Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പുലിമുരുകന്' ശേഷം പത്തുകോടിയുടെ മമ്മൂട്ടി ചിത്രവുമായി ഉദയകൃഷ്ണ

mammootty-ajai ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്

നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്നത് മമ്മുട്ടി ചിത്രത്തിന് വേണ്ടി. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം റോയൽ സിനിമാസിൻ്റെ ബാനറിൽ മുൻ പ്രവാസിയായ സി.എച്ച്.മുഹമ്മദ് 10 കോടി രൂപ ചെലവിട്ട് നിർമിക്കുന്നു. റോയൽ സിനിമാസിൻ്റെ ആദ്യ ചിത്രമാണിത്. കമ്പനിയുടെ ഉദ്ഘാടനവും ചിത്രത്തിന്റെ പ്രഖ്യാപനവും ദുബായിൽ നടന്നു.

mammootty-ajai-14 റോയൽ സിനിമാസിന്റെ ലോഗോ വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്യുന്നു. നിർമാതാവ് സി.എച്ച്.മുഹമ്മദ്, സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, മിഥുൻ രമേശ് എന്നിവരെ കാണാം.

ക്യാംപസിൽ നടക്കുന്ന ഒരു കൊലപാതകത്തെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻ്റെ പ്രമേയം. മമ്മുട്ടി കോളജ് പ്രഫസറായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ്, ഉണ്ണി മുകുന്ദൻ, സലീം കുമാർ, ഷാജോൺ, കൈലാഷ്, മഖ്ബൂൽ സൽമാൻ, ജോൺ, അർജുൻ നന്ദകുമാർ തുടങ്ങിയ നാൽപതോളം നടീനടന്മാർ അണിനിരക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.

ഏപ്രിൽ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഒാണത്തിന് റീലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സി.എച്ച്.മുഹമ്മദ്, അജയ് വാസുദേവ് എന്നിവർ പറഞ്ഞു. ഷാജിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം: ദീപക് ദേവ്. എഡിറ്റർ: ജോൺകുട്ടി. കലാസംവിധാനം: ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം:പ്രവീൺ വർമ. നിർമാണ നിർവഹണം: ഡിക്സൺ. ആക് ഷൻ: അനൽ. നൃത്തസംവിധാനം: ബൃന്ദ.

mammootty-ajai-1

രാജാധിരാജ പോലെ മാസ്സ് എൻ്റർടൈനറായിരിക്കും തന്റെ പുതിയ ചിത്രമെന്ന് സംവിധായകൻ അജയ് വാസുദേവ് പറഞ്ഞു. ഒരു ഒാണച്ചിത്രത്തിൻ്റെ എല്ലാ ഹരവും ചിത്രം പകരും. പുലിമുരുകന്റെ മെഗാ വിജയം പുതിയ ചിത്രത്തിൻ്റെ രചനയ്ക്ക് ഭാരമാകില്ലെന്ന് ഉദയകൃഷ്ണ പറഞ്ഞു.

മോഹൻലാൽ എന്ന നടനില്ലായിരുന്നുവെങ്കിൽ പുലിമുരുകൻ ഉപേക്ഷിക്കുമായിരുന്നു. രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആ ചിത്രം സംഭവിച്ചത്. മിനിമം ഗ്യാരണ്ടിയുള്ളതിനാലാണ് മമ്മൂട്ടി, മോഹൻലാൽ എന്നിവരെ വച്ച് സിനിമ നിർമിക്കാൻ ആളുകൾ തയ്യാറാകുന്നത്. ടോമിച്ചൻ മുളകുപാടം നിർമിച്ച് ജോഷി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടിയും താൻ എഴുതിക്കൊണ്ടിരിക്കുകയാെണെന്ന് ഉദയകൃഷ്ണ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഉദയകൃഷ്ണ, നിർമാതാക്കളായ വൈശാഖ് രാജൻ, മിലൻ ജലീൽ എന്നിവരും സംബന്ധിച്ചു.