Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി; മാപ്പു പറഞ്ഞ് പൃഥിരാജ്

prithviraj-1

പൊതുപരിപാടികളിൽ വിശിഷ്ടാതിഥികളായി എത്തുന്ന സിനിമാതാരങ്ങൾ പൊതുവേ താമസിച്ചേ എത്താറൊള്ളൂ എന്നൊരു ആക്ഷേപം പൊതുവെ ഉണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനാകുകയാണ് സൂപ്പർതാരം പൃഥ്വിരാജ്.

പൊതു ചടങ്ങില്‍ വൈകി എത്തിയതിന് ഒരു മടിയും കൂടാതെ പൃഥ്വിരാജ് മാപ്പ് ചോദിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന അസറ്റ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനാണ് യുവതാരം ക്ഷമാപണം നടത്തിയത്.

‘സിനിമാക്കാർ പങ്കെടുക്കുന്ന ചടങ്ങിൽ ഞങ്ങളാരും സമയത്തെത്താറില്ല എന്ന ദുഷ്പ്പേര് ഞാനും കാത്തുസൂക്ഷിച്ചു. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.’–പൃഥ്വിരാജ് പറഞ്ഞു.

‘സത്യം പറഞ്ഞാൽ ആറര മണിക്കൂർ എടുത്തു എറണാകുളത്തുനിന്നും തിരുവനന്തപുരത്ത് വരെ വരാൻ. പണ്ട് സ്റ്റോപ് വൈലൻസ് സിനിമ ചെയ്യുന്ന സമയത്ത് രാവിലെ എറണാകുളത്തു പോയി ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്നു ഇപ്പോൾ ഒരുപിടുത്തവുമില്ല. ഇന്ന് എന്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. എന്നെ കാത്തിരുന്നതിൽ ക്ഷമിക്കണം.’ പൃഥ്വിരാജ് പറഞ്ഞു.

‘പണ്ട് ഗള്‍ഫിൽ നിന്നൊക്കെ വർഷങ്ങൾക്ക് ശേഷം ആളുകൾ നാട്ടിൽ വരുമ്പോൾ എന്തുകൊണ്ടാണ് ഇത്രവികാരം കൊള്ളുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ഇന്ന് ഈ യാത്രയിൽ കൊച്ചിയിൽ നിന്ന് ഉള്ളൂരൊക്കെ എത്തുമ്പോൾ ആ വികാരം എനിക്കും വന്നുതുടങ്ങിയിട്ടുണ്ട്. കാരണം വർഷങ്ങൾക്ക് ശേഷമാണ് ഞാൻ തിരുവനന്തപുരത്ത് എത്തിയത്. ഇവിടെ എത്തുമ്പോൾ ഞാന്‍ ഭാര്യയ്ക്ക് മെസേജ് ചെയ്യും ‘തിരുവനന്തപുരം ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന്’. അപ്പോള്‍ അവൾ തിരിച്ചുപറയും ‘ഇതുതന്നെയല്ലേ ഇതിനും മുമ്പും പറഞ്ഞിരുന്നതെന്ന്’.

‘കൊച്ചി കേന്ദ്രീകരിച്ച് സിനിമകൾ ആയതുകൊണ്ട് തിരുവനന്തപുരത്തേക്ക് വരാൻ കഴിയുന്നില്ല. ഫെയ്സ്ബുക്കിനും സെൽഫിക്കുമൊക്കെ മുമ്പ് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കാന്‍ സാധിച്ചിരുന്ന നഗരമാണ് തിരുവനന്തപുരം.വട്ടിയൂർക്കാവ് എനിക്ക് ഇഷ്ടമുളള സ്ഥലമാണ്.  അവിടെയാണ് താമസിച്ചിരുന്നത്. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠിച്ചിരുന്നത് ഭാരതീയ വിദ്യാഭവനിലാണ്’. ഇവിടെ ഓർക്കാൻ ഒരുപാട് കാര്യങ്ങൾ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

ഇതിന് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. പി ആർ ഒ എ എസ് ദിനേശ് ആണ് പൃഥ്വിരാജിന്റെ സ്വഭാവസവിശേഷതയെപ്പറ്റി അന്ന് വെളിപ്പെടുത്തിയത്

എ എസ് ദിനേശ് പറഞ്ഞത്

എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടന ചടങ്ങിനായി സിനിമ താരത്തെ വിളിച്ചു. കുറച്ചപ്പുറത്തുള്ള ലൊക്കേഷനില്‍ നിന്നാണ് താരം എത്തിയത്. 

ചടങ്ങിനിടെ പ്രാസംഗികന്‍ ഷൂട്ടിങ് തിരക്കിനിടെ പരിപാടിക്കെത്തിയ നടന് നന്ദി പറഞ്ഞു. ‘ഈ നന്ദിയ്ക്ക് ഞാന്‍ അര്‍ഹനല്ല. ഈ ചിത്രത്തിന്റെ നിർമാവിനാണ് നന്ദി പറയേണ്ടത്. എന്റെയീ ദിവസം അദ്ദേഹത്തിനുള്ളതായിരുന്നു. അദ്ദേഹം സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ വരില്ലായിരുന്നു.’ ‌

ആള്‍ക്കൂട്ടത്തിനിടെ ആ നിർമാതാവുമുണ്ടായിരുന്നു. കഥാനായകന്‍ പൃഥ്വിരാജ് തന്നെ, നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍. സെവന്‍ത് ഡേ എന്ന ചിത്രമായിരുന്നു അത്. സത്യത്തില്‍ മറ്റുള്ളവരുള്ളതിനാലാണ് നമുക്ക് ജീവനും ജീവിതവും ഉണ്ടാവുന്നതെന്ന് പൃഥ്വി പറയാതെ പറഞ്ഞു.