ആരാധകര്‍ക്ക് അത്ഭുതം സമ്മാനിച്ചാണ് ഫഹദ് നസ്രിയ വിവാഹവാര്‍ത്ത പുറത്തുവന്നത്. മൈലാഞ്ചി ചോപ്പണിഞ്ഞ് ഫഹദ് ഫാസിലിന്റെ മണവാട്ടിയായി മലയാളത്തിലെ സിനിമാകുടുബത്തിന്റെ മരുമകളായി. സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഫഹദ്–നസ്രിയ ജോഡികളുടേത്.
ഇരു താരങ്ങളും മലയാളി പ്രേക്ഷകർക്ക് സ്വീകാര്യർ. പക്ഷെ വിവാഹക്കാര്യം പുറത്തറിയിച്ചപ്പോൾ ഇരുവരുടെയും പ്രായം ഒരു പ്രശ്നമല്ലേ എന്ന ചോദ്യവും ഉയർന്നിരുന്നു? അതിനുള്ള മറുപടി ഇപ്പോൾ നസ്രിയ പറയുന്നു.
∙കല്യാണം കുറച്ചു നേരത്തേ ആയിപ്പോയി എന്നു തോന്നിയില്ലേ നസ്രിയയ്ക്ക്?
ഒരു 26 വയസായിട്ട് മതി കല്യാണം എന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, എനിക്ക് ഷാനുവിനെത്തന്നെ വേണം എന്നുണ്ടായിരുന്നു. ഷാനുവിനെ കല്യാണം കഴിക്കുന്നതോടെ എന്റെ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടില്ല എന്നുറപ്പുണ്ടായിരുന്നു. എനിക്കിഷ്ടമുള്ള ഒരു കാര്യവും ചെയ്യേണ്ട എന്ന് ഷാനു പറയില്ല. ഞാൻ പണ്ടെങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും. കഴിഞ്ഞ കുറേ ദിവസങ്ങൾ ഞാൻ അമാലുമായി (ദുൽഖറിന്റെ ഭാര്യ) കറങ്ങുകയായിരുന്നു. ഫ്ളാറ്റിന്റെ ഇന്റീരിയർ ചെയ്യാനുള്ള ഷോപ്പിങ് ഒക്കെയായി. ഇടയ്ക്കു മമ്മൂട്ടിയങ്കിൾ ഞങ്ങളെ കളിയാക്കുന്നുണ്ടായിരുന്നു. ‘ രണ്ടുപേരും ഭർത്താവിനെ പറ്റിച്ച് കാശും വാങ്ങി കറങ്ങിനടക്കുകയാണെ’ന്ന്.
∙നസ്രിയയുടെ തടിയും പേരു തെറ്റിച്ചുള്ള അവാർഡ് പ്രഖ്യാപനവുമൊക്കെയായിരുന്നു ഇടയ്ക്ക് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം?
എന്റെ പേരു തെറ്റിക്കൽ പുതിയ സംഭവമേയല്ല. ഞാൻ വളർന്നത് ദുബായ്‌യിലായിരുന്നു. അറബിക് സ്വഭാവമുള്ള ഈ പേര് അവിടെ എല്ലാവരും കൃത്യമായിത്തന്നെ വിളിച്ചു. ഇവിടെ വന്നപ്പോൾ മുതൽ പേരു മാറിത്തുടങ്ങി. ഒരു ചടങ്ങിൽ എന്റെ പേര് വിളിച്ചത് നസ്രാണി നസീർ എന്നാണ്.
ഞാൻ അടുക്കളയിൽ കയറിത്തുടങ്ങിയതോടെയാണ് തടി കൂടിയത്. നമ്മളുണ്ടാക്കുന്ന ഭക്ഷണം കളയാൻ മനസു വരില്ലല്ലോ ഒരിക്കലും. പിന്നെ ഷാനുവിനാണെങ്കിൽ ഞാൻ ഉണ്ടാക്കുന്ന ബിരിയാണി ഒരുപാടിഷ്ടമാണ്. അപ്പോൾ ഇടയ്ക്കിടെ ബിരിയാണിയുണ്ടാക്കും. അതൊക്കെയാണ് ഈ ശരീരത്തിൽ കാണുന്നത്.
വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നസ്രിയ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം