Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്ന ബജറ്റിൽ മഹാഭാരത; പണം തിരിച്ചുകിട്ടുമോ?

mahabharata-mohanlal

1000 കോടി  മുതൽ മുടക്കിൽ  ഇന്ത്യയിലെ ഏറ്റവും  ചെലവേറിയ  സിനിമ  ‘മഹാഭാരതം,’ 300 കോടി ചെലവിൽ കർണൻ !  മലയാള സിനിമാ ലോകത്തു നിന്നുള്ള വമ്പൻ പ്രോജക്ടുകളുടെ  പ്രഖ്യാപനം കേട്ട് ബോളിവുഡ് പോലും ഞെട്ടിത്തരിക്കുകയാണ്. തീർന്നില്ല. 28 കോടിയുടെ പുലി മുരുകനും  35 കോടിയുടെ വീരവും തിയറ്റർ വിട്ടതിനു പിന്നാലെ അതിനെ വെല്ലുന്ന ചെലവ് പ്രതീക്ഷിക്കുന്ന ഒടിയൻ, ആടു ജീവിതം എന്നീ സിനിമകളും വരുന്നുണ്ട്. 

ബജറ്റ് ഗ്രാഫ് റോക്കറ്റ് പോലെ കുതിച്ചുയർന്ന പ്രഖ്യാപനങ്ങളിൽ  സിനിമാ പ്രേമികൾ ആവേശത്തിലും  ആകാംക്ഷയിലുമാണെങ്കിൽ സിനിമാ വ്യവസായ മേഖല പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും കൂടി പങ്കുവയ്ക്കുന്നു. ഇത്രയും വലിയ മുടക്കു മുതൽ എങ്ങനെ തിരിച്ചു പിടിക്കും? 

മലയാള സിനിമയുടെ ആകെ വാർഷിക മുതൽ മുടക്ക് നിലവിൽ 450-500 കോടിരൂപയാണ്. അത് 300 കോടിക്കു മുകളിലെത്തിയതു തന്നെ 2013ൽ ആണ്. നിലവിൽ പ്രതിവർഷം ശരാശരി 130-150 സിനിമകളോളം  ഇറങ്ങുന്ന മലയാളത്തിൽ ആകെ മുടക്കു മുതലിന്റെ പകുതി പോലും  തിരിച്ചു കിട്ടുന്നുമില്ല എന്ന് കണക്കുകൾ  വ്യക്തമാക്കുന്നു. 

ഒരു വശത്ത് വലിയ സ്വപ്നങ്ങളുടെ ചിറകേറിയുള്ള പ്രതീക്ഷ ഏറുമ്പോൾ  മറുവശത്ത്  ഇത്തരം ചിത്രങ്ങൾ സാധ്യമാവുമോ , സാധ്യമായാൽ തന്നെ മുടക്കു മുതൽ തിരിച്ചു പിടിക്കുമോ എന്നീ ചോദ്യങ്ങളാണ് നിർമ്മാതാക്കളുടെ സംഘടന ഉൾപ്പടെ ഉന്നയിക്കുന്നത്. 

ലക്ഷ്യം ലോക വിപണി

താരതമ്യേന ചെറിയ കേരള വിപണിയോ ഇന്ത്യൻ വിപണിയോ  മാത്രം  ലക്ഷ്യം വച്ചല്ല  വമ്പൻ ബജറ്റിലുള്ള  മഹാഭാരതവും  കർണനും നിർമ്മിക്കുന്നതെന്നാണ്  ഈ സംശയങ്ങൾക്ക്  അണിയറ പ്രവർത്തകരുടെ  ഉത്തരം. ഇംഗ്ലിഷും  ഹിന്ദിയും ഉൾപ്പടെയുള്ള ഭാഷകളിൽ നിർമ്മിച്ച് വൈഡ് റിലീസിങ്ങിലൂടെ രാജ്യാന്തര തലത്തിൽ തന്നെ സിനിമ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മോഹൻലാലിനെ നായകനാക്കി മഹാഭാരതം ഒരുക്കുന്ന സംവിധായകൻ  വി.എ.ശ്രീകുമാർ  മേനോനും പൃഥ്വിരാജിനെ നായകനാക്കി കർണൻ ഒരുക്കുന്ന ആർ.എസ്.വിമലും വ്യക്തമാക്കുന്നു. 

ആ ലക്ഷ്യംവച്ച് ഹോളിവുഡ്  നിലവാരത്തിൽ ചിത്രങ്ങൾ ഒരുക്കുന്നതിനാലാണ്  ഇത്ര ചെലവേറുന്നതതെന്നാണു  വിശദീകരണം.

നേടണം  മൂന്നിരട്ടി

നിലവിൽ നിർമ്മാതാക്കൾ വ്യക്തമാക്കുന്ന  കണക്കനുസരിച്ച് വീരമാണ്  നിലവിൽ മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും ചെലവേറിയ സിനിമ. 24 കോടി രൂപ ചെലവിട്ട പഴശിരാജയും 28 കോടി ചെലവിട്ട പുലി മുരുകനും  മലയാളത്തിൽ മാത്രമാണ് നിർമ്മിച്ചതെങ്കിൽ 35 കോടി മുടക്കിയ വീരം വിപുലമായ വിപണി ലക്ഷ്യം വച്ച് ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പടെയുളള ഭാഷകളിൽ  ഒരുക്കുകയായിരുന്നു. 

എന്നാൽ അതിനു പ്രതീക്ഷയ്ക്കൊത്ത സാമ്പത്തിക വിജയം നേടാനായില്ലെന്ന  സമീപകാല അനുഭവവും  മുന്നിലുണ്ടെന്നു  കേരള ഫിലിം പ്രൊഡ്യൂസേഴ്സ്  അസോസിയേഷൻ  പ്രസിഡന്റ്  ജി.സുരേഷ് കുമാറും  സെക്രട്ടറി എം.രഞ്ജിത്തും ചൂണ്ടിക്കാട്ടുന്നു. 

‘ഇപ്പോൾ വലിയ ബജറ്റിൽ പ്രഖ്യാപിച്ച സിനിമകളൊന്നും  പ്രൊഡ്യൂസേഴ്സ്  അസോസിയേഷനിൽ  ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ല. മഹാഭാരത്തിനും  കർണനുമെല്ലാം  പുതിയ പ്രൊഡ്യൂസർമാരുടെ  പേരുകളാണ്  കേൾക്കുന്നത്.

അസോസിയേഷനു  മുന്നിൽ പദ്ധതിയെത്തിയാൽ മാത്രമേ  വ്യക്തമായ ധാരണയുണ്ടാവൂ.. പക്ഷേ ഇത്രയും മുടക്കുമുതലുള്ള സിനിമകൾ ഏതു തലത്തിൽ യാഥാർഥ്യമായാലും നിർമ്മാതാവിന് ആ തുക തിരിച്ചു പിടിക്കാനാവുമോ എന്ന ന്യായമായ സംശയമുണ്ട്. 

നികുതിയും തിയറ്റർ വിഹിതവും  വിതരണക്കാരുടെ വിഹിതവുമെല്ലാം  കഴിയുമ്പോൾ  മുടക്കുന്നതിന്റെ  മൂന്നിരട്ടിയോളം  വരുമാനം  നേടിയാലേ  നിർമ്മാതാവിന് മുടക്കുമുതൽ തിരിച്ചു കിട്ടുകയുള്ളൂ. 

1000 കോടി രൂപ മുടക്കുന്ന സിനിമയ്ക്കു സാമ്പത്തികമായി രക്ഷപ്പെടമെങ്കിൽ 2500  കോടിക്കു മുകളിലെങ്കിലും നേടാനാവണം - അസോസിയേഷൻ  ഭാരവാഹികൾ വ്യക്തമാക്കി. 

അതുക്കും മേലെ ഈ സ്വപ്നം

85 കോടി ചെലവിൽ നിർമ്മിച്ച് 750 കോടിയിലേറെ രൂപ നേടിയ പികെയും 70 കോടി മുടക്കി 730 കോടി നേടിയ ഡംഗലും  150 കോടി മുടക്കി 650 കോടി കൊയ്ത ബാഹുബലിയുമാണ്  ഇന്ത്യയിൽ ഇതുവരെ ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നത്. 

ഈ കണക്കുകൾ തന്നെ ഔദ്യോഗികവുമല്ല. രാജ്യാന്തര തലത്തിലുള്ള വ്യാപക റിലീസിങ്ങിലൂടെയാണ് ഈ സിനിമകളുടെയെല്ലാം വൻ നേട്ടം.  ആദ്യ ഭാഗത്തേക്കാൾ മുതൽ മുടക്കി നിർമ്മിച്ച ബാഹുബലി രണ്ടാം ഭാഗം വരുന്ന 28ന് ലോകമെങ്ങും  5000 സ്ക്രീനുകളിലാണ് റിലീസ് ചെയ്യുക. 

പല ഭാഷകളിലൊരുക്കിയ ചിത്രത്തിന്റെ വിതരണവാകാശവും  ടിവി സംപ്രേഷണവകാശവും വിറ്റ് മുടക്കുമുതലിനെക്കാൾ കൂടിയ തുക നിർമ്മാതാക്കൾ മുൻകൂറായി നേടിക്കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ‘അതുക്കും മേലെ’ യുള്ള വലിയ സ്വപ്നമാണ് ‘മഹാഭാരത സിനിമകൾ’ മുന്നോട്ടുവയ്ക്കുന്നത്. 

മഹാഭാരതത്തെക്കുറിച്ച്  മോഹൻലാൽ കുറിച്ച പോലെ, ഈ സിനിമകൾ സംഭവിച്ചാലും  ഇല്ലെങ്കിലും ഇത്തരം വലിയ സിനിമാ സ്വപ്നങ്ങൾക്കു പിറകെ മലയാള സിനിമ സഞ്ചരിക്കാൻ തുടങ്ങി എന്നതു തന്നെ ശ്രദ്ധേയമാണ്.