Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനായി രാമൻപിളളയുടെ മാരത്തോൺ വാദം; നീണ്ടുനിന്നത് മൂന്നരമണിക്കൂർ

dileep-case

ദിലീപിന്റെ ജാമ്യാപേക്ഷയില്‍വാദം നാളെയും തുടരും. ഹൈക്കോടതിയില്‍ ദിലീപിന്റെ വാദമാണ് നാളെയും തുടരുക. അതിന് ശേഷമെ പ്രോസിക്യൂഷന്‍ വാദം ആരംഭിക്കുകയൊള്ളൂ. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മാരത്തോണ്‍ വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള നടത്തിയത്.

രാവിലെ പത്തര മുതല്‍ തുടങ്ങിയ പ്രതിഭാഗം വാദം ഉച്ചയ്ക്ക് ഒന്നു വരെയും ഇടവേളയ്ക്ക് ശേഷം 1.45 മുതല്‍ 2.45 വരെയും നീണ്ടു. വാദം ഇത്രയും നേരം നീണ്ടുനിന്നതിനാല്‍ നാളത്തേയ്ക്കും നീട്ടിവച്ചിരിക്കുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷയുടെ കാര്യത്തിലും നാളെ തന്നെ തീരുമാനമുണ്ടായേക്കാം.

അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തളളിക്കളഞ്ഞു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. അതിനിടെ വാദത്തിനിടെ ഒന്നിലേറെ തവണ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു.

ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ നല്‍കിയ മൊഴിയും രാമന്‍പിളള ചൂണ്ടിക്കാട്ടി.ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തെ പരിചയക്കാരാണെന്നും ഇവര്‍ തമ്മിലുളള തര്‍ക്കമായിരിക്കാം പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമുളള വാദവും പ്രതിഭാഗം ഉയര്‍ത്തി. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ശ്രമം ഉണ്ടായതായും ക്രിമിനലായ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നുമുളള വാദങ്ങളും ദിലീപിനായി ഉയര്‍ന്നു.

നിലവില്‍ പള്‍സര്‍സുനിക്കെതിരെ 28 കേസുകളുണ്ടെന്നും കള്ളനായ പള്‍സര്‍ സുനിയെ ഉപയോഗിച്ച് കേസില്‍പ്പെടുത്തുന്നുവെന്നും പറയുന്നു പള്‍സര്‍സുനിയുടെ കത്ത് ഗൂഢാലോചനയെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം രണ്ടുവരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കാലാവധി നീട്ടിയത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ദിലീപിന് ജാമ്യമനുവദിക്കരുതെന്ന നിലപാടാകും പ്രോസിക്യൂഷന്‍ കോടതിയില്‍ എടുക്കുക. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചേക്കുമെന്നും വിവരമുണ്ട്. ദിലീപിനെതിരെ പൊലീസ് കൂടുതൽ തെളിവുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട് വന്നിരുന്നു. തെളിവുകൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. . ദൃശ്യങ്ങൾ പകർത്തിയ ഫോണിനെക്കുറിച്ച് സൂചന ലഭിച്ചു. ഫോൺ കണ്ടെത്തേണ്ടതുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. കേസിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അസൗകര്യം പരിഗണിച്ച് വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം ഇന്നുണ്ടാവും. ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്നു നടത്തിയ ഗൂഡാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

തനിക്കെതിരെ തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് ദിലീപിന്‍റെ അഭിഭാഷകന്റെ നീക്കം. എന്നാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന വാദത്തില്‍ ഉറച്ചാണ് സര്‍ക്കാര്‍. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്.

കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയിൽ നിന്നുളളവരാണെന്നും വലിയ സ്വാധീനശക്തിയുളള ദിലീപിനേപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ നിലപാടെടുക്കും.