യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ നടൻ ദിലീപിനു പിന്തുണയുമായി നടൻ സലീംകുമാർ. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴുവർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട്. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സലിംകുമാർ ചൂണ്ടിക്കാട്ടി.
സലിംകുമാറിന്റെ കുറിപ്പിൽനിന്ന്:
'ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാൽ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മൾ 2013ൽ കണ്ടതാണ്. ദിലീപ്– മഞ്ജു വാരിയർ ഡിവോഴ്സ്. പിന്നീട് പലരാൽ പലവിധത്തിൽ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വരെ ദിലീപിന്റെ പേരു വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്.
'സംഭവം നടന്ന് അഞ്ചു മാസങ്ങൾക്കുശേഷം ഇപ്പോഴാണു മറ്റൊരു വഴിത്തിരിവിൽ എത്തി ചേർന്നിരിക്കുന്നത്. പൾസർ സുനി ജില്ലാ ജയിലിൽവെച്ചു ജയിലറിന്റെ സീലോടു കൂടി എഴുതിയ കത്ത് ഇന്നലെ മുതൽ ചില ചാനലുകൾ തുടരെത്തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപ്പോലുള്ളവർക്ക് ചില സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്നു ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടുകൂടി പൾസർ സുനി എഴുതി എന്നു പറയപ്പെടുന്ന ബ്ലാക്ക്മെയിലിങ് സ്വരമുള്ള കത്ത് ആദ്യം ഏൽപ്പിക്കേണ്ടത് പൊലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ. അല്ലാതെ ചില ചാനലുകൾക്ക് സംപ്രേഷണം ചെയ്യാൻ കൊടുക്കുകയാണോ വേണ്ടത്– സലീം കുമാർ ചോദിച്ചു.
' ഇതിനിടയിൽ ദിലീപിനെ ഈ കേസിൽ അകപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ രണ്ടുമൂന്ന് നടീനടന്മാരുടെ പേരുകളും കേൾക്കുന്നുണ്ട്. ഇതും ഞാൻ വിശ്വസിക്കുന്നില്ല. കാരണം പൾസർ സുനി അന്തംവിട്ട പ്രതിയാണ്. അയാൾ എന്തും പറയും. ഈ സംഭവത്തിൽ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചുവെച്ചിട്ടില്ല. നാദിർഷാക്കും ദിലീപിന്റെ പിഎ അപ്പുണ്ണിക്കും വന്ന വിഷ്ണു എന്നയാളുടെ ഫോൺ റെക്കോർഡും വാട്സാപ്പിൽ വന്ന കത്തും ഡിജിപിക്കു കൈമാറി കഴിഞ്ഞു. ജീവിതത്തിൽ താൻ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരാൾ. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് നടിയുടെ വീഡിയോക്കുവേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്നു പറയാൻതക്ക വിവരമില്ലാത്തവനാണു ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾപോലും പറയില്ല. ഒരു കാര്യം സത്യമാണ്. എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്നു ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാമെന്നും സലീംകുമാർ പറയുന്നു.
' ഇത് ഒരു സ്നേഹിതനുവേണ്ടിയുള്ള വക്കാലത്തല്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണം. ദിലീപും നാദിർഷായും എന്റെ സ്നേഹിതന്മാരാണ്. അതിൽ ഞാൻ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളിൽ വെച്ചുകൊണ്ട് തന്നെ ഞാൻ പറയുന്നു. ഇവരെ രണ്ടുപേരെയും ശാസ്ത്രീയ നുണപരിശോധനക്കായി ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് ഒരു കാര്യം മാത്രം. പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം. സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട്. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവിൽ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്‌ക്കായി സിനിമാരംഗത്തെ സ്‌ത്രീകൾ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതിൽ പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നെന്നും സലീം കുമാർ പറഞ്ഞു.
' ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്കുതന്നെയാണ്. മാധ്യമങ്ങൾ സ്വന്തമായി വാർത്തകൾ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക. ഭയപ്പെടുക, പ്രതികരിക്കുക. പാസ്റ്റർ നിമോളറുടെ 'അവർ ക്രിസ്ത്യാനികളെ തേടി വന്നു, ഞാൻ ഭയപ്പെട്ടില്ല, ഞാൻ ക്രിസ്ത്യാനി അല്ല / അവർ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു
ഞാൻ ഭയപ്പെട്ടില്ല, ഞാൻ പ്രൊട്ടസ്റ്റന്റ് അല്ല / അവർ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു, ഞാൻ ഭയപ്പെട്ടില്ല, ഞാൻ കമ്മ്യൂണിസ്റ്റ് അല്ല / അവസാനം അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്കുവേണ്ടി ഭയപ്പെടാൻ ആരുമുണ്ടായില്ല.. എന്ന വരികളെഴുതിയാണ് സലീം കുമാർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.