Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞെക്കിക്കൊന്നോളൂ ശ്വാസം മുട്ടിച്ച് കൊല്ലരുത്’; സിനിമ വിടാനുള്ള കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി

suresh-gopi-ep

സൂപ്പർതാരം സുരേഷ് ഗോപി സിനിമയിൽ നിന്നും മാറിനിൽക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമാകുകയാണ്. 2015ൽ റിലീസ് ചെയ്ത മൈ ഗോഡ് എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ സജീവമായി രാഷ്ട്രീയരംഗത്തെത്തുകയും ചെയ്തു.

എന്നാൽ സിനിമ വിടാൻ തനിക്കൊരു കാരണമുണ്ടായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ് സുരേഷ് ഗോപി തനിക്കുണ്ടായ അനുഭവത്തെപ്പറ്റി ഒരു പൊതുവേദിയിൽ പറഞ്ഞത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ബയോകെമിസ്ട്രി അനലൈസറിന്റെ  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം വികാരാധീനനായത്. സുരേഷ് ഗോപി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഉപകരണമാണിത്.

‘സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് ചാനൽ റിയാലിറ്റി ഷോയിൽ അവതാരകനായത്. എന്നാല്‍ അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിർമാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയിൽ ഞാൻ സജീവമാകുകയായിരുന്നു.–സുരേഷ് ഗോപി പറഞ്ഞു.

‘മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ല.’ സുരേഷ് ഗോപി വ്യക്തമാക്കി.

സാധാരണക്കാരുടെ ആശുപത്രിയായ എസ്.എ.ടി. ആശുപത്രിയുമായി തനിക്ക് വളരെ അടുത്ത ആത്മബന്ധമാണുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ ആദ്യത്തെ പെണ്‍കുഞ്ഞിനെ സമ്മാനിച്ചത് എസ്.എ.ടി. ആശുപത്രിയാണെന്നും ആ കുഞ്ഞ് അപകടത്തില്‍ പെട്ട് അവസാനം മരണമടഞ്ഞതും തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വച്ചാണെന്നും വേദനയോടെ സുരേഷ് ഗോപി പറഞ്ഞു. 

എംപി ഫണ്ടില്‍ നിന്നും വാങ്ങിച്ച രക്ത പരിശോധന മെഷീന്‍ തന്റെ കൈയ്യില്‍ നിന്നും പണമെടുത്തല്ല വാങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുന്നതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.