Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയെഴുതാനെത്തി നായകനായി മാറിയ റിയാസ്

riyaz

കഥയെഴുതാൻ വന്നതാണു സിനിമയിൽ. എഴുതുകയും ചെയ്തു. അതിസങ്കീർണമായ സങ്കടങ്ങളുടെ ഒരച്ഛന്റെ കഥ പറയുന്ന ചിത്രം. അനുഭവ സമ്പന്നരായ നടൻമാരെ തേടി നടന്ന സംവിധായകൻ കൃഷ്ണജിത്ത് എസ്.വിജയന് ഈ കഥാപാത്രം കഥയെഴുതിയ റിയാസ് തന്നെ ചെയ്താലെന്താ എന്ന തോന്നലുണ്ടായി. ആ തോന്നൽ റിയാസ് എന്ന ആലപ്പുഴക്കാരനെ സിനിമാനടനാക്കി.

∙ഫ്ലാറ്റ് നമ്പർ 4 ബി

ഇതായിരുന്നു ആദ്യചിത്രത്തിന്റെ പേര്. കഥയും തിരക്കഥയും റിയാസിന്റേതായിരുന്നു. നായകവേഷം കൂടി വന്നതോടെ ഉത്തരവാദിത്തമേറി. ലക്ഷ്മി ശർമയായിരുന്നു നായിക. മകളായി സ്വർണതോമസും. തിയറ്ററിൽ ചിത്രം ചലനമുണ്ടാക്കിയില്ലെങ്കിലും സിനിമയുടെ ചുറ്റുവട്ടത്തു റിയാസ് എന്ന കലാകാരന്റെ പിറവിക്ക് അതു കാരണമായെന്നു പറയാം. ഷോർട്ട് ഫിലിമുകളും പരസ്യചിത്രങ്ങളും ചെയ്തു നടന്ന കൃഷ്ണജിത്ത് എസ്.വിജയൻ സംവിധാനം ചെയ്ത ചിത്രമാണു ഫ്ലാറ്റ് നമ്പർ 4 ബി. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമായ അനിവാര്യം ചിത്രീകരണം നടക്കുകയാണ്. ഈ ചിത്രത്തിലും റിയാസ് ഉണ്ട്.

riyaz-film

∙ഒരു ചിത്രം, മൂന്നു കഥ

മൂന്നു കഥകൾ പറയുന്ന ഒന്നും ഒന്നും മൂന്ന് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മൂന്നു കഥകളിൽ ചെറു സിനിമകൾ ചേർത്തു വച്ചതാണിത്. അഭിലാഷ് സംവിധാനം ചെയ്ത കുലുക്കി സർബത്ത് എന്ന ഭാഗത്തിലെ നായകൻ റിയാസാണ്. അലക്സിന്റെ ആംബുലൻസ്, ബിജോയ് ജോസഫിന്റെ ശബ്ദരേഖ എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു മൂന്നു ഭാഗങ്ങൾ. മലയാളിയായ നന്ദകുമാർ സംവിധാനം ചെയ്യുന്ന ചെന്നൈ തിരുടാ എന്ന തമിഴ് ചിത്രത്തിൽ വില്ലൻ വേഷത്തിലാണു റിയാസ്. ആദ്യ തമിഴ് സിനിമാനുഭവം. ആദ്യ വില്ലൻ വേഷം. ചിത്രീകരണം തുടങ്ങിയിട്ടില്ല. അടുത്ത മൂന്നുമാസത്തിനകം തമിഴ് പ്രോജക്ട് തുടങ്ങും.

riyaz-lakshmi

അഭിനയ രംഗത്തു സജീവമാകാൻ തന്നെയാണു റിയാസിന്റെ പ്ലാൻ. ഇതിനിടെ പുതിയ ചിത്രത്തിനു കഥയും തിരക്കഥയും പൂർത്തിയാക്കുകയും ചെയ്തു. എഴുത്തും അഭിനയവുമെല്ലാം റിയാസിന്റെ വലിയ താൽപര്യത്തിൽ നിന്നുള്ള ഊർജത്തിന്റെ പ്രതിഫലനമാണ്. അവസരങ്ങളുടെ സിനിമാ സാധ്യതകളിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവച്ച ഈ ചെറുപ്പക്കാരൻ ചുവടുറപ്പിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ.