Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍‍യെന്തിരൻ 2.0 ടീസർ ചോർന്നു; എന്താണ് അതിലെ രഹസ്യക്കാഴ്ചകൾ?

Amy Jackson Rajnikanth Akshaykumar yenthiran 2.0

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ 2.0യുടെ ടീസർ ചോർന്നു. ഏറ്റവും പുതിയ ചിത്രം ‘കാലാ’യുടെ ടീസർ ചോർന്നതിനു പിന്നാലെയാണു സംഭവം. യെന്തിരൻ 2.0ലെ ടീസർ ഫൂട്ടേജിലെ ചില ഭാഗങ്ങളാണ് അജ്ഞാതർ ചോർത്തി ഇന്റർനെറ്റിലിട്ടത്. ഇത് വൈറലാവുകയും ചെയ്തു. 

സംഭവം അംഗീകരിക്കാനാകില്ലെന്ന് രജനീകാന്തിന്റെ മകൾ സൗന്ദര്യ പറഞ്ഞു. ഏതാനും സെക്കൻഡ് നേരത്തെ ആവേശത്തിനു വേണ്ടി ഒട്ടേറെപ്പേരുടെ അധ്വാനമാണ് ഇത്തരക്കാർ മറന്നു കളയുന്നതെന്നും സൗന്ദര്യ ട്വീറ്റ് ചെയ്തു. പൈറസിക്കെതിരെ പോരാടണമെന്നും സൗന്ദര്യ ആഹ്വാനം ചെയ്യുന്നുണ്ട്. 

ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ടീസറിന്റെ ഭാഗങ്ങളാണു ചോർന്നത്. ടീസർ മൊബൈലിൽ പകർത്തിയതാണെന്നാണു സൂചന. ചിത്രത്തിലെ സാങ്കേതികക്കാഴ്ചകൾ വ്യക്തമാക്കുന്ന രംഗങ്ങളാണുള്ളത്. മൊബൈലുകൾ പറന്നു പോകുന്നതും രജനീകാന്തിന്റെ യെന്തിരന്‍ കഥാപാത്രത്തിന്റെ ആക്​ഷനുമെല്ലാം ടീസറിൽ കാണാം.

പുറത്തിറക്കാനായി തയാറാക്കിയ ടീസർ ആണിതെന്നാണു കരുതുന്നത്. ഷൂട്ട് ചെയ്യുമ്പോഴുള്ള ദൃശ്യങ്ങളും ചിത്രത്തിലെ ദൃശ്യങ്ങളും ചേർത്താണ് ടീസറിലെ രംഗങ്ങള്‍. രജനീകാന്തും നായികയും വില്ലനുമെല്ലാം ടീസറിലുണ്ട്. കോടികൾ മുടക്കിയെടുത്ത ചിത്രത്തിലെ രംഗങ്ങളും ചോർന്നു പുറത്തെത്തിയതിൽപ്പെടുന്നു.

സിനിമ റിലീസ് ചെയ്യും മുൻപേ അതിലെ രഹസ്യങ്ങളെല്ലാം പുറത്തെത്തിക്കുന്ന വിധത്തിലാണു ടീസർ ചോർന്നിരിക്കുന്നതെന്ന് ചലച്ചിത്രമേഖലയിലെ പ്രമുഖർ ട്വീറ്റ് ചെയ്തു. വിഎഫ്എക്സ് കാഴ്ചകൾ ഉൾപ്പെടെയാണു ചോർന്നത്.

400 കോടി രൂപ ചെലവിട്ടാണ് സംവിധായകൻ ശങ്കർ യെന്തിരന്റെ(2010) രണ്ടാം ഭാഗം ഒരുക്കുന്നത്. ബോളിവുഡ് നടൻ അക്ഷയ്കുമാറാണു ചിത്രത്തിലെ വില്ലൻ. എമി ജാക്സൻ നായികയും.

സിനിമയുടെ വിഎഫ്എക്സ് ഇനിയും പൂർത്തിയായിട്ടില്ല. അതിനിടയാണു ടീസർ ചോർന്നത്. ‘കാലാ’യുടെ ടീസർ ചോർന്നതിനെത്തുടർന്ന് ഷെഡ്യൂൾ ചെയ്തതിലും നേരത്തേ അതു പുറത്തിറക്കേണ്ടി വന്നിരുന്നു.