എന്റെ ചിലങ്ക റോസ് മേരിക്ക് കൊടുക്കുന്നു എന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞിട്ടുമുണ്ട്. ആ ചിലങ്ക, ഇപ്പോഴിതാ മഞ്ജു വാരിയർക്ക് ലഭിക്കുന്നു. കമൽ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ ജീവചരിത്ര സിനിമയിൽ മഞ്ജുവാണ് നായികയെന്ന് ഉറപ്പിച്ചു. കണ്ണെഴുതി പൊട്ടുംതൊട്ട്, ആറാംതമ്പുരാൻ എന്നീ സിനിമകളിൽ വലിയ പൊട്ട് തൊട്ടിട്ടുണ്ട് മഞ്ജു. ആറാം തമ്പുരാനിൽ ‘കോലോത്തോ തമ്പുരാട്ടിയാടോ മാഷേ...’ എന്ന് ഉണ്ണിമായ പറയുമ്പോഴുള്ള ശൗര്യമുണ്ടല്ലോ, അതാണ് മഞ്ജുവിന്റെ പെൺവേഷങ്ങൾക്കുള്ളത്.
വലിയപൊട്ടു തൊട്ടതുകൊണ്ടോ പട്ടുസാരി ഉടുത്തതുകൊണ്ടോ മുടി ഇരുവശത്തേക്കും ചീകിയിട്ടോ മാത്രം മാധവിക്കുട്ടിയാകാനാവില്ല. മാധവിക്കുട്ടി തീഷ്ണമായ ഒരു തീക്കനലാണ്. എഴുത്തിലും ജീവിതത്തിലും. എഴുത്തിലും ജീവിതത്തിലും വിഗ്രഹങ്ങളെ ഉടച്ചവളായിരുന്നു മാധവിക്കുട്ടി. അവരുടെ ജീവിതം നമ്മുടെ മുന്നിലുണ്ടായിരുന്നു. എന്റെ കഥയിലെ തുറന്നെഴുത്തിന്റേത് സൗന്ദര്യം മാത്രമായിരുന്നില്ല. ക്ഷോഭമായിരുന്നു. ക്ഷോഭിക്കുന്ന സ്ത്രീയുടെ കരുത്തേറിയ സൗന്ദര്യം.
അതു ഭാഷയിലും കാഴ്ചയിലും ജീവിതത്തിലെ തീരുമാനങ്ങളിലും മാധവിക്കുട്ടിക്കുണ്ടായിരുന്നു. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നതിനു മാധവിക്കുട്ടിയോളം ചേരുന്നൊരു പര്യായവുമുണ്ടാവില്ല. ശരീരത്തെക്കുറിച്ചും പ്രണയങ്ങളെ കുറിച്ചും ആ തുറന്നെഴുത്തുകൾ ചന്ദനമരങ്ങളായി പൂത്തുലഞ്ഞു. കമലദാസെന്ന ഇംഗ്ലിഷ് കവയിത്രി, മാധവിക്കുട്ടിയെന്ന കഥപറച്ചിലുകാരി, കമലസുരയ്യ എന്ന കൂടുമാറ്റം. മറ്റൊരു വ്യക്തിക്കും സാധ്യമല്ലാതിരുന്ന സാഹസികതയായിരുന്നു ആ ജീവിതം. നീർമാതളത്തിന്റെ ഓർമകളുമായി നഗരത്തിലെ ഒരു ഫ്‌ളാറ്റ് മുറിയിലൊറ്റയ്ക്കു പ്രകാശമാനമായ മുഖംമാത്രം പർദയിലൂടെ വെളിപ്പെടുത്തി പ്രിയപ്പെട്ട കമല.
മഞ്ജുവും മലയാളിക്കു കരുത്തേറിയ പെൺമുഖമാണ്. അടങ്ങിയൊതുങ്ങിയ വാർപ്പു നായികമാരെ മാത്രം കണ്ടു ശീലിച്ച മലയാള സിനിമയ്ക്ക് കരുത്തുള്ള പെൺമുഖമായി മഞ്ജു. സല്ലാപം മുതലിങ്ങോട്ട് മഞ്ജുവിന്റെ സിനിമകളോരോന്നുമെടുത്താൽ അവരെല്ലാം മാധവിക്കുട്ടിയെ വായിച്ച സ്ത്രീകളാണോ എന്നു തോന്നിപ്പിക്കും. ഭയമില്ലാത്തവരായിരുന്നു അവർ. തീരുമാനങ്ങളിൽ മഞ്ജു പുലർത്തിയ കാർക്കശ്യം മാധവിക്കുട്ടിയുടെ സ്ത്രീകളെ ഓർമിപ്പിക്കുന്നതാണ്. മഞ്ജു ആമിയെ ആവാഹിക്കട്ടെ. മാധവിക്കുട്ടിയെ വായിച്ചുവായിച്ച് സ്വയം ആമിയായി മഞ്ജു മാറട്ടെ.
പലർക്കും മനസ്സിലാകാതെ പോയ ഒട്ടനവധി ചോദ്യങ്ങളുണ്ട് ആമിയുടെ ജീവിതത്തിൽ. മതം മാറിയത് എന്തിനെന്നടക്കം. കമൽ തന്നെയാണ് സിനിമയുടെ രചന. സർഗാത്മക സ്വാതന്ത്ര്യത്തോടെ കമൽ അന്വേഷിക്കുന്നതും ആ ഉത്തരങ്ങളാകും. മാധവിക്കുട്ടിയുടെ ഏറെ വിവാദാത്മകമായ പെൺജീവിതം സിനിമയിലേക്കു തുറന്നു വയ്ക്കുമ്പോൾ, കമലൊരു വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. വിദ്യാബാലൻ പോലും പിന്മാറിയ ഒരു ദൗത്യം മഞ്ജുവും ഏറ്റെടുക്കുന്നു. കമലും മഞ്ജുവും ധീരതയോടെ ഏർപ്പെടുന്ന സർഗാത്മക പ്രവൃത്തിയാണ് ആമി.