പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദിയുടെ കലക്ഷൻ റിപ്പോർട്ട് പുറത്ത്. ചിത്രം പുറത്തിറങ്ങി 11 ദിവസം പിന്നിടുമ്പോൾ വാരിക്കൂട്ടിയത് 20 കോടി രൂപയാണ്. സിനിമയുടെ കേരള ഗ്രോസ് കലക്ഷൻ മാത്രമാണിതെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ മനോരമ ഓൺലൈനോട് അറിയിച്ചു.
കേരളത്തിൽ ഇരുന്നൂറും പുറത്ത് നൂറിലധികം തിയറ്ററുകളില്‍ റിലീസിനെത്തിയ സിനിമയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഒരു പുതുമുഖ നായകന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ കൂടിയാണിത്. ഒൻപത് ദിവസം കൊണ്ട് 5000 പ്രദർശനം ചിത്രം പൂർത്തിയാക്കിയിരുന്നു.
2018 ല്‍ മികച്ച തുടക്കം കിട്ടുന്ന സിനിമ കൂടിയാണ് ആദി. ‘ആദി ’തിയറ്ററിൽ നിന്ന് ആദ്യ ദിവസം നിർമാതാവിന് നേടിക്കൊടുത്ത ഷെയർ ഒന്നരക്കോടിയോളം രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്.
താരപുത്രന്‍ പ്രണവ് നായകനാവുന്ന ആദ്യ സിനിമ എന്ന ലേബലിലാണ് ആദി തിയറ്ററുകളിലേക്കെത്തിയത്. പ്രണവിന്റെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്.