മണി കലാഭവനിലെത്തുമ്പോൾ ഞാൻ സിനിമയിൽ സഹസംവിധായകനായി പോന്നിരുന്നു.ഞങ്ങൾ മുൻപ് ഒരുമിച്ചു മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. മണി സ്റ്റേജിൽ അസാമാന്യ പ്രകടനം നടത്തുന്ന വ്യക്തിയായിരുന്നു.നമ്മൾ സിനിമാതാരങ്ങളെയും മറ്റും അനുകരിക്കുമ്പോൾ മണി പുലിയും പൂച്ചയും സിംഹവുമൊക്കെയായി വേദിയിൽ നിറയും. അതിസുന്ദരമായി പാടും. മണിയുടെ തന്നെ ട്രേഡ്മാർക്കിൽ ചിരിക്കും.
സല്ലാപത്തിൽ അഭിനയിക്കാൻ ഷൊർണൂർ ഗസ്റ്റ് ഹൗസിലെത്തുമ്പോൾ ഒരു മൂലയ്ക്ക് മാറി നിന്ന മണിയോടു ഞാൻ പറഞ്ഞു. ഈ സിനിമയോടെ നീ ശ്രദ്ധിക്കപ്പെടും. നിന്റെ വാക്ക് പൊന്നാകട്ടെയെടാ എന്നു പറഞ്ഞ് അന്നു മണിയെന്നെ കെട്ടിപ്പിടിച്ചു. ചില കാര്യങ്ങളിൽ വേഗം ദേഷ്യം വരുന്നവനാണ് മണി. എന്നാൽ എന്നോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഞാൻ പറഞ്ഞാൽ എന്തു കലഹവും നിർത്തും. എനിക്ക് മണിയൊരു സുഹൃത്തല്ലായിരുന്നു. എന്റെ കൂടെപ്പിറപ്പായിരുന്നു.
സുഹൃത്തുക്കൾക്കു വേണ്ടി മാത്രമാണ് മണി ജീവിച്ചത്.അവർക്കു വേണ്ടി വഴക്കിട്ടു. അവർക്കു വേണ്ടി നല്ല ഭക്ഷണങ്ങൾ വച്ചു നൽകി.അവരെ സന്തോഷിപ്പിച്ചു.അങ്ങനെ കൂട്ടുകാരുടെ സന്തോഷങ്ങളായിരുന്നു മണിയുടെ സന്തോഷം.കായികാഭ്യാസിയായിരുന്നു മണി.കുബേരൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എന്റെ ഒപ്പം നാലുപേരെ തോളിലിട്ട് അനായാസം നടന്നു നീങ്ങുന്ന മണിയുടെ കരുത്ത് ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. എത്ര റീ ടേക്ക് പറഞ്ഞാലും മണി തളരില്ല.
മണി ജീവനൊടുക്കിയെന്ന് ചിലർ പറഞ്ഞു.മണി ഒരിക്കലും അങ്ങനെ ചെയ്യില്ല.അവൻ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചതല്ല.ഒഴുക്കിനെതിരെ നീന്തിയവനാണ്.മനുഷ്യസ്നേഹിയും കുടുംബസ്നേഹിയുമാണ്.മകളെ അത്രമാത്രം അവൻ സ്നേഹിച്ചിരുന്നു.അങ്ങനെയൊരാൾ അതു ചെയ്യില്ല.