ഒരൊറ്റ സീനിലെ ഉള്ളുവെങ്കിലും പുലിമുരുകൻ കണ്ടവരാരും കായിക്കയെ മറക്കില്ല. കായിക്കയായി അഭിനയിച്ചു തകർത്ത സുധീർ കരമനയ്ക്കും പുലിമുരുകൻ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രത്തിലഭിനയിച്ചതിനെക്കുറിച്ച് സുധീർ മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.
പുലിമുരുകനിലേക്ക് എത്തുന്നതെങ്ങനെ ?
സംവിധായകൻ വൈശാഖാണ് പുലിമുരുകനിൽ ഒരു ഹാജിയാർ ടച്ചുള്ള മുസ്‌ലിം വേഷം അഭിനയിക്കാൻ ക്ഷണിക്കുന്നത്. എന്റെ അച്ഛൻ കരമന ജനർദ്ദനൻ നായർ അത്തരത്തിലുള്ള വേഷങ്ങൾ ഒരുപാട് സിനിമകളിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചയാളാണ്. അതിനാൽ തന്നെ എനിക്ക് വ്യക്തിപരമായി അത്തരം വേഷങ്ങളോട് അടുപ്പമുണ്ടായിരുന്നു.വിളിച്ചയുടൻ തന്നെ ചെയ്യാമെന്ന് സമ്മതിച്ചു.
ആരും മറക്കാത്ത ഒറ്റ സീനിനെക്കുറിച്ച് ?
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷൂട്ടിങ്ങ്. ഏതാണ്ട് 10 ദിവസം കൊണ്ടാണ് ഇൗ ഒറ്റ സീൻ എടുത്തത്. ചിത്രത്തിലെ ലാലേട്ടന്റെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളിൽ ഒന്ന് ഇതായിരുന്നു. വൈശാഖും ലാലേട്ടനും പീറ്റർ ഹെയ്നും എല്ലാവരും ചേർന്ന് ഒത്തൊരുമിച്ച് പരിശ്രമിച്ചതിന്റെ ഫലമാണ് തീയറ്ററിൽ ഇപ്പോൾ ലഭിക്കുന്ന കയ്യടികൾ.
സീനിലെ മോഹൻലാലിന്റെ ആക്ഷനെക്കുറിച്ച് ?
പീറ്റർ ഹെയ്ന്റെ ആക്ഷൻ ഭൂമിയിലല്ലല്ലോ, അങ്ങ് ആകാശത്തിലല്ലേ നടക്കുന്നത്. പുള്ളി ഫൈറ്റ് മാസ്റ്ററാണ് ചാടുന്നതും മറിയുന്നതുമൊക്കെ മനസ്സിലാക്കാം. പക്ഷേ ഇൗ ലാലേട്ടനിതെന്തിന്റെ കേടാണെന്ന് പലപ്പോഴും മനസ്സിൽ വിചാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അർപ്പണബോധവും ആത്മാർഥതയും കണ്ടപ്പോൾ ആ രംഗത്തിൽ ഫൈറ്റ് ചെയ്യാൻ സാധിക്കാത്തതിൽ എനിക്ക് വിഷമം തോന്നി. കാരണം അദ്ദേഹത്തിന്റെ പ്രകടനം കണ്ടാൽ ഒാടിച്ചെന്ന് കൂടെക്കൂടാൻ ആർക്കും തോന്നും.
ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവങ്ങൾ ?
സീനിന്റെ ഒടുക്കം ലാലേട്ടൻ എന്റെ പോക്കറ്റിൽ കയ്യിട്ട് താക്കോലെടുക്കുമ്പോൾ പൊട്ടിക്കട്ടോ എന്നു ചോദിക്കുന്നുണ്ട്. ലാലേട്ടന്റെ കുസൃതി നിറഞ്ഞ ടോണിലും മോഡുലേഷനിലുമുള്ള ആ ചോദ്യം കേട്ടപ്പോൾ മറുപടി പറയുന്നതിനു പകരം ഞാൻ ചിരിച്ചു പോയി. അതോടെ സംവിധായകനും മറ്റു ക്രൂ അംഗങ്ങളും ചിരിച്ചു. പിന്നീട് മറ്റൊരു ടേക്കിലാണ് അത് ഒക്കെ ആകുന്നത്.
പുലിമുരുകൻ തീയറ്ററിൽ കണ്ടോ ?
പുലിമുരുകൻ കണ്ടു. മനസ്സു നിറഞ്ഞു. ഇത്ര വലിയൊരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. സംവിധായകൻ വൈശാഖിനോടും, നിർമാതാവ് ടോമിച്ചായനോടും, ക്യാമറാമാൻ ഷാജിച്ചേട്ടനോടുമൊക്കെ ഒരുപാട് കടപ്പെട്ടിരിക്കുന്നു. മനസ്സിനിഷ്ടപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിക്കാനായെന്നു മാത്രമല്ല അത് ആളുകൾ ഏറ്റെടുക്കുന്നതറിയുന്നതും സന്തോഷകരമാണ്.