പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. 21ാം നൂറ്റാണ്ട് എന്നാണ് സിനിമയുടെ പേര്. 31 വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ നായകനായി കെ. മധു ഒരുക്കിയ സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. േപരിന്റെ സാമ്യം പോലെ തന്നെ 21ാം നൂറ്റാണ്ടും ആക്ഷന് എന്റർടെയ്നർ തന്നെയായിരിക്കും. ഇതൊരു അധോലോക കഥ അല്ല എന്ന് പോസ്റ്ററിൽ കാണാം.
ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജൂലൈ ഒൻപതിന് അഞ്ചുമന ക്ഷേത്രത്തിൽെവച്ചാണ് സിനിമയുടെ പൂജ.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.
വമ്പൻ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്–ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ–നോബിൾ ജേക്കബ്.
സിനിമയുടെ തിരക്കഥയും അരുൺ തന്നെ. സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ജീത്തു ജോസഫിന്റെ അസോഷ്യേറ്റായി സിനിമയിൽ രണ്ടാംവരവ് അറിയിച്ച പ്രണവ് ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ആദി. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും സ്വാഭാവിക അഭിനയശേഷി കൊണ്ടും പ്രണവ് പ്രേക്ഷകരുടെ ഇഷ്ടം നേടി. യുവനടന്റെ അരങ്ങേറ്റത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ തുകയും ആദി വാരിക്കൂട്ടി.