Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീൻ പോൾ കേസ് വഴിത്തിരിവിൽ

jean-actress

കൊച്ചി: യുവസംവിധായകൻ ജീൻ പോൾ ലാലിനെതിരെയുള്ള കേസിൽ വഴിത്തിരിവെന്നു സൂചന. ദിലീപിനെ അഴിക്കുള്ളിലാക്കിയ യുവനടി ആക്രമിക്കപ്പെട്ട കേസുമായി പുതിയ കേസിനെ ബന്ധിപ്പിക്കാൻ സാധ്യതയണ്ടെന്നാണ് റിപ്പോർട്ട്. യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ്. എന്നാൽ നടി കൊടുത്ത പരാതിക്കു പുറമെ യുവനടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ജീൻ പോളിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. 

ഹണി ബീ 2 വിൽ അഭിനയിക്കാനെത്തിയ പുതുമുഖ നടിയുടെ അഭിഭാഷകൻ നൽകിയ പരാതിയിൽ അശ്ലീല പരാമർശം നടത്തിയെന്നല്ല, സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ യാതൊരു പരാതിയുമില്ല. നടിയെ ഈ സിനിമയിലേക്ക് കൊണ്ടു വന്നത് ശ്രീനാഥ് ഭാസിയാണെന്നു പരാതിയിൽ പരാമർശവുമുണ്ട്. ഇക്കാര്യം എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജീൻ പോളും ശ്രീനാഥ് ഭാസിയും സംഘവും പ്രതിഫലം ചോദിച്ചെത്തിയ നടിയോട് അപമര്യാദയായി അശ്ലീല പ്രയോഗം നടത്തിയെന്നായിരുന്നു രാവിലെ പൊലീസ് പുറത്തുവിട്ട വിവരം. ജീൻ പോൾ ലാലിനും അച്ഛനായ ലാൽ പാർട്നറായ നിർമാണകമ്പനിക്കും എതിരായാണ് പരാതി. 

തുടക്കം മുതലേ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സിനിമയാണ് ഹണീ ബീ 2. സിനിമയുടെ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. പിന്നീട് ഇതേ സിനിമയുടെ ഡബ്ബിങിനായി പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ചിരുന്ന വാഹനവും ഇതേ സിനിമയുടെ ആളുകളുടേതായിരുന്നു. പിന്നീട് അറസ്റ്റും അന്വേഷണവും ദിലീപിലേക്ക് ഒതുങ്ങിയപ്പോഴും ഈ സിനിമയുടെ സംവിധായകനെയോ നിർമാതാവിനെയോ അണിയറ പ്രവർത്തകരെയോ ചോദ്യം ചെയ്തിരുന്നില്ല. 

പൾസർ സുനിക്ക് ജീൻ പോൾ ലാലുമായും അടുപ്പമുണ്ടെന്ന് സൂചനകളുണ്ടായിട്ടും പൊലീസ് ആ വഴിക്ക് നീക്കങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ പേരിൽ ഇപ്പോഴെടുത്തിരിക്കുന്ന നടപടി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു തന്നെയാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 

അതേസമയം  ഈ കേസിൽ ഗൂഢാലോചന ഉണ്ടോയെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്ന് ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസും യുവനടിയുടെ പരാതിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ലാൽ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന ഉണ്ടാകില്ലെന്ന് വിശ്വസിച്ച ആളാണ് താനെന്നും ലാൽ പറഞ്ഞു. പൾസർ സുനിയും കൂട്ടാളികളും ചെയ്ത കുറ്റകൃത്യം ആണെന്നാണ് വിശ്വസിച്ചതെന്നും കേസിന്റെ പുറകെ പിന്നീട് പിടിച്ചുപോകേണ്ട കാര്യമില്ലെന്നും വിചാരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

‘സിനിമാക്കാരുടെ കഥയായതുകൊണ്ട് ഒരു വലിയ ക്ലൈമാക്സ് വേണമെന്ന് ആളുകളും ചാനലുകാരും പ്രതീക്ഷിച്ചുപോയി എന്നൊക്കെയാണ് ഞാനും കരുതിയത്. പിന്നീട് ആണ് ആ കേസിലും ഗൂഢാലോചന ഉണ്ടെന്ന് മനസ്സിലായത്.–ലാൽ പറഞ്ഞു.