ഇത്തവണ വിക്രം ഓണാശംസ വാക്കിലൊതുക്കുന്നില്ല. തന്റെ പുതിയ സിനിമ ഓണക്കാലത്തു തിയറ്ററുകളിൽ തരംഗമാക്കാനുള്ള തയാറെടുപ്പിലാണു താരം. വിക്രം, നയൻതാര, നിത്യ മേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഇരുമുഖൻ എന്ന ചിത്രം അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. പുതിയ ചിത്രത്തിന്റെ പ്രചാരണാർഥം കൊച്ചിയിലെത്തിയ വിക്രം സംസാരിക്കുന്നു.
ഓണക്കാലത്തെ റിലീസ് ആദ്യം ?
ഓണക്കാലത്തു ചാനലുകളിൽ ഓണാശംസകളുമായി പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ, ഈ സമയത്ത് ഒരു ചിത്രം റിലീസ് ചെയ്യുന്നത് ആദ്യമാണ്. ജനങ്ങൾ സ്വീകരിക്കുമെന്നു തന്നെയാണു പ്രതീക്ഷ. ഒപ്പം റിലീസ് ചെയ്യുന്ന എല്ലാ സിനിമകൾക്കും ആശംസകൾ നേരുകയും ചെയ്യുന്നു.
സംവിധായകൻ ആനന്ദ് ശങ്കർ പുതുമുഖമാണ്?
അരിമാ നമ്പി എന്ന ചിത്രമാണ് ആനന്ദ് ശങ്കർ ആദ്യം സംവിധാനം ചെയ്തത്. അത്ര വിജയിച്ചില്ലെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഒരു കഥ തയാറാക്കാൻ പറഞ്ഞത്. ഒരു മാസത്തിനുള്ളിൽ സ്ക്രിപ്റ്റ് തയാറാക്കി ആനന്ദ് ശങ്കർ എത്തി. അതെന്നെ അദ്ഭുതപ്പെടുത്തി. എന്നെ നായകവേഷത്തിൽ കണ്ട് എഴുതിയ സ്ക്രിപ്റ്റാണെന്നായിരുന്നു ആനന്ദ് പറഞ്ഞത്. ചിത്രത്തിനു യേസ് പറഞ്ഞത് അങ്ങനെ. സിനിമ കണ്ടാൽ ഒരിക്കലും ആനന്ദിന്റെ രണ്ടാമത്തെ ചിത്രമാണെന്നു പറയില്ല. അത്രയേറെ മികവോടെ പൂർത്തിയാക്കിയിട്ടുണ്ട്.
ഇരുമുഖൻ വിക്രത്തിന്റെ മറ്റു ചിത്രങ്ങളിൽ നിന്ന് എങ്ങനെ വേറിട്ടു നിൽക്കുന്നു?
ഇതിന്റെ കഥ തന്നെയാണു പ്രധാന ഘടകം. ട്രെയ്‌ലർ കണ്ടാലറിയാം അതിന്റെ ഊർജം. കലാസംവിധാനം, ഛായാഗ്രഹണം എന്നിവയെല്ലാം അതിനോടു ചേർന്നു നിൽക്കുന്നു. ഹാരിസ് ജയരാജിന്റെതാണു മ്യൂസിക്. വിക്രം എന്ന താരത്തെയല്ല, എന്റെ കഥാപാത്രത്തെയാണു നിരീക്ഷിക്കേണ്ടത്. അതു തീർച്ചയായും ജനങ്ങൾ ഇഷ്ടപ്പെടും.
സൂപ്പർ താരം അജിത്തിനു വേണ്ടി ഒരിക്കൽ ശബ്ദം നൽകിയിട്ടുണ്ട്. ഇനിയും മറ്റുള്ളവർക്കു വേണ്ടി ശബ്ദം നൽകുമോ?
ഞാൻ തയാറാണ്. പക്ഷേ, പ്രതിഫലം അൽപം കൂടുമെന്നു മാത്രം (ചിരിക്കുന്നു). ഓരോ ജോലിക്കും അതിന്റേതായ കാഠിന്യമുണ്ട്. ശബ്ദം നൽകുക ഏറെ ശ്രമകരമായ ജോലിയാണ്. എന്റെ ചിത്രങ്ങൾക്കു ഞാൻ തന്നെ ശബ്ദം നൽകുന്നതാണു പതിവ്.
എന്റെ കരിയറിന്റെ ആരംഭകാലത്താണ് അജിത്തിനു വേണ്ടി ശബ്ദം നൽകിയത്. സേതു ഉൾപ്പെടെയുള്ള ചിത്രങ്ങൾ റിലീസായ ശേഷം അബ്ബാസിനു വേണ്ടിയും ശബ്ദം നൽകിയിരുന്നു. അദ്ദേഹത്തിനു വേണ്ടി പല ചിത്രങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്.
പതിവു ചോദ്യം ആവർത്തിക്കുന്നു. മലയാളത്തിലേക്ക് ഇനിയെന്നാണ്?
ഏറെ ആഗ്രഹമുണ്ട്. നല്ലൊരു കഥയ്ക്കു വേണ്ടിയാണു കാത്തിരിക്കുന്നത്. മലയാള സിനിമ ഏറെ വളർന്നിട്ടുണ്ട്. കഴിവുള്ള എത്ര സംവിധായകരും അണിയറ പ്രവർത്തകരുമാണ് ഇവിടെ നിന്നു വരുന്നത്. അതൊരു നല്ല കാര്യമാണ്. എന്റെ പാകത്തിനുള്ള കഥ ലഭിക്കാത്തതാണു പ്രശ്നം. വൈകാതെ മലയാളത്തിലെത്താൻ സാധിക്കുമെന്നാണു കരുതുന്നത്.
പ്രായം അൻപതുകളിലെത്തി. കരിയറിൽ ഇനിയെന്തു മാറ്റമാണ് സംഭവിക്കുക?
എനിക്കുള്ള ചിത്രങ്ങൾ എന്നെ തേടിയെത്തുമെന്നു തീർച്ച. അമിതാഭ് ബച്ചനും നസ്റുദ്ദീൻ ഷായുമെല്ലാം മികവോടെ അഭിനയിക്കുന്നു. അവർക്കു തിളങ്ങാൻ സാധിക്കുന്ന വേഷങ്ങൾ ലഭിക്കുന്നു.
എനിക്കുള്ള വേഷവും കഥയും കൃത്യമായി ആരുടെയൊക്കെയോ പക്കലുണ്ട്. അതെന്നെ തേടിയെത്തുക തന്നെ ചെയ്യും. ഞാനേറെ ആസ്വദിക്കുന്നുണ്ട് ഈ ജോലി. അഭിനയത്തിന്റെ രംഗത്തിൽ ഒരു പരിവർത്തനമുണ്ടാകുമോ എന്നതു കാലം തെളിയിക്കേണ്ടതാണ്.
വിജയ് നായകനായി ഒരു സിനിമ ചെയ്യണമെന്ന മോഹം പറഞ്ഞിരുന്നു?
സംവിധാനം എപ്പോഴും ഉള്ളിലുള്ളതാണ്. എനിക്കു തോന്നുന്നു എല്ലാ അഭിനേതാക്കളും സംവിധായകരാകാൻ മോഹിക്കുന്നവരാണ്. പിന്നീട് എപ്പോഴെങ്കിലും അതു സംഭവിച്ചേക്കാം. പക്ഷേ, നിലവിൽ അത്തരം എടുത്തുചാട്ടങ്ങളൊന്നുമില്ല.
തന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗം ഉൾപ്പെടെ ഒരു പിടി ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നും വിക്രം പറഞ്ഞു. ഇരുമുഖന്റെ നിർമാതാവായ ഷിബു തമീൻസാണു സാമി-2ന്റെയും നിർമാണം.