ക്രിസ്മസ് റിലീസായി എത്തിയ ‘അടി കപ്യാരെ കൂട്ടമണി’ തിയറ്ററില്‍ ചിരിമുഴക്കം തീര്‍ക്കുമ്പോള്‍ വിനീത് മോഹനെന്ന യുവാവിനു അതൊരു പുതുവര്‍ഷ സമ്മാനമായി മാറുകയാണ്. പറഞ്ഞു വരുന്നത് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസിനും നീരജ് മാധവിനുമൊപ്പം തിയറ്ററില്‍ ചിരി പടര്‍ത്തുന്ന കോശിയെന്ന താടിക്കാരനെപ്പറ്റിയാണ്. കോശിയുടെ മുഖം മലയാളി എവിടെയോ കണ്ടു മറന്നതാണ്, കാരണം ഇത് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമല്ല. അയാളിലെ നടനെ മലയാളി തിരിച്ചറിയാന്‍ തുടങ്ങിയത് കപ്യാരിലൂടെയാണെന്ന് മാത്രം.
സിനിമ തലയ്ക്കുപിടിച്ച് ബാങ്കിലെ ജോലി ഉപേക്ഷിച്ച് അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ച് അലഞ്ഞ വിനീതിന്‍റെ കഥ ഒരു സിനിമാക്കഥ പോലെ രസകരമാണ്. പിന്നിട്ട വഴികളും കപ്യാരുടെ വിശേഷങ്ങളും പുതിയ പ്രൊജക്റ്റുകളെപ്പറ്റിയുമൊക്കെ വിനീത് വാചാലനാകുന്നു.
സിന്‍ഡിക്കേറ്റിനോട് വിട സിനിമയോട് സലാം
സ്കൂള്‍, കോളജ് കാലഘട്ടത്തിലേ സിനിമാമോഹം ഉണ്ട്. പക്ഷേ അങ്ങനെയൊരു ആഗ്രഹം തുറന്നു പറയാന്‍ അന്ന് നാണവും പേടിയുമൊക്കെയായിരുന്നു. അടുത്ത ചില സുഹൃത്തുകളോട് അഭിനയമോഹം പങ്കുവെച്ചിരുന്നു. അവര്‍ കളിയാക്കാന്‍ തുടങ്ങിയതോടെ സിനിമയെക്കുറിച്ചു മിണ്ടുന്നത് നിര്‍ത്തി. ആലുവ യൂസി കോളജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ് ഇറങ്ങുമ്പോഴും മനസ്സ് നിറയെ സിനിമയായിരുന്നു. രണ്ടു വര്‍ഷം സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോലി ചെയ്തു. വയനാടും തൊടുപുഴയിലുമായിരുന്നു വര്‍ക്ക് ചെയ്തത്. അന്നൊക്കെ എല്ലാ സിനിമ മാസികകളും വായിക്കുമായിരുന്നു. എവിടൊക്കെ സിനിമാ ഷൂട്ടിങ് നടക്കുന്നുണ്ടെന്നു വായിച്ചറിയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷവും ഞായറാഴ്ചയുമാണ് ബാങ്ക് അവധി. ശനിയാഴ്ച ഉച്ചയാകാന്‍ നോക്കിയിരിക്കും പിന്നെ ലൊക്കേഷനിലേക്ക് പായും. ചാന്‍സ് ചോദിച്ചു തെണ്ടി തുടങ്ങി. ‘തനിക്ക് പറ്റിയ വേഷം എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാ’മെന്നു പറഞ്ഞ് പതിവുപോലെ എല്ലാരും മടക്കി അയച്ചു.
ജോലിയില്‍ ഇരുന്നുകൊണ്ട് ചാന്‍സ് തെണ്ടി നടന്നാല്‍ ശരിയാവില്ല എന്നു തോന്നി. ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരെ സംബന്ധിച്ചിടത്തോളം നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ എന്‍റെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെ ബാങ്കിന്‍റെ പടി ഇറങ്ങി. പഴയകാല താരങ്ങളുടെയെല്ലാം തട്ടകം തിരുവനന്തപുരമാണല്ലോ അങ്ങനെ നേരേ തലസ്ഥാനത്തേക്കുവെച്ചു പിടിച്ചു. ഫുള്‍ ടൈം ചാന്‍സ് തെണ്ടക്കാരനായി...
വഴിത്തിരിവായ് വിജയ് ബാബു
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പരിചയപ്പെടാന്‍ കഴിഞ്ഞതാണ് വഴിത്തിരിവായത്. അദ്ദേഹം എനിക്ക് ആദ്യം നല്‍കിയ ഉപദേശം തിരുവനനന്തപുരം വിട്ട് കൊച്ചിയിലേക്ക് വന്നാലേ ക്ലച്ച് പിടിക്കു എന്നതായിരുന്നു. നീ കൊച്ചിയില്‍ വന്നു സിനിമയുടെ മേക്കിങ് ഒക്കെ കണ്ടുപിടിക്കാന്‍ പറഞ്ഞു. പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലൊക്കെ പങ്കാളിയായി.
മെമ്മറീസ് മുതല്‍ കപ്യാര്‍ വരെ
മെമ്മറീസായിരുന്നു ആദ്യ ചിത്രം. ഒരു പാസിങ് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു മെമ്മറീസില്‍. ‘ഒരു കൊറിയന്‍ പട’ത്തിലും ചെറിയൊരു വേഷം ചെയ്തു. ‘പെരുചാഴി’യില്‍ മുകേഷിന്‍റെ ഡ്രൈവറായിരുന്നു. ആട് ഒരു ഭീകരജീവിയിലാണ് അത്യാവശ്യം ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യുന്നത്. ജയസൂര്യയുടെ വടംവലി ടീമിലെ മൂങ്ങാക്കുട്ടന്‍ എന്ന വേഷമായിരുന്നു അത്. ആടിലേക്കും കപ്യാരിലേക്കും എന്നെ കാസ്റ്റ് ചെയ്യുന്നത് വിജയ് ബാബുവാണ്.
അന്‍പത് ലൈക്ക് കിട്ടാന്‍ കഷ്ടപ്പെട്ടിരുന്നു
സിനിമക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് പേര്‍ നേരിട്ടു വിളിച്ചു അഭിനന്ദിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ അഭിനയം നന്നായി എന്നു പറഞ്ഞ് പ്രതിദിനം നൂറു കണക്കിനു മെസേജ് ലഭിക്കുന്നുണ്ട്. പരമാവധി മെസേജുകള്‍ക്കു മറുപടി നല്‍കുന്നുണ്ട്. ഫ്രണ്ട് റിക്വസ്റ്റുകള്‍ ഒരുപാട് വരുന്നുണ്ട്. പണ്ടൊക്കെ ഞാന്‍ ഒരു പ്രൊഫയില്‍ പിക്ച്ചര്‍ മാറ്റിയാല്‍ ഒരു അന്‍പത് ലൈക്ക് കിട്ടാന്‍ കഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരു പടം ഇട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ഞുറും അറുന്നൂറും ലൈക്കാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ സ്നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു.
ഗായത്രിയുടെ കോശിച്ചായന്‍
ജമ്നാപ്യാരിയിലെ നായിക ഗായത്രി സുരേഷിന്‍റെ കടുത്ത ആരാധകനാണ് ഞാന്‍. ഗായത്രി മിസ് കേരള കൂടിയാണല്ലോ. ഗായത്രി ഒരു പടം ഇട്ടാല്‍ ഞാന്‍ അപ്പോ തന്നെ കേറി ലൈക്ക് അടിക്കും. ഞങ്ങള്‍ തമ്മില്‍ പരിചയം ഒന്നുമില്ല. കഴിഞ്ഞ ദിവസം ഞാന്‍ രാമു കാര്യാട്ട് മെമ്മോറിയില്‍ അവാര്‍ഡ് വേദിയില്‍ പോയിരുന്നു. ഗായത്രിയും ഉണ്ടായിരുന്നു അവിടെ. പരിപാടിക്ക് ഇടക്കു ഞാന്‍ ഒന്ന് പുറത്തേക്ക് ഇറങ്ങി. പിന്നില്‍ നിന്ന് ‘കോശിച്ചായാ’ എന്നൊരു വിളി. നോക്കിയപ്പോള്‍ ഗായത്രിയാണ്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു. എന്‍റെ കഥാപാത്രത്തിനു ലഭിച്ച ഒരു അംഗീകാരം കൂടിയായിരുന്നു അത്.
ഷാന്‍ ഇക്കയുടെ വാക്കുകള്‍ അവാര്‍ഡിന് തുല്യം
അടി കപ്യാരെ കൂട്ടമണിയുടെ റീറെക്കോര്‍ഡിങ് നടക്കുകയാണ്. എനിക്ക് ഫേയ്സ്ബുക്കില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍റെ ഒരു മെസേജ്. അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ട് തിരിച്ച് വിളിക്കാനായിരുന്നു മെസേജ്. ഞാന്‍ അദ്ദേഹത്തെ വിളിച്ചപ്പോള്‍ കോശിയുടെ അഭിനയം ഒരുപാട് ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞു. എനിക്ക് അഭിനയത്തിനു ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡാണത്.
തിരുന്തോരം ഓര്‍മകള്‍
കപ്യാരുടെ ഷൂട്ടിങ് തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലായിരുന്നു പ്രധാന ലൊക്കേഷന്‍. ചാന്‍സ് തെണ്ടി ഞാന്‍ നടന്ന തിരുവനന്തരപുരത്ത് തന്നെ നല്ലൊരു വേഷം ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഞാന്‍ എംഎക്കു യൂണിവേഴ്സിറ്റി കോളജില്‍ ചേര്‍ന്നിരുന്നു. പത്തു ദിവസം മാത്രമേ അവിടെ ക്ലാസിനു പോയുള്ളു. അഞ്ചു ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസിച്ചിട്ടുണ്ട്. അങ്ങനെ പഠിച്ച ഹോസ്റ്റലില്‍ തന്നെ അഭിനയിക്കാനും ഭാഗ്യമുണ്ടായി. ഷൂട്ടിങ് രസകരമായിരുന്നു. നീരജും ഞാനും ധ്യാനും ഒരേ ഏജ് ഗ്രൂപ്പുകാരാണ്. ഞങ്ങള്‍ പെട്ടെന്ന് കമ്പനിയായി. കൂട്ടത്തില്‍ സീനിയര്‍ അജുവാണ്. അദ്ദേഹം നല്ല സപ്പോര്‍ട്ടിവായിരുന്നു. മുകേഷ്, നമിത അങ്ങനെ സെറ്റില്‍ ഉള്ള എല്ലാവരും നല്ല സഹകരണമായിരുന്നു.
അടി കപ്യാരെ കൂട്ടമണി-2
അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ഈ വര്‍ഷം തന്നെയുണ്ടാകും. ഞങ്ങള്‍ നാലുപേരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകും. ചില ഓഫറുകള്‍ വരുന്നുണ്ട്. തല്‍ക്കാലം നല്ല കഥാപാത്രങ്ങള്‍ വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം.