പൊലീസുകാർക്ക് ഇങ്ങനൊരു പതിവുള്ളതല്ല. കൂട്ടത്തോടെ അവധിയെടുത്തു സിനിമയ്ക്കു പോവുക. അതും സിനിമ റിലീസാകുന്ന ആദ്യ ദിവസം. എന്നാൽ, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ കാണാൻ ആദൂർ സിഐ സിബി കെ.തോമസിന്റെ നേതൃത്വത്തിൽ പൊലീസുകാർ രാവിലെ തന്നെ കാഞ്ഞങ്ങാട്ടെ തിയറ്ററിലെത്തി.
പ്രദർശനം തുടങ്ങിയതോടെ കാഴ്ചക്കാർക്ക് അദ്ഭുതം. ഒപ്പമിരിക്കുന്ന സിഐ സ്ക്രീനിൽ എസ്ഐയായി തകർത്തഭിനയിക്കുന്നു. സിവിൽ ഡ്രസ്സിൽ ഷോയ്ക്ക് ഹാജരായ മറ്റു പൊലീസുകാരും സിനിമയിൽ പൊലീസ് വേഷത്തിൽ... സംസ്ഥാനത്തെമ്പാടുമുള്ള 23പൊലീസുകാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കാസർകോടു ചിത്രീകരിച്ച സിനിമയിൽ ജില്ലയിലെ ഏഴു പൊലീസുകാർക്കാണ് അവസരം ലഭിച്ചത്.
കാസർകോട്ടെ ഷേണി പൊലീസ് സ്റ്റേഷനിലെ എസ്ഐയായ സാജൻ മാത്യു എന്ന കഥാപാത്രമാണ് സിനിമയിൽ സിബി കെ.തോമസിന്. സിനിമ മോഹിച്ചു പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന സിബി പിന്നീട് അഭിനയ മോഹം ഉപേക്ഷിച്ചാണ് യൂണിഫോമണിഞ്ഞത്. ഇപ്പോൾ ആദൂർ സ്റ്റേഷനിലെ ‘ശരിക്കും’ സിഐയായ സിബിക്കു പൊലീസ് വേഷത്തിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവായി സിനിമ. ശുപാർശകളോ മുൻപരിചയങ്ങളോ ഉപയോഗപ്പെടുത്താതെ നടന്മാർക്കു വേണ്ടിയുള്ള ഓഡിയേഷനിൽ നിന്നാണ് സംവിധായകൻ ദിലീഷ് പോത്തൻ സിബിയെ കണ്ടെത്തിയത്.
സിബി ഭാര്യ എലിസബത്തുമൊത്താണ് സിനിമയ്ക്കെത്തിയത്. വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ടി.വി.ഷീബ, രാജപുരം സ്റ്റേഷനിലെ ടി.സരള, തൃക്കരിപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെ ബാബുദാസ് കോടോത്ത്, എആർ ക്യാംപിലെ അശോകൻ കള്ളാർ, സജിത്ത് പടന്ന എന്നിവാണ് സിനിമയ്ക്കെത്തിയ മറ്റുള്ള സിപിഒമാർ. ഡ്യൂട്ടിയിൽ നിന്ന് ഇളവു ലഭിക്കാത്തു മൂലം മഞ്ചേശ്വരം ചരാവതിക്ക് സിനിമയ്ക്ക് വരാനായില്ല.
അഭിനയം കണ്ടു ഒപ്പം നിന്നു സെൽഫി പകർത്തിയ ശേഷം സിബിക്ക് ആരാധകരിൽ ഒരാളുടെ ആശംസ– ഭാവിയുണ്ട്, എന്ത് ചെയ്യുന്നു. യഥാർഥ പൊലീസാണെന്ന് കേട്ടപ്പോഴേക്കും ആശംസ നേർന്നയാൾ തൊണ്ടിമുതലുമായി(സെൽഫി) മുങ്ങി !