മലയാളത്തിലെ ഏറ്റവും മികച്ച കലക്ഷൻ റെക്കോര്‍ഡുമായി പുലിമുരുകൻ. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം വാരിക്കൂട്ടിയത് അറുപതുകോടി രൂപ. ഇന്ത്യയൊട്ടാകെ ഉള്ള കലക്ഷൻ തുകയാണിത്.
ആദ്യദിന കലക്‌ഷൻ, ആദ്യ വാര കലക്‌ഷൻ, വേഗത്തിൽ 10 കോടിയും 25 കോടിയും കലക്‌ഷൻ നേടിയ ചിത്രം എന്നീ റെക്കോർഡുകൾ ഇതിനകം തന്നെ മുരുകനു മുന്നിൽ തിരുത്തിക്കുറിക്കപ്പെട്ടു കഴിഞ്ഞു. അടുത്ത ആഴ്ച ചിത്രം വിദേശത്ത് റിലീസ് ചെയ്യും. ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിങും ഏകദേശം പൂർത്തിയായി. അമേരിക്കയിലും യൂറോപ്പിലുമാണ് ഏറ്റവും കൂടുതൽ ബുക്കിങ്. യൂറോപ്പിൽ നൂറ്റമ്പതില്‍പരം തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്ക്രീനിൽ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി , മൂന്നാം ദിനം 4.83 കോടി. മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ. മലയാളത്തിലെ ആദ്യവാര കലക്‌ഷൻ റെക്കോർഡ് മൂന്നാം നാൾ പിന്നിട്ടു മുരുകൻ. ഒരാഴ്ചകൊണ്ടു 25 കോടി കൊയ്ത സിനിമ ഇതിനകം നിർമാണച്ചെലവായ 28 കോടി രൂപയ്ക്കു മുകളിൽ ഗ്രോസ് കലക്‌ഷൻ നേടിക്കഴിഞ്ഞു! ഓവർസീസ്, സാറ്റലൈറ്റ് റൈറ്റുകൾ ഓഡിയോ, വിഡിയോ റൈറ്റ് എന്നീ ഇനത്തിലും പുലി മുരുകൻ 15 കോടിയോളം രൂപ നേടിയതായാണു വിവരം.
ഈ കുതിപ്പ് തുടർന്നാൽ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായി ഇതു മാറിയേക്കും. 70 കോടിയിലേറെ കൊയ്ത മോഹൻലാൽ ചിത്രം തന്നെയായ ദൃശ്യത്തിന്റെ ബോക്സ് ഓഫിസ് റെക്കോർഡ് പുലിമുരുകനു മുന്നിൽ വഴിമാറുമെന്ന് ഉറപ്പാണ്.