Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവച്ചവർ ഭയപ്പെടേണ്ടതില്ലെന്ന് സിനിമാ വൃത്തങ്ങൾ

rima-geetu-remya

കൊച്ചി ∙ രാജിവച്ച രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഭാവന, ഗീതു മോഹൻദാസ് എന്നിവരുടെ സിനിമാഭാവി എന്താകുമെന്ന ആശങ്കയാണു പല കോണിൽനിന്ന് ഉയരുന്നത്. എന്നാൽ അത്തരം ഭയത്തിന്റെ ആവശ്യമില്ലാത്തവരാണ് ഈ നാലു പേരുമെന്ന് അവരുടെ കരിയർ ഗ്രാഫ് തെളിയിക്കുന്നു. ‘കേൾക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു കളം മാറിയ ഗീതു മോഹൻദാസ്, നിവിൻ പോളി നായകനാകുന്ന മൂത്തോൻ എന്ന സിനിമയുടെ അണിയറയിലാണ്. മുൻപു ‘ലയേഴ്സ് ഡൈസ്’ എന്ന ചിത്രവും ഗീതു സംവിധാനം ചെയ്തിട്ടുണ്ട്. ഭാവനയുടെ രണ്ടു കന്നഡ ചിത്രങ്ങൾ റിലീസാകാനുണ്ട്. ഹണീ ബീ 2.5, ആദം ജോൺ എന്നിവയാണു മലയാളത്തിൽ മുൻപ് ഇറങ്ങിയ ചിത്രങ്ങൾ.

രമ്യ നമ്പീശനു മലയാളത്തിൽ പുതിയ രണ്ടു പടങ്ങളും തമിഴിൽ ഒരു ചിത്രവും ഉണ്ട്. തമിഴിൽ സജീവമായതിനാൽ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട ആവശ്യം താരത്തിനില്ല. ഗായിക എന്ന നിലയിലും രമ്യ തമിഴിൽ‍ ശ്രദ്ധേയയാണ്. റിമ കല്ലിങ്കൽ പുതിയ ഒരു ചിത്രത്തിൽ മാത്രമാണു കരാർ ഒപ്പുവച്ചിട്ടുള്ളത്. സ്വന്തം ഡാൻസ് സ്കൂളുമായി സജീവമാണു റിമ. അവസരത്തിനായി ആരെയും സമീപിക്കേണ്ട അവസ്ഥയിലല്ല ഇവരാരും. ഇതിൽ രണ്ടുപേരുടെ ഭർത്താക്കൻമാർ മലയാളത്തിലെ മുൻനിര സംവിധായകരാണെന്നതും ശ്രദ്ധേയമാണ്. പഴയ പോലെ ആർക്കും അവസരങ്ങൾ നിഷേധിക്കാൻ ഇപ്പോൾ കഴിയില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

രാജിവച്ച നടിമാർ യുഎസിൽ; തുടർ പ്രതികരണം വേണ്ടെന്നു തീരുമാനം

തൃശൂർ∙ നാട്ടിൽ ‘അമ്മ’ വിവാദം കത്തിപ്പടരുമ്പോൾ അതിലെ നായികമാർ വിദേശത്ത്. രാജിവച്ച നടിമാർ ഉൾപ്പെടുന്ന ഒരു സംഘം യുഎസിലാണിപ്പോൾ. അമ്മ പ്രസിഡന്റ് മോഹൻലാൽ വൈകാതെ ലണ്ടനിലേക്കു യാത്ര തിരിക്കും. ഇടവേള ബാബു യുഎസ് ടീമിലുണ്ടെങ്കിലും അദ്ദേഹം പോകണോ എന്നു തീരുമാനിച്ചിട്ടില്ല. ജൂലൈ 20 വരെ മിക്കവരും വിദേശത്തു തുടരും.

വിവിധ സ്ഥലങ്ങളിലെ ഷോകൾക്കു വേണ്ടിയാണു വനിതാസംഘം യുഎസിലേക്കു പോയത്. മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, പാർവതി എന്നിവരെല്ലാം അമേരിക്കയിലെ വിവിധ ഷോകളിലുണ്ട്. അമ്മ യോഗത്തിനു ശേഷം ഇവർ ഫോണിൽ കൂടിയാലോചന നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും പ്രമുഖ ഭാരവാഹിയായ ബീന പോളുമായും ഇവർ സംസാരിച്ചു.