‘മഹേഷിന്റെ പ്രതികാരത്തെ പറ്റി കേട്ട് കേട്ട് കൊതി പിടിച്ചു. യുഎഇ റിലീസിന് കാത്തു നിൽക്കാനുള്ള ക്ഷമയില്ല. നാട്ടിൽ പോയി കാണാൻ പോകുവാ ഇന്ന്... എന്തല്ലേ...’സിനിമയുടെ അഭിപ്രായം കണ്ട് മനസ്സ് നിറഞ്ഞ ഒരു പ്രവാസിയുടെ വാക്കുകളാണിത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരാണ് മഹേഷിന്റെ പ്രതികാരത്തിന്റെ പ്രചാരകർ. ഒന്നും രണ്ടും തവണയാണ് ആളുകൾ ഈ ചിത്രം കാണാൻ കയറുന്നത്. റിലീസ് ദിവസം തന്നെ ചിത്രത്തെ വലിച്ചു കീറുമെന്ന് പറയപ്പെടുന്ന സോഷ്യൽ മീഡിയ വരെ സിനിമയെ ഏറ്റെടുത്ത് കഴിഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിന് സ്വന്തം നാട്ടിൽ കിട്ടുന്ന സ്വീകാര്യത കണ്ട് മതിമറന്ന് സിനിമ കാണാൻ നാട്ടിലേക്ക് വിമാനം കയറുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷാജി നാരായണ്‍. ‘മഹേഷിന്റെ പ്രതികാരത്തെ പറ്റി കേട്ട് കേട്ട് കൊതി പിടിച്ചു. യുഎഇ റിലീസിന് കാത്തു നില്കാനുള്ള ക്ഷമയില്ല. നാട്ടിൽ പോയി കാണാൻ പോകുവാ ഇന്ന്... എന്തല്ലേ...’ ഷാജി ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ റിലീസ് ചെയ്യുന്ന മലയാള സിനിമകൾ ഒന്നുരണ്ട് ആഴ്ചയ്ക്ക് ശേഷമാകും യുഎഇ റിലീസിന് എത്തുക. സിനിമാപ്രേമിയായ ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അത് കാത്തിരിപ്പിന്റെ നിമിഷങ്ങളും. ഷാജി എന്തായാലും നാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു.
ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറുകയാണ്. കേരളത്തിന് പുറത്തും അടുത്തയാഴ്ചയോടെ ചിത്രം റിലീസിനെത്തും. ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെ ബാനറില്‍ ആഷിക് അബു നിർമിച്ചിരിക്കുന്ന ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്തിരിക്കുന്നു.