Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രോസിക്യൂഷന്റേത് തരംതാഴ്ന്ന പ്രവൃത്തിയോ?

Dileep

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിച്ചതിനെ തുടർന്നാണിത്. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂഷൻ സമയം നീട്ടിച്ചോദിക്കുന്നത്. ജാമ്യാപേക്ഷയുമായി മൂന്നാം തവണയാണ് ദിലീപ് കോടതിയിലെത്തുന്നതും. 

എന്നാൽ പ്രോസിക്യൂഷന്റേത് തരംതാഴ്ന്ന പ്രവൃത്തിയാണെന്നാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്. കുറ്റം തെളിയിക്കപ്പെട്ട ഒരാൾ അകത്തുകിടക്കുന്നതുപോലെയല്ല ഗൂഢാലോചനയുടെ പേരിൽ അറസ്റ്റിലായ ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നത്. ദിലീപ് കുറ്റാരോപിതൻ പോലുമല്ല എന്നതാണ് ഇതിലെ പ്രധാന വസ്തുത. ഒരാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചാൽ മാത്രമേ അയാൾ കുറ്റാരോപിതനാകുന്നുള്ളൂ. ദിലീപിന്റെ കാര്യത്തിൽ മാത്രമല്ല, നിയമത്തിനു മുന്നിലെത്തുന്ന ഏതൊരു പൗരനും നേരിടേണ്ടിവരുക ഇത്തരം നിയമസംവിധാനങ്ങളെയാണ്.

ദിലീപിന്റെ കേസിലും ഇപ്പോൾ ജാമ്യാപേക്ഷ മാറ്റിവയ്ക്കുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിഭാഗം വക്കീൽ ഇതിനെ ശക്തമായി എതിർക്കണമെന്നും കഴിഞ്ഞ ഏഴെട്ടു വർഷമായി ഇത്തരം പ്രവണതയാണ് കോടതികളിൽ നടക്കുന്നതെന്നും ഇവർ പറയുന്നു. കൂടാതെ ഓണം പോലുള്ള അവധി ദിനങ്ങൾ വരുന്ന സാഹചര്യത്തിൽ കോടതി അവധികൾ നോക്കി കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാൻ തന്നെയാകും പ്രോസിക്യൂഷൻ ശ്രമിക്കുകയെന്നും ഇവർ വിലയിരുത്തുന്നു.

പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കുമെന്നാണ് പൊലീസും പ്രോസിക്യൂഷനും ഒരുപോലെ പറയുന്നത്. എന്നാൽ ഇയാൾക്കെതിരെ കൃത്യമായ ഒരു തെളിവു പോലും  ഇതുവരെ കണ്ടെത്താത്ത സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് പ്രതി തെളിവു നശിപ്പിക്കുമെന്ന് പറയുന്നത്. പട്ടാളഭരണത്തിൽ ഇതിലും നീതി ലഭിക്കുമെന്നാണ് ഇത്തരം കേസുകളിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത്. ഇവർ പറഞ്ഞു.

ജാമ്യാപേക്ഷയുടെ കാലവധി നീട്ടിവയ്ക്കുന്നതും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നതിനു തുല്യമാണ്. സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒരാൾ ക്രിമിനലുകൾക്കൊപ്പമാണ് ജയിലിൽ കഴിയുന്നത്. അയാളിലുണ്ടാകുന്ന മാനസികപരിവർത്തനം, സ്വന്തം അമ്മയെയോ മകളെയോ മറ്റു കുടുംബാംഗങ്ങളെയോ ദിവസങ്ങളോളം കാണാതിരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഇവയൊക്കെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ദിലീപിന് ജാമ്യം അനുവദിക്കരുതെന്നു കാട്ടി പ്രോസിക്യൂഷൻ സത്യവാങ്മൂലം നൽകും.

ആദ്യ ജാമ്യാപേക്ഷയിൽ ഉൾപ്പെടുത്താത്ത കൂടുതൽ ആരോപണങ്ങൾ പുതിയ ജാമ്യാപേക്ഷയിൽ ദിലീപ് ഉന്നയിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലുള്ളവരെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണിവ. ഇത് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കിയിരിക്കുന്നുവെന്നാണ് സൂചനകൾ.