കാണാക്കാഴ്ചകൾ ഒളിഞ്ഞിരിക്കുന്ന പുലിയൂരാണ് ഇപ്പോൾ മലയാളികളുടെ ഹരം. പുലിമുരുകന്റെ വിഹാരകേന്ദ്രമായിരുന്ന പൂയംകുട്ടിയിലെ പുലിയൂരിലേക്കുള്ള യാത്രയുടെ സുഖം ഒന്നു വേറെ. നിബിഡവനമേഖലയായ ഇവിടേക്ക് പക്ഷേ സഞ്ചാരികൾക്ക് പ്രവേശനമില്ല. കൊടുങ്കാടാണ് ഇവിടെ.
വഴിമുടക്കാൻ ആനക്കൂട്ടമെത്തല്ലേ എന്ന പ്രാർഥനയോടെ വേണം പോകാൻ. നടവഴിയെന്നുപോലും പറയാനാകില്ല. മരക്കൂട്ടവും ഈറ്റക്കാടുമെല്ലാം വഴിമുടക്കും. യാത്ര വന്യമൃഗങ്ങൾക്കൊരു ശല്യമാകരുതെന്നു വനംവകുപ്പ് ജീവനക്കാരന്റെ മുന്നറിയിപ്പ് മനസിലുണ്ടാകണം. ആനക്കൂട്ടമെത്തിയാൽ രക്ഷപ്പെടാനും മാർഗമുണ്ടാകില്ല.
Puliyur | Manorama News
ഒഴുകിയെത്തുന്ന കാട്ടരുവി ഈ മലഞ്ചെരുവിലെത്തിയാൽ പിന്നെ അപകടകാരിയാകും. അഗാധതയിലേക്കാണ് ഈ ജലപാതം. ഇവിടെയാണ് സിനിമയിലെ പുലിമുരുകന്റെ വീട്. പുലിയേ വിജയിച്ച് മുരുകൻ കുളിക്കാനിറങ്ങുന്നത് ഈ കുഴിയിലും.
സിനിമയ്ക്കായ് നിർമിച്ച പാലവും മറ്റും അഴിച്ചുമാറ്റിയെങ്കിലും പുലിമുരുകന്റെ ഒാർമയ്ക്കെന്നോണമാണ് വീട് നിലനിർത്തിയത്. കേരളത്തിൽ രാജവെമ്പാല ഏറ്റവും കൂടുതലുള്ള വനമേഖലയാണ് പൂയംകുട്ടി. ഉൾകാട്ടിൽ പുലി, കടുവ, കരടി എന്നിവയുടെ സാന്നിധ്യവുമുണ്ട്. അപകടകരമായ പാറക്കെട്ടുകൾ മാത്രമല്ല വന്യജീവികളുടെ സാന്നിധ്യം കൂടി കണക്കിലെടുത്താണ് വനംവകുപ്പ് ഇവിടം സംരക്ഷിത വനമേഖലയായ് കാത്തുപോരുന്നത്. വനംവകുപ്പിന്റെ കണ്ണ് വെട്ടിച്ച് ബൈക്കിലും മറ്റും ആളുകൾ ഇവിടെ എത്താൻ തുടങ്ങിയുണ്ട്. അത്തരം സാഹസങ്ങൾക്ക് മുതിരരുതെന്നാണ് സഞ്ചാരികളോടുള്ള വനംവകുപ്പിന്റെ അഭ്യർഥന.
90 ദിവസം നീണ്ടതായിരുന്നു ഈ മേഖലയിലെ ചിത്രീകരണം. മഴക്കാലത്ത് ഈ പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പോലും എത്തിച്ചേരാൻ സാധിക്കില്ല. പീണ്ടിമേടിന്റേയും , തോൽനടയുടേയും മറ്റും സൗന്ദര്യം ആവോളം ഒപ്പിയെടുത്തിട്ടുണ്ട് പുലിമുരുകന്റെ ക്യാമറ. എന്നാലും എത്ര കണ്ടാലും മതിവരാത്ത് സൗന്ദര്യമാണ് ഈ ഗൂഢ വനത്തിന്റേത്. പക്ഷേ മനുഷ്യരുടെ സാന്നിധ്യം ഈ വനം ആഗ്രഹിക്കുന്നില്ല. ഈ സൗന്ദര്യം രഹസ്യമായി തന്നെ ഇവിടെ നിലനിൽക്കട്ടെ. വിനോദസഞ്ചാരത്തിന്റെ പേരിൽ ഇവിടം കളങ്കപ്പെടരുത്.