Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓമനക്കുട്ടന് അർഹിക്കുന്ന സ്ഥാനം നൽകണം; ആസിഫ് അലി

asif-rohit

മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് തീയറ്ററുകളിൽ നിലനിൽക്കാനാവുന്നില്ല. "കാണണം എന്ന് ആഗ്രഹമുള്ളവർ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററിൽ നിന്ന്" എന്ന് ഫെയ്സ്ബുക്കിൽ ചിത്രത്തിന്റെ സംവിധായകനായ രോഹിത്ത് ഇട്ട പോസ്റ്റ് അദ്ദേഹത്തിന്റെയും സിനിമയുടെയും നിസ്സഹായാവസ്ഥ സൂചിപ്പിക്കുന്നു. രോഹിത്തിനെയും സിനിമയെയും പിന്തുണച്ച് ഒരുപാട് പേരും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരണവുമായി ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയും രംഗത്തെത്തി.

ആസിഫ് അലിയുടെ കുറിപ്പ് വായിക്കാം–അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ ഞാനും കൂടി ഭാഗമായ, പ്രധാന റോളില്‍ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മള്‍ സാധാരണ കാണുന്ന രീതിയില്‍ നിന്ന് മാറി,എന്തൊക്കെയോ പ്രത്യേകതകളുള്ള,സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്. ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു.

ഒടുവില്‍ ഈ സിനിമ പൂര്‍ത്തിയായി നിങ്ങളിലേയ്ക്ക് എത്തിയപ്പോള്‍, പ്രേക്ഷകരില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു. എന്‍റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ രീതിയെക്കുറിച്ചും വ്യത്യസ്തതകളെക്കുറിച്ചും കിട്ടിയ അഭിപ്രായങ്ങള്‍ ശരിക്കും ത്രില്ലടിപ്പിച്ചു.

പക്ഷേ, ഈ സിനിമയുടെ ഡിസ്റ്റ്രിബ്യൂഷന്‍ വേണ്ടത്ര രീതിയില്‍ നടന്നില്ല എന്നാണ് എനിക്കിപ്പോള്‍ മനസ്സിലാക്കുന്നത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു. ഈ സിനിമ തീയറ്ററുകളില്‍ നിന്ന് പുറത്താകുന്ന അവസ്ഥയാണെന്നാണ് അറിയുന്നത്. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ,പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്‍റെ വിധി ഇതാവരുത്.

സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേര്‍ (ഗോധ സിനിമയുടെ ഡയറക്ടര്‍ ബേസില്‍,ആഷിക് അബു, റിമ അങ്ങനെ പലരും) ഈ ചിത്രം കണ്ട് നല്ല അഭിപ്രയങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷന്‍ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് മനസ്സിലാക്കുമ്പോള്‍ നിങ്ങളോട് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

ഇത് വരെ ഓമനക്കുട്ടന്‍ കണ്ടവര്‍ക്കും അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി, ഇതൊരു ബ്രില്ല്യന്‍റ് എക്സ്റ്റ്രാ ഓര്‍ഡിനറി സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ഈ സിനിമയ്ക്ക് നിങ്ങളിലെ സിനിമാ ആസ്വാദനത്തെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ പറ്റും എന്നെനിക്ക് ഉറപ്പുണ്ട്. ഈ സിനിമ കാണാത്തവര്‍ തീയ്യറ്ററില്‍ പോയി ഈ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയണം, അങ്ങനെ അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന ഒരു സ്ഥാനം നല്‍കണമെന്ന് സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്.