സമീപകാലത്തെ, മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ‘പുലി മുരുകൻ’ ഒക്ടോബർ ഏഴിന് മുളകുപാടം ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. ഇരുപത്തിയഞ്ചു കോടി രൂപയോളം മുതൽമുടക്കി മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്നു. ഉദയ് കൃഷ്ണൻ ആദ്യമായി സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ചിത്രമാണിത്.
Pulimurugan Official Trailer | Mohanlal | Vysakh | Mulakuppadam Films
നൂറ്റിയൻപതിലേറെ ദിവസത്തെ ചിത്രീകരണവും ഇരുനൂറു ദിവസത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്‌ഷനും ചിത്രത്തിനു വേണ്ടിവന്നുവെന്ന് സംവിധായകനായ വൈശാഖ് പറഞ്ഞു. മോഹൻലാലും പുലിയുമായുള്ള രംഗങ്ങളാണ് പ്രധാനമായും കംപ്യൂട്ടർ ഗ്രാഫിക്സിനു വിധേയമാകുന്നത്. ബാഹുബലി പോലെ ശ്രദ്ധേയമായ ചിത്രങ്ങളുടെ കംപ്യൂട്ടർ ഗ്രാഫിക്സ് നിർവഹിച്ച ഹൈദരാബാദിലെ ഫയർ ഫ്ളൈ എന്ന കമ്പനിയാണ് ഈ ചിത്രത്തിന്റെയും കംപ്യൂട്ടർ ഗ്രാഫിക്സ് നിർവഹിക്കുന്നത്.
പുലിയുമായി ഏറ്റുമുട്ടുന്ന സാഹസിക രംഗങ്ങൾ അതിസാഹസികതയോടെയാണ് മോഹൻലാൽ അഭിനയിച്ചത്. വിയറ്റ്നാമിലും തായ്‌ലൻഡിലുമായി ദക്ഷിണേഷ്യയിലെ ഏറ്റവും ശ്രദ്ധേയനായ സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്നാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്.
കാമിലാനി മുഖർജിയാണു നായിക. തെലുങ്കുതാരം ജഗപതി ബാബു, തമിഴ്നടൻ കിഷോർ, ലാൽ, സിദ്ദിഖ്, വിനു മോഹൻ, ബാല, സൂരജ് വെഞ്ഞാറമൂട്, ബോളിവുഡ് താരം മകരാന്ത് ദേശ് പാണ്ഡെ, നോബി, സുധീർ കരമന, നന്ദ, എം.ആർ.ഗോപകുമാർ, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പെരടിയിൽ, വി.കെ.സൈജു, കലിംഗ ശശി, ചാലിപാലാ, ജയകൃഷ്ണൻ, സേതുലക്ഷ്മി, കണ്ണൻ പട്ടാമ്പി, തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു.
റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ഷാജിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് ജോൺ കുട്ടി.