മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ട് വീണ്ടും തലസ്ഥാനത്ത്. എക്കാലത്തെയും ഹിറ്റ് ജോടികളായ പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഒപ്പം സിനിമയുടെ ചിത്രീകരണമാണു തലസ്ഥാനത്തുള്ളത്. ഇന്നലെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഷൂട്ടിങ്ങിൽ മോഹൻലാൽ ഉൾപ്പെടെയുള്ള വൻ താരനിര അഭിനയിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകളാണു ചിത്രാഞ്ജലിയിൽ ഷൂട്ട് ചെയ്യുന്നതെന്നാണു വിവരം. രണ്ടു ദിവസമാണു ചിത്രീകരണം. മോഹൻലാൽ ഒരു അന്ധന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഗീതാഞ്ജലിയാണു ലാലും പ്രിയദർശനും അവസാനം ഒന്നിച്ച ചിത്രം.
സാധാരണ സിനിമകൾ ചെയ്യുന്നതിനെക്കാൾ ബുദ്ധിമുട്ടാണു ഷോർട്ട് ഫിലിമുകൾ ചെയ്യാനെന്നു മോഹൻലാൽ പറയുന്നു. രേവതി കലാമന്ദിർ ഫിലിം അക്കാദമിയുടെ രണ്ടു ചിത്രങ്ങളുടെ പൂജാചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 38 വർഷങ്ങൾക്കു മുൻപു താനും സുരേഷ്കുമാറും പ്രിയദർശനും അശോകും ഉൾപ്പെടുന്ന സംഘത്തിന്റെ തുടക്കവും കെഎസ്എഫ്ഡിസിയിൽ നിന്നായിരുന്നു. സിനിമയായിരുന്നു എല്ലാവരുടെയും മോഹമെങ്കിലും പലരും പലരീതിയിൽ പ്രശസ്തരായി. താൻ അഭിനേതാവായി.
പ്രിയദർശൻ സംവിധായകനായി.അശോക് കുമാർ ബിസിനസുകാരനായി. സുരേഷ്കുമാർ നിർമാതാവായി. രേവതി കലാമന്ദിറിന്റെ പുത്തൻ സംരംഭം ഇവിടെ നിന്നു തുടങ്ങുന്നതിനെ ഗുരുത്വമായി കാണുകയാണ്. പല കുട്ടികൾക്കും മുൻപ് ഷോർട്ട് ഫിലിം ചെയ്തുകൊടുത്തിട്ടുണ്ട്. സാധാരണ സിനിമയെക്കാൾ ബുദ്ധിമുട്ടാണ് അതു ചെയ്യാൻ. മോഹൻലാൽ പറഞ്ഞു. സുരേഷിന്റെ പുതിയ സംരംഭത്തിന് ആശംസകൾ നേർന്നാണു മോഹൻലാൽ അവസാനിപ്പിച്ചത്.