Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുതരമല്ലാത്ത ആമിഭാവങ്ങൾ

manju-madhavi

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമി, പ്രഖ്യാപിച്ചപ്പോൾ മുതൽ കാത്തിരിപ്പായിരുന്നു. വിദ്യാബാലനായിരിക്കും ആമിയെന്ന് അറിഞ്ഞപ്പോൾ ആകാംഷകൂടി. വിദ്യമാറി മഞ്ജുവാര്യരാണ് ആമിയാകുന്നതെന്ന് അറിഞ്ഞപ്പോൾ ആകാംഷയേക്കാളേറെ ആശങ്കയായിരുന്നു. വിദ്യാബാലനോളം തന്നെ അഭിനയപാടവമുള്ള മികച്ച അഭിനേത്രി തന്നെയാണ് മഞ്ജു. എങ്കിലും ആമിയാകാൻ മഞ്ജുവിന് സാധിക്കുമോയെന്ന ആശങ്കവലുത് തന്നെയായിരുന്നു. കാരണം ആമി ആമി മാത്രമാണ്. അവൾ ഉന്മാദിനിയാണ്, കവയത്രിയാണ്, കഥാകാരിയാണ് പോരാത്തതിന് പ്രണയിനിയും. മനസിൽ ഒരുപാട് തട്ടുകളുള്ള ഓരോ തട്ടുകളെക്കുറിച്ചും തുറന്നെഴുതിയ എന്നാൽ നിഗൂഢതകൾ സൂക്ഷിച്ച കടലാഴങ്ങളായിരുന്നു മാധവിക്കുട്ടി എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി.

Aami Malayalam Movie Official Trailer | Manju Warrier | Murali Gopy | Tovino Thomas |Kamal

പ്രണയം ആത്മാവാക്കിയവൾ. പ്രണയത്തിനുവേണ്ടി സ്വയം സമർപ്പിച്ചവൾ. അവളുടെ പ്രണയത്തിന്റെ തീഷ്ണതകൾ മനസിലാക്കാനുള്ള കെൽപ്പ് പലപ്പോഴും മലയാളത്തിനും മലയാളികൾക്കും ഇല്ലാതെപോയതുകൊണ്ട് നിരന്തരംവിമർശനങ്ങൾക്ക് വിധേയയാവൾ. പ്രണയമില്ലാത്ത ജീവിതം നിർർഥകമാണ്, എനിക്ക് പ്രണയം വേണം എന്ന് ഉറക്കെ പ്രഖ്യാപിച്ചവൾ. അത്രമേൽ ഭാവതീവ്രതയുള്ള വൈകാരികപ്രക്ഷുബ്ദധതയുള്ള ആമിയെ അഭിനയിച്ചു ഫലിപ്പിക്കൽ അത്ര അനായസമല്ല. 

കേരളത്തിലെ കപടസദാചാരത്തെക്കുറിച്ച് , കുടുംബബന്ധങ്ങളിലെ സ്നേഹരാഹിത്യങ്ങളെക്കുറിച്ച്, ഏകാന്തതകളെക്കുറിച്ച്, വിഹ്വലതകളെക്കുറിച്ച്, രതിയെക്കുറിച്ച് മുത്തുവീഴുന്നതുപോലെയുള്ള ശബ്ദത്തിൽ തുറന്നുസംസാരിച്ചവളായിരുന്നു ആമി. നാലപ്പാട്ടെ പെണ്ണുങ്ങളുടെ നിറമോ സൗന്ദര്യമോ അഴകളവുകളോ ഇല്ലയെന്ന് സ്വയം സങ്കടപ്പെട്ടവൾ. പ്രസവത്തിന് ശേഷം നാലപ്പാട്ടുള്ള സ്ത്രീകളെപ്പോലെ തന്നെ തടിച്ച് മാദകത്വമുള്ളവളായി തിരികെ എത്തിയപ്പോൾ ഭർത്താവ് തന്നെ കണ്ട് കാമാതുരനായി എന്ന് തുറന്നെഴുതിയവൾ. "നനുത്ത മഴയില്‍ ഗുല്‍മോഹര്‍ മരത്തിനു താഴെ നനഞ്ഞു നില്‍ക്കുന്ന എന്നോട് അലക്ഷ്യനായി നടന്നുവെന്നാണ് അവന്‍ പ്രേമം അഭ്യര്‍ഥിക്കുന്നതെങ്കില്‍ ഉറപ്പായും ഞാന്‍ അവനോടു ചേരും" - എന്ന് കൃത്രിമത്വമില്ലാതെ എഴുതിയവൾ. 

"രാജാവിന്റെ അടുത്ത് പോകരുതെന്ന് എനിക്ക് താക്കീത് നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പോവുക തന്നെചെയ്തു. എന്നെ വിശ്വസിക്കു അവന്‍ വേറെ ഏതൊരു പുരുഷനെയുംപോലെ ഒരു പുരുഷനായിരുന്നു. അവന്‍ എന്നെ അവന്റെ മാറിടത്തോട് ചേര്‍ത്തുപിടിച്ചു അവന്‍ പറഞ്ഞു അവന്‍ എന്നെ സ്‌നേഹിച്ചിരുന്നുവെന്ന്. ഞാന്‍ സന്തുഷ്ടയായിരുന്നു അവനും ആനന്ദഭരിതനാണെന്നുഞാന്‍ അറിഞ്ഞു. ഒരു വര്‍ഷത്തിനുശേഷം രക്തത്തിന്റെ ലാഞ്ഛന

കൂടാതെ രണ്ടു മഞ്ഞ ചന്ദ്രന്മാര്‍ വലുതാവുകയും ചുരുങ്ങുകയും ചെയ്തു. അവന്റെ മടിത്തട്ടില്‍ കിടന്ന് ഞാന്‍ അവനോട് പറഞ്ഞു. അവന്റെ മനോഹരമായ മുഖത്ത് സൂര്യന്‍ അസ്തമിച്ചു. എന്റെ കാതുകളില്‍ അവന്റെ നിശ്വാസം കനമേറിയതായിരുന്നു അവന്‍ ഉരിയാടില്ല ഒരു വാക്കുപോലും. " ഇത് എഴുതുമ്പോൾ ആ കണ്ണുകളിൽ ഇളകിയ പ്രണയത്തിന്റെ തിരകൾ ഊഹിക്കാവുന്നതെയുള്ളൂ. പ്രണയം ആമിക്ക് പ്രാണവായുവായിരുന്നു. പ്രണയമില്ലാത്ത അവസ്ഥ ശ്വാസംമുട്ടുന്നതുപോലെയായിരുന്നു ആമിക്ക്. അരൂപിയായ രാജവിനെ പ്രണയിച്ച ആമി പ്രണയിക്കുമ്പോൾ ഒരിക്കൽ പോലും അഭിനയിച്ചിട്ടേയില്ല. 

എന്നാൽ ആമിയുടെ ട്രെയിലറിൽ കണ്ട മഞ്ജു പ്രണയം പ്രതിഫലിപ്പിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു. ഭാഷയിലെ മുത്തുമണികിലുക്കം കേവലം തൃശൂർ ഭാഷയുടെ അനുകരണം മാത്രമായി ഒതുങ്ങിയെന്നും പറയുന്നവരുണ്ട്. പ്രണയംകത്തുന്ന സ്വപ്നങ്ങൾകൊണ്ട് പാതിയടഞ്ഞ കണ്ണുകൾക്കും പകരം കണ്ടത് മഞ്ജുവിന്റെ കരുണനിറഞ്ഞ കണ്ണുകളായിരുന്നു. രാജാവിന്റെ കാമുകിയായി ആമിയേകണ്ടതേയില്ല, മഞ്ജുവിനെ മാത്രമാണ് കണ്ടത്. പട്ടുസാരിയണിഞ്ഞെത്തുന്ന നാലപ്പാട്ടെ അധികം നിറമില്ലെന്ന് സങ്കടപ്പെട്ട മാധവികുട്ടിയുടെ മാദകത്വത്തിന്റെ നിഴൽപോലും മഞ്ജുവിൽ കണ്ടില്ലെന്ന് നിരാശയോടെയെ പറയാൻ സാധിക്കൂ എന്നും ആരാധകർ പറയുന്നു.

മഞ്ജുവിനെ ആമിയാക്കിയെടുക്കാനുള്ള ശ്രമമല്ല, മഞ്ജുവിലൂടെ കഥ പറയാനുള്ള ശ്രമമാണെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടിരുന്നു. എന്നിരുന്നാൽ പോലും അറിയാതെയൊരു താരതമ്യം തോന്നിപ്പോകുന്നതിനെ കുറ്റംപറയാനാകില്ല. കമൽ പറയുന്നത് മഞ്ജുവിന്റെ മാധവികുട്ടിയമ്മയുടെ കഥയാവും, എന്നാൽ മലയാളികൾ പ്രതീക്ഷിക്കുന്നത് അവരുടെ സ്വന്തം ഉന്മാദിയായ ആമിയുടെ കഥ കാണാനാണ്. കാത്തിരിക്കാം സിനിമ വരും വരെ.