പാവാട ഇറങ്ങിയതുമുതൽ മണിയൻ പിള്ള രാജുവിന്റെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല. മണിയൻ പിള്ള രാജു എന്ന നിർമാതാവിനും മണിയൻ പിള്ള രാജു എന്ന നടനും ഒരേപോലെ അഭിനന്ദനപ്രവാഹം. വിളിച്ചവർ പലരും മറ്റൊരു കാര്യംകൂടി പറഞ്ഞു. ആശ ശരത്തിന്റെ അഭിനയത്തെകുറിച്ച്. സിസിലി വർഗീസ് എന്ന കഥാപാത്രം ആശയ്ക്ക് അവാർഡുകൾ നേടിക്കൊടുക്കുമെന്നുവരെ ഉറപ്പിച്ചു കഴിഞ്ഞരീതിയിലാണ് ചിലർ സംസാരിച്ചത്. സന്തോഷത്തിനിടയില്‍ ആശപോലും അറിയാത്ത ഒരു രഹസ്യം കൊണ്ടുനടക്കുകയായിരുന്നു താനെന്ന് മണിയൻപിള്ള പറയുന്നു.
സിസിലിയാകാൻ ആദ്യം ക്ഷണിച്ചത് ശോഭനയെയായിരുന്നെന്നും എന്നാൽ ഉൾക്കൊള്ളാനാകാത്ത കാരണങ്ങളിലൂടെ ശോഭന തങ്ങളെ ഒഴിവാക്കിയെന്നും പാവാടയുടെ നിർമാതാവ് രാജു വ്യക്തമാക്കുന്നു. മനോരമ ആഴ്ചപ്പതിപ്പിലാണ് രാജുവിന്റെ വെളിപ്പെടുത്തൽ.
സിസിലിയാകേണ്ടിയിരുന്നത് ശോഭന
പാവാടയിൽ രണ്ടാംപകുതിയിൽ വരുന്ന ശക്തമായ കഥാപാത്രമാണ് സിസിലി. നായകനായ പൃഥ്വിരാജിന്റെ അമ്മയുടെ കഥാപാത്രം. തിരക്കഥ പൂർത്തിയായതോടെ മണിയൻ പിള്ളയ്ക്കും സംവിധായകൻ മാർത്താണ്ടനും തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രയ്ക്കും ഒരു കാര്യത്തിൽ ഒട്ടും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. സിസിലിയായി ശോഭന തന്നെ വേണം. ശോഭനയുമായി അടുത്തബന്ധമുള്ള മണിയൻ പിള്ള ഇരുവരെയും കൂട്ടി അടുത്തദിവസം തന്നെ ചെന്നൈയിലെത്തി ശോഭനയെ കണ്ടു. തിരക്കഥ പൂർണമായും വായിച്ചുകേൾപ്പിച്ചു. ഗംഭീരം എന്ന മറുപടി പാവാട ടീമിന് ആത്മവിശ്വാസം നൽകി. പക്ഷെ, ശോഭന പാവാടയിൽ അഭിനയിച്ചില്ല.
ശോഭന പറഞ്ഞത്...
ചില നൃത്തപരിപാടികൾ ഏറ്റിട്ടുണ്ട്. ചെന്നൈയിൽനിന്ന് കേരളത്തിൽവന്ന് പടം ചെയ്യാനുള്ള സമയമില്ല. അതുകേട്ടയുടനെ മണിയൻപിള്ള രാജു ശോഭനയ്ക്ക് ഒരു ഉറപ്പുനൽകി. കേരളത്തിൽ വരേണ്ട. ശോഭനയുടെ രംഗങ്ങൾ ചെന്നൈയിൽ സെറ്റിട്ട് ചിത്രീകരിക്കാം. അതുകേട്ടപ്പോൾ ശോഭന യഥാർഥ കാരണം വ്യക്തമാക്കിയെന്ന് മണിയൻ പിള്ള രാജു. പൃഥ്വിരാജ് ഉൾപ്പെടെയുള്ള നായകൻമാരുടെ അമ്മവേഷം ചെയ്യാൻ താൽപര്യമില്ല. ജ്യേഷ്ഠസഹോദരിയൊക്കെ ആകാം. പക്ഷെ, അമ്മയായാൽ അത് ഡാൻസ് പ്രഫഷനെയും ബാധിക്കുമെന്ന് ശോഭന.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം
പ്രണയം എന്ന ചിത്രത്തിൽ മോഹൻലാൽ വൃദ്ധനായില്ലേ എന്ന് തുടങ്ങി പലവിധ ചോദ്യങ്ങൾ രാജു മറുപടിയായി ഉയർത്തിയെങ്കിലും ശോഭന തയ്യാറായില്ല. നിരാശ മറച്ചുവച്ച് സൗഹൃദത്തോടെ മൂവരും ശോഭനയോട് യാത്ര പറഞ്ഞു. മടക്കയാത്രയിലാണ് ആശ ശരത് എന്ന പേരുയർന്നുവന്നത്. ശോഭനയോട് കഥ പറഞ്ഞത് ആശയോട് മറച്ചുവയ്ക്കാൻ മണിയൻപിള്ള തീരുമാനിച്ചു.
ആശയ്ക്ക് പ്രസാദമായി കിട്ടിയ ‘പാവാട’
അതിന് പ്രേരിപ്പിച്ചത് ശോഭനയെപ്പോലെ ആശയും നൃത്തപരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ശോഭന പറഞ്ഞ കാര്യങ്ങള്‍ ആശയും പറഞ്ഞേക്കാം. അങ്ങനെ ആശയെ വിളിച്ച് മണിയൻ പിള്ള കഥാപാത്രത്തെകുറിച്ച് പറഞ്ഞു. നായകന്റെ അമ്മവേഷം എന്ന് എടുത്തുപറയാതെ വളരെ പ്രധാന്യമുള്ള ഒരു അമ്മയായി ആശ അഭിനയിക്കണം എന്നുപറഞ്ഞു. മണിയൻ പിള്ള രാജുവിനെ സ്ക്രീനിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആശ ആ വാക്കുകളിൽ വിശ്വാസമര്‍പ്പിച്ചു. അത് തെറ്റിയതുമില്ല. പക്ഷെ ശോഭനയോട് കഥ പറഞ്ഞതും ലഭിച്ച മറുപടിയുമൊക്കെ ആശയിൽനിന്ന് മറച്ചുവച്ചതായിരുന്നു മണിയൻപിള്ളയെ അലട്ടിയത്. ആ ഭാരമാണ് രാജു ഇപ്പോൾ ഇറക്കിവയ്ക്കുന്നത്.