ക്ളാസിക് കലകൾക്കൊപ്പം സിനിമാ അഭിനയത്തെ ഉയർത്തിയ നടനാണു മോഹൻലാലെന്നു കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി. ലാലിനോളം പ്രതിഭയുള്ള നടൻ സിനിമയിൽ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു.
കഥകളി, കൂടിയാട്ടം പോലുള്ള ക്ളാസിക് കലകളിൽ അഭിനേതാക്കൾ ഉണ്ടാകുന്നതു നിരന്തര പരിശീലനത്തിലൂടെയാണ്. എട്ടു വർഷമെങ്കിലും പഠിച്ച ശേഷമാണ് ഇവർ അരങ്ങിലെത്തുന്നത്. അവർക്കു അഭിയനമല്ലാതെ വേറെ ജീവിത ലക്ഷ്യമില്ല. കഥാപാത്രങ്ങളെ ഓരോ അരങ്ങിലും അവർ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ഇതേ പ്രതിഭ സിനിമയിൽ കാണിക്കുന്നത് മോഹൻലാലാണ്. അഭിനയത്തിൽ ലാലിനു പരിശീലനമുണ്ടായിട്ടില്ല. അതിനായി പ്രത്യേകം സമയം വിനിയോഗിച്ചിട്ടുമില്ല.
എന്നിട്ടും അഭിനയത്തെ ഇത്തരമൊരു തലത്തിലേക്കു കൊണ്ടുവരാനാകുന്നതു പ്രതിഭകൊണ്ടു മാത്രമാണ്. വാനപ്രസ്ഥമായാലും പുതിയ സിനിമ ആയാലും അതിൽ കാണുന്നതു ആ സിനിമയിൽ മാത്രം കാണുന്ന മോഹൻലാലിനെയാണ്. ഇതു ക്ളാസിക് കലയുടെ മാത്രം രീതിയാണ്. സിനിമയിൽ നല്ല നടന്മാർ വേറെയും ഉണ്ട്. അവരിൽ പലരും വലിയ നടന്മാരുമാണ്. എന്നാൽ എല്ലാറ്റിലും ഉയരത്തിൽ സ്വന്തം പ്രവർത്തിയെ കൊണ്ടു നിർത്തുകയാണ് ഒരു മഹാനടന്മാർ ചെയ്യുന്നത്.
അതു ചെയ്യാൻ മോഹൻലാലിനു മാത്രമെ ആയിട്ടുള്ളു. കഥപാത്രത്തെ എത്രത്തോളം ഉൾക്കൊള്ളുന്നു എന്നു നോക്കിയാണ് ഒരു നടനെ വിലയിരുത്തുന്നത്. മോഹൻലാൽ തിരശ്ശീലയിൽ എത്തുമ്പോൾ മിക്കപ്പോഴും നടൻ ഉണ്ടാകാറില്ല. കഥാപാത്രം മാത്രമെ ഉണ്ടാകാറുള്ളു. അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹം സംസാരിക്കുന്ന ഭാഷ മനസ്സിലാക്കി കൊണ്ടുതന്നെ നേരിൽ കാണാനാകുന്നു എന്നതു എനിക്കു വലിയ അഭിമാനമായി തോന്നിയിട്ടുണ്ട്. കലാമണ്ഡലം ഗോപി പറഞ്ഞു.