Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്‌ഷനിൽ ഒന്നാമൻ ചങ്ക്സ്; ബോക്സ്ഓഫീസ് റിപ്പോർട്ട്

chunkzz-movie

2016ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിങിനും ശേഷം ബോക്സ്ഓഫീസ് കീഴടക്കി വീണ്ടും ഒമർ ലുലു. സൂപ്പർതാരനിരയില്ലാതെ ഈ വർഷം തിയറ്ററുകളിലെത്തിയ ചങ്ക്സും സൂപ്പര്‍ഹിറ്റ്. 

ആഗസ്റ്റ് നാലിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിനിമാലോകം മങ്ങിനിൽക്കുന്ന സമയം. പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി സിനിമ കാണാന്‍ മടികാണിക്കുന്ന അവസ്ഥ. ആ സാഹചര്യങ്ങളെയും ഈ യുവതാരചിത്രം വിജയകരമായി മറികടക്കുകയായിരുന്നു.

സിനിമയുടെ ഇതുവരെയുള്ള കേരള ഗ്രോസ് കലക്‌ഷൻ 15.8 കോടിയാണ്. മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ആദ്യ രണ്ട് ആഴ്ചയില്‍ത്തന്നെ 13.2 കോടി നേടി. എന്നാല്‍ അതിനിടെയാണ് ചിത്രത്തിന്റെ വ്യാജന്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ അറസ്റ്റ് വരെ ഉണ്ടായെങ്കിലും കലക്ഷനെ അത് സാരമായി ബാധിച്ചുവെന്ന് ഒമർ ലുലു മനോരമ ഓൺലൈനോട് പറഞ്ഞു.

ഈ സാഹചര്യത്തിലും സിനിമനേടിയ വലിയ വിജയം ഇതുപോലുള്ള മറ്റുകൊച്ചുചിത്രങ്ങൾക്കും പ്രചോദനമാകുമെന്നും മലയാളസിനിമാ വ്യവസായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

സിനിമയുടെ ആഗോള കലക്ഷൻ 21.3 കോടിയാണ്. മലബാര്‍ ഏരിയയില്‍ മാത്രം 8.1 കോടിയാണ് ചങ്ക്‌സ് നേടിയ ഗ്രോസ്. മൂന്നര കോടിയാണ് സിനിമയുടെ ആകെ മുതൽമുടക്ക്. ലഭിക്കുന്ന കലക്ഷന്‍ റിപ്പോർട്ട് അനുസരിച്ച് ആറിരട്ടി ലാഭമാണ് ചങ്ക്സ് ഉണ്ടാക്കിയിരിക്കുന്നത്. 

ട്രെയിലറുകളിലൂടെയും പാട്ടുകളിലൂടെയും യുവാക്കളെ ആകര്‍ഷിച്ച ചിത്രം മാർക്കറ്റ് ചെയ്തത് സംവിധായകൻ തന്നെയായിരുന്നു. കൃത്യമായ രീതിയിൽ നടത്തിയ മാർക്കറ്റിങും സിനിമയ്ക്ക് ഗുണം ചെയ്തു.  ആദ്യ ദിന കലക്‌ഷനിലും തിയറ്ററുകളിലെ പ്രതികരണങ്ങളിലും ഇത് പ്രകടമായിരുന്നു.

ഹണി റോസ്, ധർമജൻ, ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ് പ്രധാനതാരങ്ങളായി എത്തിയത്‍. സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ.

പാവാട എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ജി. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിച്ച ചിത്രം നിര്‍മിച്ചത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്.