിട്ടിയിട്ടുള്ളൂ. മൺറോ തുരുത്തിലൂടെയും ഞാൻ സ്റ്റീവ് ലോപസിലൂടെയും ഞാനൊരുപാട് അടുത്തറിഞ്ഞ ഒരാളാണ് അലൻസിയർ. അദ്ദേഹം വളരെ നന്നായി ഓരോ കഥാപാത്രവും ചെയ്യുമെന്ന് നേരത്തെ തെളിഞ്ഞതാണ്. ഈ ചിത്രത്തിൽ അത് വ്യക്തമാകുന്നുമുണ്ട്. കേരളത്തിന്റെ പൊതു സമൂഹത്തിനിടയിലുള്ള സിനിമയെ വളരെ സീരിയസായി കാണുന്നവർക്ക് അലൻസിയറും സൗബിൻ ഷാഹിറുമൊക്കെ പണ്ടുതൊട്ടേ പരിചിതരാണ്. സിനിമ ഹിറ്റായത് അവരുടെ ആ പരിചിതത്വത്തെ കൂടുതൽ സഹായിക്കുന്നുവെന്നത് സന്തോഷകരമായതു തന്നെ.

lijumol-soubin

മഹേഷിന്റെ അച്ഛനും വില്ലനും

സിനിമയ്ക്കു വേണ്ടി ഒരു കഥാപാത്രത്തേയും സൃഷ്ടിച്ചിട്ടില്ല. എല്ലാവരേയും നമുക്ക് ചുറ്റുമുള്ളവരിൽ നിന്നും കുറച്ചുപേരെ തിരഞ്ഞെടുത്തു. കഥാപാത്രങ്ങളാകാൻ നടീ നടൻമാരെ തിരഞ്ഞെടുത്തത് ദിലീഷ് പോത്തനെന്ന സംവിധായകന്റെ മികവാണ്. പുതുമുഖങ്ങളെ പരീക്ഷിണമെന്നുണ്ടായിരുന്നു. ഫഹദിന്റെ അപ്പച്ചനായി അഭിനയിക്കുന്ന ആൻറണി ഒരു പുതുമുഖമാണ്. എന്റെ സുഹൃത്ത് ലാസർ ഷൈനിന്റെ അച്ഛൻ. പിന്നെ ഇതിനേക്കാളുപരി പ്രഗത്ഭനായൊരു നാടകനടനുമാണ് അദ്ദേഹം. നാടക സംബന്ധിച്ച് ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുള്ള വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തെ പോലെ ശക്തമായി അഭിനയിക്കുന്നൊരു പുതുമുഖ നടനെ ആ കഥാപാത്രം ചെയ്യിക്കണമെന്നത് സംവിധായകന്റെ തീരുമാനമാണ്. ദിലീഷ് പോത്തൻ ഒരു നടനും കൂടിയാണ്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള സെൻസും അദ്ദേഹത്തിന് കൂടുതലാണ്. അതാണ് ഇവിടെ പ്രാവർത്തികമായത്.

ഒറ്റ നോട്ടത്തിൽ തന്നെ വില്ലനാണെന്ന് തിരിച്ചറിയണം എന്ന ഉദ്ദേശമാണ് ഈ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയ്തയാളിലേക്കെത്തിച്ചത്. അദ്ദേഹം സ്റ്റീവ് ലോപ്പസിൽ നന്നായി ചെയ്തിരുന്നു. അത് കണ്ടിട്ടാണ് ഇതിലേക്ക് വിളിക്കുന്നത്. ഈ വില്ലനു വേണ്ടിയുള്ള കാത്തിരിപ്പാണ് സിനിമ. ആ വില്ലൻ കഥാപാത്രം അത്രത്തോളം ശക്തവുമാണ്.

ഇനിയുള്ള കാലഘട്ടം ആവശ്യപ്പെടുന്നത് തീർത്തും പരിചിതമായ കഥാപാത്രങ്ങളും കഥയുമാണെന്ന് തോന്നുന്നുവോ?

അങ്ങനെ നിർബന്ധമൊന്നുമില്ല. ചില സിനിമകളിലെ കഥയും കഥാപാത്രങ്ങളും നമുക്ക് തീർത്തും അപരിചിതമാണ്. അങ്ങനെയുള്ളവയും ജനങ്ങൾ നന്നായി ആസ്വദിക്കാറുണ്ട്. അതുകൊണ്ട് അത്തരം നിർബന്ധങ്ങളൊന്നുമില്ല. ഈ സിനിമയുടെ സ്വഭാവം ഇത്തരത്തിലുള്ളതാണ് അത്രമാത്രം. ഇനിയുള്ള തിരക്കഥകൾ അത്തരത്തിലുള്ളതാകണമെന്നില്ല. ചുറ്റുപാടുകളെ നിരീക്ഷിച്ച് എഴുതുന്ന സിനിമകളാണ് കാലഘട്ടത്തിന് ആവശ്യം അത്രമാത്രം.

FAHAD-SAHIR

ഫഹദിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളുടെ പരാജയം സമ്മര്‍ദ്ദമുണ്ടാക്കിയോ?

ഫഹദിനൊപ്പം എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിക്ക് നന്നായിട്ട് അദ്ദേഹത്തെ അറിയാം. ഞങ്ങൾ‌ രണ്ടുപേരും ആലപ്പുഴക്കാരാണ്. ഞങ്ങൾ സംസാരിക്കുമ്പോൾ പരസ്പരം ബന്ധപ്പെടുത്തുന്ന കുറേ കാര്യങ്ങൾ ഉണ്ടാകാറുണ്ട് പലപ്പോഴും. ആശയവിനിമയം ഭയങ്കര എളുപ്പമാണ്. കഥാപാത്രത്തിന്റെ മാനറിസങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവ് ഫഹദിന് ഒരുപാടുണ്ട്. നല്ല നാട്ടുമ്പുറത്തുകാരന്റെ മനസുള്ള ഒരാളാണ്. പിന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിജയിച്ചില്ലെങ്കിലും ആ അഭിനയം ജനങ്ങൾക്കിഷ്ടമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഫഹദിന്റെ അടുത്തിടെയിറങ്ങിയ ചിത്രങ്ങൾ വിജയിക്കാതെ പോയത് ഞങ്ങളിൽ സമ്മര്‍ദ്ദമുണ്ടാക്കിയില്ല. അതൊരു ആക്ടറിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ്.

kj-antony-fahad

ആഷിഖ് അബു, ദിലീഷ് പോത്തൻ, ഷൈജു ഖാലിദ് പിന്നെ ശ്യാം പുഷ്കരന്‍

ഈ കൂട്ടുകെട്ടിൽ ഞാനെത്രത്തോളം കംഫർട്ടബിൾ ആണെന്നതിനുള്ള തെളിവാണ് ചിത്രത്തിന്റെ വിജയം. സിനിമയെ കുറിച്ച് നല്ല ചർച്ചകൾ ഞങ്ങൾക്കിടയിൽ നടക്കും. എന്തും തുറന്നുപറയുവാനുള്ള സ്വാതന്ത്ര്യമുണ്ട്. പിന്നെ ഷൈജു ഖാലിദെന്ന കാമറാമാന് കഥ, തിരക്കഥ, സംവിധാനം, കല എന്നിവയിലെല്ലാം കാര്യക്ഷമമായി ഇടപെടാൻ കഴിവുള്ളൊരാളാണ്. അങ്ങനെയുള്ളൊരാൾ കൂടെയുള്ളത് വളരെ ഉപകാരപ്പെട്ടു. അദ്ദേഹത്തിന്റെ സംഭാവന എല്ലായിടത്തും ഉപയോഗപ്പെട്ടു. അദ്ദേഹത്തിനുള്ളിലെ സംവിധായകൻ ഏറെ സഹായിച്ചു. ആ നിർദ്ദേശങ്ങൾ എപ്പോഴും ഇരു കൈയും നീട്ടി സ്വീകരിച്ചുട്ടുമുണ്ട്.

അതിലൊന്നാണ് കരാട്ടെ മാസ്റ്ററിന്റെ കാരക്ടർ. ഷൈജു ഖാലിദിന്റെ ജീവിതത്തിലുള്ള ഒരാളാണ്. അദ്ദേഹം അതെന്നോടു പറഞ്ഞു. മുന്‍പൊരിക്കൽ തമാശക്ക് സംസാരിച്ചപ്പോൾ അദ്ദേഹം അതെന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ പോലും അദ്ദേഹത്തിൽ നിന്ന് കിട്ടും. പിന്നെ ഞങ്ങളീ നാലു പേരും സുഹൃത്തുക്കളാണ്. ആ സൗഹൃദവും സിനിമ നല്ലതാകാൻ സഹായിച്ചു.

fahad-fazil

ഒറ്റക്ക് ചെയ്യുന്നതാണോ മറ്റാരോടൊപ്പമെങ്കിലും എഴുതുന്നതാണോ കംഫർട്ടബിൾ

രണ്ടും എനിക്ക് കംഫർട്ടബിൾ ആയിട്ട് തന്നെയാണ് തോന്നിയിട്ടുള്ളത്. നമ്മൾ മറ്റാര്‍ക്കെങ്കിലുമൊപ്പം എഴുതുമ്പോഴും നമ്മൾ നമ്മൾടെ ഭാഗം സ്വതന്ത്രമായി തന്നെയായിട്ടാണല്ലോ എഴുതുന്നത്. ഇനിയും മറ്റാര്‍ക്കൊപ്പം എഴുതേണ്ടി വന്നാൽ തീര്‍ച്ചയായും ചെയ്യും. ചില സിനിമകളൊന്നും നമുക്ക് ഒറ്റക്ക് ചെയ്യാനാകില്ല. ഇയ്യോബിന്റെ പുസ്തകം, സാൾട്ട് ആന്‍ഡ് പെപ്പർ ഇതൊന്നും എനിക്കൊറ്റക്ക് എഴുതാനാവുന്ന സിനിമകളായിരുന്നില്ല. സിനിമ നല്ലതാകുക എന്നതിനാണ് പ്രാധാന്യം. അതാരുടെ കൂടെയെഴുതുന്നു എന്നതിൽ പ്രസക്തിയില്ല.

തിരക്കഥയെ കുറിച്ച് പൊതുവെ കിട്ടിയ അഭിപ്രായം. സംവിധായകനായി എന്നെത്തും?

എന്റെ തിരക്കഥകളിൽ വലിയ പഠനമൊന്നും നടത്തിയിട്ടില്ല. നന്നായി വരുന്നുവെന്ന് പറഞ്ഞു കേള്‍ക്കുന്നു അത്രമാത്രം. എനിക്കൊത്തിരി സുഹൃത്തുക്കളുണ്ട്. സംവിധായകരാകാൻ കൊതിക്കുന്ന സുഹൃത്തുക്കൾ. അവര്‍ക്കൊക്കെ തിരക്കഥയെഴുതിക്കൊടുക്കാമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് ഞാൻ. അതുകൊണ്ട് സംവിധായകനായി ഉടൻ എത്തില്ല. എല്ലാത്തരത്തിലുള്ള പ്രമേയങ്ങൾ ചെയ്യാനും താൽപര്യമുണ്ട്. ആക്ഷൻ, കോമഡി അങ്ങനെയുള്ളതെല്ലാം എഴുതാൻ ഇഷ്ടമാണ്. പക്ഷേ അതൊക്കെ എന്റേതായ രീതിയിലാകുമെന്നേയുള്ളൂ. ഇനി അടുത്തതായി ഷൈജു ഖാലിദിന്റെ സിനിമയ്ക്കാണ് സ്ക്രിപ്റ്റ് എഴുതുന്നത്.