Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പര്‍താരങ്ങളേക്കാൾ കരുത്തനായ ഐ വി ശശി; താരങ്ങളുടെ പ്രതികരണം

iv-sasi-jayaram

മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി. ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നു. സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ സിനിമാതാരങ്ങൾ അനുശോചിച്ചു

വിജയരാഘവൻ

ഒട്ടും പ്രതീക്ഷിക്കാത്തൊരു വേർപാട് ആണ്. ഞാന്‍ സിനിമയിലെത്തിയ സമയത്ത് ഒരു സംവിധായകന്റെ കൂടെ പ്രവർത്തിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഐവി ശശിക്കൊപ്പമായിരുന്നു. അതിന് ഭാഗ്യം ലഭിച്ചത് 1921 എന്ന സിനിമയിലൂടെയാണ്. ഇതുവരെ ചെയ്തതിൽ വളരെ വ്യത്യസ്തമായ വേഷം. അന്നത്തെക്കാലത്ത് എന്നെപ്പോലൊരാള്‍ക്ക് ആ വേഷം തരാൻ അദ്ദേഹം കാണിച്ച ധൈര്യം.

മാത്രമല്ല ഇത്രയും പ്രതിഭാശാലിയായ അത്ഭുതകരമായ കഴിവുള്ള സംവിധായകനാണ് ഐ വി ശശി. അന്ന് മോണിട്ടറോ കംപ്യൂട്ടറോ ഒന്നുമില്ലാത്ത സമയത്ത് നൂറിലധികം ആളുകളെ ഒരു ഫ്രെയിമിൽ കൊണ്ടുവന്ന് അദ്ദേഹം സംവിധാനം ചെയ്യുമായിരുന്നു. ഓരോ ഫ്രെയിമും അദ്ദേഹത്തിന്റെ മനസ്സിൽ തെളിയുമായിരുന്നു.

ഞങ്ങള്‍ ഒരുപാട് ചിത്രങ്ങളിലൊന്നും പ്രവർത്തിച്ചിട്ടില്ല. സംവിധായകന്റെ പേര് പറഞ്ഞ് ജനങ്ങൾ തിയറ്ററുകളിലെത്താൻ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്.

സുരേഷ് ഗോപി

അദ്ദേഹത്തിന്റെ സിനിമാകാലഘട്ടത്തിൽ ഒപ്പം പ്രവർത്തിക്കാനായതിൽ അഭിമാനം. സിനിമയിൽ ഒരു നടന്റെ കഥാപാത്രം അനാവരണം ചെയ്യുന്നതിൽ ഏറ്റവുമധികം സൂക്ഷമത പുലര്‍ത്തിയ സംവിധായകന്‍.

ജയറാം

വ്യക്തിപരമായി ഒരാളോടു പോലും ശത്രുത പുലർത്താത്ത ആളാണ് ശശിയേട്ടൻ. യൂണിറ്റ് ബോയ് മുതൽ മുതിർന്ന താരത്തോട് വരെ അടുപ്പത്തോടുകൂടിയെ പെരുമാറു. ആയിരം പേർ സ്ക്രീനിലുണ്ടെങ്കിൽ തന്നെ ഇവരെയെല്ലാം ഒരേപോലെ അഭിനയിപ്പിച്ച് നിയന്ത്രിച്ച് കൊണ്ടുപോകാൻ കഴിവുള്ള സംവിധായകർ വേറെ ഇല്ല. അദ്ദേഹത്തിന് പകരക്കാരൻ ഇല്ല. ഒരുകാലഘട്ടത്തിൽ ഏതൊരു സംവിധായകനും ഐ വി ശശി അല്ലെങ്കിൽ ഐ വി ശശിയെപ്പോലൊരു സംവിധായകൻ ആകണമെന്നായിരുന്നു മോഹം. പ്രേംനസീർ കാലഘട്ടം കഴിഞ്ഞ് ഒരു ന്യൂജനറേഷൻ സംസ്കാരം സിനിമയിൽ ഉണ്ടാക്കിയെടുത്ത് ശശിയേട്ടനാണ്. അദ്ദേഹത്തിന്റെ പേര് എഴുതികാണിക്കുമ്പോൾ തിയറ്ററിൽ കയ്യടികളായിരുന്നു. ഒരു ചരിത്രമാണ് ഇവിടെ അവസാനിക്കുന്നത്.

മുകേഷ്

ശശിയേട്ടൻ എന്ന േപരിനൊപ്പം സിനിമയും ചേർന്ന്കിടക്കുന്നു. ഞാൻ സിനിമയിലെത്തുന്നതിന് മുമ്പേ അദ്ദേഹത്തെ അറിയാം. ഐ വി ശശിയുടെ സിനിമയിൽ അഭിനയിക്കുക എന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹമായിരുന്നു.

എസ് എൻ സ്വാമി

ഞെട്ടിക്കുന്നൊരു വാർത്തയാണ്. അത് ഉൾക്കൊള്ളാൻ ഒരു ബുദ്ധിമുട്ട്. ഐ വി ശശിയുമായി ഒരു സിനിമയിലെ പ്രവർത്തിച്ചിട്ടൊള്ളൂ. ഞാൻ സിനിമ കണ്ടുതുടങ്ങിയ കാലത്ത് പ്രേംനസീർ സിനിമ, സത്യൻ സിനിമ എന്നാണ് അറിയിപ്പെട്ടിരുന്നത്, എന്നാൽ ഒരു സംവിധായകന്റെ പേരിൽ സിനിമ അറിയപ്പെടാൻ തുടങ്ങിയത് ഐ വി ശശിയിൽ നിന്നാണ്. ഐ വി ശശി സിനിമ കാണാൻ പോകണം എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങി. ഒരു സൂപ്പർതാരത്തിനൊപ്പം നിൽക്കുന്ന സംവിധായകൻ. അദ്ദേഹം നല്ലൊരു ആർടിസ്റ്റ് കൂടിയാണ്. കലാപരമായുള്ള ആ കഴിവ് സിനിമയിലും കാണാമായിരുന്നു.

ഐ വി ശശി കാണിച്ചു തന്ന സിനിമകളുടെ മുഖം മറ്റെവിടെയും കണ്ടിട്ടില്ല. മലയാളത്തിലെ പ്രേക്ഷകർക്ക് എക്കാലത്തെയും ഓർമകളാകും അദ്ദേഹത്തിന്റെ സിനിമകൾ.

ഇന്നസെന്റ്

സിനിമയെപ്പറ്റി ഇരിങ്ങാലക്കുടയിൽ നിന്ന് ചിന്തിക്കുന്ന കാലത്ത് സിനിമാ നടൻ ആരാണെന്ന് നോക്കിയാണ് സിനിമയ്ക്ക് പോകുന്നത്. പക്ഷേ ഐ വി ശശി സംവിധാനം ചെയ്ത് തുടങ്ങിയപ്പോഴാണ് അതിനൊരു മാറ്റം തുടങ്ങിയത്. അദ്ദേഹത്തിന്റെ സിനിമയാണെങ്കിൽ ജനം ഓടിയെത്തും.

മികച്ചൊരു ആർട് ഡയറക്ടർ കൂടിയാണ്. ഇതുകൂടാതെ ക്യാമറ ചെയ്യും. ഒരിക്കൽ അദ്ദേഹത്തിന്റെ അപാരത എന്ന സിനിമയിൽ എന്നെ മെയ്ക്ക് അപ് ചെയ്തത് അദ്ദേഹമാണ്. ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. മറ്റുള്ളവരെപ്പോലെ ബിസിനസ് രംഗത്തേക്കും ചുവടുവയ്ക്കാൻ അദ്ദേഹത്തിന് താല്‍പര്യം ഇല്ലായിരുന്നു. മനസ്സിൽ എന്നും സിനിമയായിരുന്നു.

1921 പോലുള്ള സിനിമകൾ അദ്ദേഹത്തിന് മാത്രമെ ചെയ്യാൻ സാധിക്കൂ. ദേവാസുരം എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പേ ആ സ്ക്രിപ്പ്റ്റ് മോഹൻലാലിന് കൊടുത്തിട്ട് പറഞ്ഞു, ‘ ഈ വാര്യർ എന്ന കഥാപാത്രം ഇന്നസെന്റിന് ചെയ്യാൻ പറ്റുമോ എന്നു ചോദിക്കൂ’. അങ്ങനെ അടുത്ത ദിവസം സ്ക്രിപ്പ്റ്റ് വായിച്ചു. ഓക്കെ പറഞ്ഞു. മികച്ച വേഷം. അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു ആ വേഷം ഞാൻ ചെയ്യുമെന്ന്.

ഞാൻ അന്ന് കോമഡി ചെയ്ത് നടക്കുന്ന ആളാണ്, അപ്പോൾ അദ്ദേഹത്തിന് അറിയാം ഈ നടന് അത് ചെയ്യാൻ പറ്റുമെന്ന്. ആ ഒരു കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ലിബർട്ടി ബഷീർ

കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ഞാൻ നേരിട്ട് കണ്ടിരുന്നു. വളരെ സന്തോഷവാനായിരുന്നു. ഇന്ന് അദ്ദേഹം ഓസ്ട്രേലിയയിൽ മകളുടെ അടുത്ത് പോകാനിരുന്നതാണ്. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു ബേർണിങ് ബെൽസ് എന്ന ചിത്രം. അത് നിറവേറ്റാൻ സാധിച്ചില്ല.

രണ്‍ജി പണിക്കർ

മലയാളത്തിലെ ഒരു കാലഘട്ടത്തെ സൃഷ്ടിക്കുകയും അത് സമ്പന്നമാക്കുകയും ചെയ്ത സംവിധായകനാണ് ഐ വി ശശി. മലയാളത്തിൽ ഐ വി ശശിയുടേത് മാത്രമായ ഒരു ആരാധകസമൂഹത്തെ അദ്ദേഹം സൃഷ്ടിച്ചു. എന്റെ തലമുറയിൽപ്പെട്ട ഒരുപാട് ആളുകളെ സിനിമയിലേക്ക് ആകർഷിച്ചത് അദ്ദേഹമാണ്. അതുവരെ ഉണ്ടായിരുന്ന സിനിമാസമ്പ്രദായങ്ങളെ പൊളിച്ചുമാറ്റിയാണ് സിനിമ ചെയ്തിരുന്നത്. ഏറ്റവും സാധാരണക്കാരന്റെ തട്ടിൽ നിന്നാണ് അദ്ദേഹം സിനിമ ചെയ്തത്. അവിടെ നിന്നുകൊണ്ടുതന്നെ വലിയ കാൻവാസിൽ ചിത്രങ്ങൾ ചെയ്തു. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത സിനിമകളും പ്രമേയങ്ങളും അദ്ദേഹം കൊണ്ടുവന്നു. സിനിമയുടെ വാണിജ്യസമ്പ്രദായത്തെ മാറ്റിമറിച്ചു.

ഫാസിൽ

എന്റെയൊക്കെ സിനിമാ ജീവിതത്തിൽ മുന്നോട്ട് നയിച്ച സംവിധായകൻ. എന്റെ കൊളേജ് ജീവിതത്തിൽ സംവിധായകനായിരുന്ന സ്റ്റാർ ആയിരുന്നു ഐ വി ശശി. അടുത്ത തലമുറയിെല ആളുകളെല്ലാം അദ്ദേഹത്തെ മനസ്സിലാക്കിയേണ്ടിയിരിക്കുന്നു. സിനിമയിലെ എല്ലാ മേഖലകളിലും സമ്പൂർണമായ അറിവുള്ള ആളായിരുന്നു ഐ വി ശശി. അതിൽ ഏറ്റവും വലിയ അറിവ് കഥ കൊണ്ടുപോകുന്ന വഴി. എഴുത്തുകാർക്കൊപ്പം കൂടുമ്പോൾ ഓരോ സിനിമയിലും വ്യത്യസ്ത സമീപനത്തിലൂടെയാണ് സംവിധാനം ചെയ്തത്.

ജോൺ പോൾ

മലയാളസിനിമയിലെ മുഖ്യധാരയിൽ ആവേഗതാളത്തിൽ പുതിയ ശ്രുതി ചേർത്ത സംവിധായകൻ. എന്റെ പേര് ആദ്യമായി സിനിമയുടെ ടൈറ്റിലിൽ എഴുതി കാണിച്ച ആൾ. എന്റെ കുടുംബത്തിലെ ഒരംഗം. കുറച്ച് ചിത്രങ്ങളെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടൊള്ളൂ. അദ്ദേഹം ചെയ്യുന്ന മറ്റുസിനിമകളുടെ പണിപ്പുരയിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു.

ലാലു അലക്സ്

എന്റെ കുടുംബാംഗത്തിലൊരാൾ, എന്റെ ജ്യേഷ്ഠൻ. മലയാളസിനിമയിലെ എന്റെ ഗുരുസ്ഥാനീയരിൽ ഒരാൾ. ലാലു അലക്സ് എന്ന നടനെ പത്ത് പേർ അറിയാൻ തുടങ്ങിയത് ഈ നാട് എന്ന സിനിമയിലൂടെയാണ്. എന്റെ ആദ്യചിത്രം മീൻ. അവിടം മുതൽ വർഷങ്ങൾ നീണ്ട ബന്ധം. മൂന്നോ നാല് മാസങ്ങൾക്ക് മുമ്പേ അദ്ദേഹത്തെ എയർപോർട്ടിൽവച്ച് കണ്ടു. അന്നും അദ്ദേഹം ഒരു സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ശശിയേട്ടൻ. എന്നും സിനിമ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.

രാവിലെ അഞ്ച് മണിക്ക് തുടങ്ങും ആക്​ഷൻ. ഒരുനേരം വെറുതെ ഇരിക്കില്ല. ചിലപ്പോള്‍ താടിക്കൊക്കെ തട്ട് വച്ച് തരും. ഞങ്ങളൊക്കെ സിനിമയിൽ വരുന്നതിന് മുമ്പേ അദ്ദേഹം സ്റ്റാർ ആണ്.

ക്യാപ്റ്റൻ രാജു

എന്നെ ക്യാപ്റ്റൻ രാജുവാക്കിയത് എന്റെ എല്ലാമെല്ലാമായിരുന്ന ശശിേയട്ടനാണ്. അദ്ദേഹത്തെക്കുറിച്ച് എത്രപറഞ്ഞാലും മതിയാവില്ല. എന്നെയും മമ്മൂട്ടിയെയുംവച്ച് അദ്ദേഹം ഒരുക്കിയ ആവനാഴി അന്നത്തെ സൂപ്പർഹിറ്റ് ആയിരുന്നു. ഇതുപോലെ വലിയൊരു കലാകരനെ ലോകത്തിൽ ഇനി ലഭിക്കില്ല.

ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ടെക്നീഷ്യൻ കൂടിയായിരുന്നു അദ്ദേഹം. ചില ഷോട്ട് എടുത്ത് കഴിയുമ്പോൾ അദ്ദേഹം തല ചൊറിയും. അപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ആരോടും എതിർവാക്ക് പറയുമായിരുന്നില്ല. നല്ലൊരു മനസ്സുള്ള മനുഷ്യൻ.

വലിയ മാസ് സിനിമകൾ അന്നത്തെക്കാലത്ത് അദ്ദേഹം എടുത്തിരുന്നു. അപാരമായ ധൈര്യമുള്ള സംവിധായകൻ. മലയാളസിനിമയ്ക്ക് ഇതുപോലെ മിടുക്കുള്ള സംവിധായകനെ ലഭിക്കില്ല. ഇന്നത്തെ വലിയ താരങ്ങളെല്ലാം അദ്ദേഹം വളർത്തിയെടുത്തവരാണ്.