കണ്ണിൽ ചിലങ്കമണി കിലുക്കുന്ന കായലോളങ്ങൾ, കാതിൽ ആനന്ദലഹരി നിറയ്ക്കുന്ന പാടവരമ്പത്തെ കാറ്റ്, കരളിൽ അനുരാഗക്കരിക്കിൻവെള്ളം നിറയ്ക്കുന്ന കൊതുമ്പുവള്ളങ്ങൾ... സംവിധായകൻ ജിബു ജേക്കബിനോടു മോഹൻലാൽ ചോദിച്ചു: ‘ഈ സിനിമ മൊത്തം ആലപ്പുഴയിലാക്കിക്കൂടായിരുന്നോ...?’ ജിബു അപ്പോൾ എടുത്ത ഷോട്ടിനു കട്ടില്ലാത്തതുപോലെ ലാൽ ഒരു ലാലസത്തിൽ നിന്നു. എഴുതിയതിനപ്പുറത്തെ പച്ചപ്പ് നായകന്റെ ഭാവത്തിൽ നിറഞ്ഞപ്പോൾ തിരക്കഥാകൃത്ത് എം.സിന്ധുരാജിന്റെ മുഖത്തും നിറചിരി വിരിഞ്ഞു.
മുപ്പത്തഞ്ചു കൊല്ലം മുൻപു മോഹൻലാൽ എന്ന നടനെ കണ്ടെടുത്തത് ആലപ്പുഴയാണ്. പക്ഷേ, മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു കുട്ടനാടൻ സിനിമ ലാൽ ചെയ്തിട്ടില്ല. ലോകം മുഴുവൻ ക്യാമറയുമായി ഓടിയെത്തുന്ന കുട്ടനാട്ടിൽ, ഈ സുന്ദര മുഖഛായയെ ബന്ധനം ചെയ്തിടുവാൻ ഇതുവരെ കഴിഞ്ഞില്ലെന്നോ? വിസ്മയം പങ്കുവച്ചപ്പോൾ ലാലേട്ടൻ അതേ അദ്ഭുതത്തോടെ പറഞ്ഞു: ‘ശരിക്കു പറഞ്ഞാൽ കുട്ടനാട്ടിൽ ഇങ്ങനെ ആദ്യമാണ്; ലാൽസലാമിലും രക്തസാക്ഷികൾ സിന്ദാബാദിലുമൊക്കെ ചില ഷോട്ടുകൾ വന്നുപോയിട്ടുണ്ടെന്നല്ലാതെ’.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലേക്കു മോഹൻലാൽ എന്ന നവോദയത്തെ നവോദയ പ്രൊഡക്‌ഷൻസ് കണ്ടെത്തിയത് കുട്ടനാടൻ പാടത്തിന്റെ വരമ്പത്തുള്ള ആലപ്പുഴ നഗരത്തിലാണ്. പ്രിയദർശനോടൊപ്പം ബൈക്കോടിച്ചു സിനിമയെത്തേടി വന്ന ചെറുപ്പക്കാരൻ പിന്നെ സിനിമാപ്പുഴയിൽ നീന്തിത്തുടിച്ചു, മുങ്ങിക്കുളിച്ചു.
ചുണ്ടൻവള്ളത്തെപ്പോലെ തുഴഞ്ഞുപാഞ്ഞ പതിറ്റാണ്ടുകളിലൊന്നും ഒരു കുട്ടനാടൻ കഥ ലാലിനുവേണ്ടി ആരും ഒരുക്കിയില്ലെന്നു പറയുമ്പോൾ...? ‘എന്തോ, അതങ്ങനെ സംഭവിച്ചു. എന്തുകൊണ്ടോ അങ്ങനെയൊന്ന് ഒത്തുവന്നില്ല’–കാറ്റിന്റെ മണം പിടിച്ചു രസിച്ചുനിന്നുകൊണ്ടു ലാൽ പറഞ്ഞു.തനി നാടനോ തനി കുട്ടനാടനോ ആയിട്ടല്ലെങ്കിലും, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ഈ ചിത്രം ലളിതജീവിയായൊരു നായകനായി ലാലിനെ വീണ്ടും സ്ക്രീനിലെത്തിക്കുകയാണ്.. ‘വെള്ളിമൂങ്ങ’ കഴിഞ്ഞു ജിബുവിന്റെ രണ്ടാം ചിത്രം.
ജലോത്സവം, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നിവ കഴിഞ്ഞു സിന്ധുരാജിന്റെ മറ്റൊരു കുട്ടനാടൻ ടച്ചുള്ള ചിത്രം. കീഴാറ്റൂർ എന്ന പ്രദേശവാസിയായ ഉലഹന്നാൻ എന്ന നായകനെയും ആനിയമ്മ എന്ന നായികയെയും (മീന) കുടുംബത്തെയും അവതരിപ്പിക്കുന്ന പ്രധാന ഭാഗങ്ങളൊക്കെ കോഴിക്കോട്ടാണു ചിത്രീകരിച്ചത്. സിനിമയിൽ സ്ഥലം കോഴിക്കോടായി അടയാളപ്പെടുത്തപ്പെട്ടില്ലെങ്കിലും, നായകന്റെയും നായികയുടെയും തറവാടുകളുള്ള കുട്ടനാടിനെ ആ സംസ്കാരത്തിൽത്തന്നെ തിരക്കഥയിൽ കുറിച്ചിട്ടിട്ടുണ്ട്.
ഭാര്യവീട്ടിലേക്കു മക്കളോടൊപ്പം ആഹ്ലാദപൂർവം കയറിവരുന്ന രംഗത്തിന്റെ സഫലമായ ചിത്രീകരണം കഴിഞ്ഞപ്പോൾ ലാൽ പറഞ്ഞു: ‘എല്ലാവർക്കും ഒരു ജീവിതത്തിൽ ഒരു രണ്ടാം ജീവിതമുണ്ടാവില്ലേ?, ഇല്ലേ’ എന്നു ചോദിച്ചുകൊണ്ടു സിന്ധുരാജിന്റെ മുഖത്തേക്കു നോക്കി. എല്ലാം സ്ക്രീനിൽ കാണാം എന്ന മട്ടിൽ എഴുത്തുകാരൻ തിരിച്ചു ചിരിച്ചു. ‘എല്ലാവർക്കും എന്നല്ല, പലർക്കുമുണ്ടാവും അങ്ങനെയൊരു ജീവിതം. വിവാഹിതനായി ഏഴു വർഷം കഴിയുമ്പോൾ അതു സംഭവിക്കുമെന്നൊക്കെ പറയാറുണ്ട്. അങ്ങനെയൊരു ജീവിതമാണ് ഈ കഥയിലെ കുടുംബത്തിൽ’.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രത്തിന്റെ ഗാനരംഗങ്ങൾക്കുവേണ്ടി നാലു ദിവസത്തേക്കു മാത്രമാണു മോഹൻലാൽ ഇത്തവണ കുട്ടനാട്ടിലെത്തിയത്. മങ്കൊമ്പിലെ കല്ലുപുരയ്ക്കൽ വീടിന്റെ മുറ്റത്തെ കൽബെഞ്ചിലിരിക്കുമ്പോൾ മൊബൈൽ ഫോണിൽ നിറയെ പാക്കിസ്ഥാൻ അതിർത്തിയിലെ യുദ്ധസമാന സാഹചര്യങ്ങളെക്കുറിച്ചുള്ള കമന്റുകൾ വന്നു നിറയുന്നു. ഉടുത്ത മുണ്ടിന്റെ കരപോലെ തിളങ്ങുന്ന ചിരിയോടെ ലാലേട്ടനിരുന്നു; കുട്ടനാടിനൊരു കുറി തൊട്ടപോലെ; ഒരു മുഴുനീള കുട്ടനാടൻ കഥ പറയാൻ ഇനിയും വരുമെന്നപോലെ.