Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓമനക്കുട്ടൻ കാണാതിരിക്കാൻ ഞാനാണ് കാരണമെങ്കിൽ എന്നെ മറന്നേക്കൂ; ആസിഫ് അലി

asif-ali-sad

മികച്ച അഭിപ്രായം നേടിയിട്ടും അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്ന പുതിയ സിനിമയ്ക്ക് തിയറ്ററുകളിൽ സംഭവിച്ച ദുരവസ്ഥയിൽ വികാരഭരിതനായി ആസിഫ് അലി. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓർത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളിൽ നിന്നും വിട്ടുനിന്നതെന്നും തന്റെ മുൻകാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കിൽ തന്നെ മറന്ന് ഈ സിനിമ കാണണമെന്നും ആസിഫ് പറയുന്നു.

ആസിഫ് അലിയുടെ വാക്കുകളിലേക്ക്–

കുറെ നാളായി ഫെയ്സ്ബുക്ക് പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയായിരുന്നു. നിങ്ങൾക്കെല്ലാം മനസ്സിലായി കാണും ഞാനിപ്പോൾ വന്നകാര്യം. 

അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ റിലീസായി, ഈസിനിമയുടെ സംവിധാകൻ രോഹിത്ത് ഒരു പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. വേഗം പോയി സിനിമ കാണൂ അല്ലെങ്കിൽ ചിത്രം തിയറ്ററിൽ നിന്നും പോകുമെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. 

ഒരുപാട് പേരുടെ കഷ്ടപ്പാട് ഉണ്ട് ഈ സിനിമയിൽ. രണ്ടുവർഷം മുമ്പേ ഈ സിനിമയുടെ ഷൂട്ട് തുടങ്ങിയതാണ്. അന്നുമുതലേ ഓമനക്കുട്ടന്റെ വിശേഷങ്ങൾ നിങ്ങൾ അറിയുന്നുണ്ടായിരുന്നു. പിന്നീട്  ഒരുപാട് പേർ ചോദിച്ചിരുന്നു എന്താണ് ആ സിനിമയ്ക്ക് പറ്റിയത്. എന്തുകൊണ്ട് റിലീസ് ആകുന്നില്ല. 

പക്ഷേ അതിനെയെല്ലാം തരണം ചെയ്ത് ചിത്രം റിലീസിനെത്തി. എന്നാൽ ഞങ്ങൾ വിചാരിച്ചതുപോലെ നല്ല തിയറ്ററുകളിൽ റിലീസ് ചെയ്യാനോ പബ്ലിസിറ്റികൊടുക്കാനോ സാധിച്ചില്ല. ചിത്രം റിലീസ് ആയെന്ന് അറിയാത്തവരും ഒരുപാടുണ്ട്.

ഇതിനിടെ മറ്റൊരു വാർത്ത കൂടി ഞാൻ കേട്ടു. ആസിഫ് അലി എന്തുകൊണ്ട് സിനിമ പ്രമോട്ട് ചെയ്തില്ലെന്ന്. അങ്ങനെ പറയരുത്, ഇതെന്റെ സിനിമയാണ്. ഞാൻ ആദ്യമായാണ് ഒരു ക്യാരക്ടർ റോളിൽ അഭിനയിക്കുന്നത്. എന്റെ പ്രിയപ്പെട്ടവരാണ് സിനിമയുടെ പിന്നിലുള്ളവരെല്ലാം. അതൊരു വാർത്ത ആക്കേണ്ട കാര്യമില്ല. രോഹിത്ത് ആണ് അങ്ങനെയൊരു വാർത്ത അയച്ചുതന്നത്. പ്രമോഷൻ എന്നിൽ മാത്രം ഒതുങ്ങുന്നതല്ല.

പോസ്റ്റേർസും ഫ്ലക്സും ഹൈപ്പും ഒക്കെ കൊണ്ടുവന്നാലേ ആളുകൾ വരൂ. അല്ലാതെ ഞാൻ പല ചാനലുകളിൽ പോയി പ്രമോട്ട് ചെയ്താലും ആളുകൾ വരണമെന്നില്ല. ഹണീ ബീ 2വിന് വരെ എന്നെക്കൊണ്ടു പറ്റുന്ന രീതിയിൽ പ്രമോഷൻ ചെയ്തിരുന്നു. അതുപോലെ എല്ലാ സിനിമകളും.

ഇതൊരു ടീം വർക്കിന്റെ വിജയമാണ്. ഭാവനയുടെ ശക്തമായ പിന്തുണ ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഭാവനയുടെ അച്ഛൻ മരിക്കുന്നത്. പലരും പറഞ്ഞു സിനിമയുടെ ടൈറ്റിൽ മാറ്റണം. ചിലർ പറഞ്ഞു ഭയങ്കരമായ ലാഗ് ഉണ്ടെന്ന്. എന്നാൽ അത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. രോഹിത്തിന് എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് ഈ സിനിമ ചെയ്തത്. 

ഇതിന് മുന്നേയുള്ള എന്റെ സിനിമകളുടെ പ്രശ്നങ്ങൾ കൊണ്ട് ആ സിനിമകളുമായി താരതമ്യം ചെയ്ത് ഈ സിനിമ നിങ്ങൾ കാണാതിരിക്കരുത്. ഇത് നല്ലൊരു സിനിമയാണ്. നിങ്ങളെ തിയറ്ററിൽ എത്തിക്കാതിരിക്കാനുള്ള ഒരു കാരണം ഞാനാണെങ്കിൽ അത് മാറ്റിവച്ച് നിങ്ങൾ ഈ സിനിമ കണ്ടുനോക്കണം. 

ഇതൊരു എക്സ്പിരിമെന്റൽ സിനിമയാണ്. ഇതിനെ പിന്തുണച്ചാലേ ഇനിയും ഇതുപോലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാകൂ. പല തിയറ്റുകളിൽ നിന്നും ഈ സിനിമ ഉടന്‍ മാറുമെന്നാണ് പറയുന്നത്. മൾടിപ്ലക്സിൽ സിനിമയില്ല. അതൊക്കെ ഒരു പ്രശ്നമാണ്.  

ഇത് ടോറന്റിൽ വന്നാൽ ഹിറ്റ് ആകും എന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓർത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളിൽ നിന്നും ഞാൻ വിട്ടുനിന്നത്. മാത്രമല്ല ഫെയ്സ്ബുക്കിലും വലിയ ആക്ടീവ് അല്ല. അയാം ടോണി എന്ന സിനിമ കഴിഞ്ഞാൽ ഞാൻ നന്നായി അഭിനയിച്ച മറ്റൊരു ചിത്രമാണിതെന്ന് ഒരുപാട് പേർ പറഞ്ഞു. 

ഈ സിനിമയ്ക്ക് അത് അർഹിക്കുന്ന പോസ്റ്റേർസ് ഇല്ല ഫ്ലക്സ് ഇല്ല, അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഈ സിനിമ തിയറ്ററുകളിൽ ഓടാൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്. 

എന്തുകൊണ്ട് ഫെയ്സ്ബുക്കിൽ വരുന്നില്ലെന്ന് പലരും ചോദിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഭാവനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്നവും അതിനെ ഫെയ്സ്ബുക്കിൽ ചർച്ച ചെയ്ത രീതികളും ഏറെ വിഷമിപ്പിച്ചു. ആ സംഭവത്തെ രണ്ടുരീതിയിൽ സംസാരിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് ഞാൻ ഫെയ്സ്ബുക്ക് വേണ്ടെന്ന് വെച്ചത്. ഇതിനോട് പ്രതികരിക്കാതെ വെറുതെ കണ്ടുകൊണ്ടിരിക്കാൻ വയ്യ. അതുകൊണ്ട് ഫെയ്സ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു.