കവിത പോലെ അഴകുള്ള നാലപ്പാട്ടെ പെൺകുട്ടിയാകുക അത്ര എളുപ്പമുള്ള കാര്യമല്ല. നീർമാതളത്തിന്റെ ഗന്ധവും കൊൽക്കത്ത ജീവിതത്തിന്റെ പരിഷ്കാരച്ചുവപ്പും വികാരങ്ങളുടെ സമുദ്രവും ഒന്നിച്ചുചേരേണ്ട കമല എന്ന വൈഭവം-അതുപോലൊരാൾ ഭൂമിമലയാളത്തിൽ വേറെയില്ല. വിദ്യാ ബാലൻ എന്ന നടിയെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുയർത്തുന്ന വേഷം കമല എന്ന പെൺകുട്ടിയുടെ ജീവിതം ഒപ്പിയെടുക്കുക എന്നതായിരുന്നു.
മാധവിക്കുട്ടിയാകാൻ തയാറാണോയെന്നു ചോദിച്ച് സംവിധായകൻ കമൽ വിദ്യാ ബാലനെ വിളിച്ചപ്പോൾ പറഞ്ഞത് ഇത്രമാത്രം– കഥയെ ആത്മകഥയാക്കുകയും ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത കമലയുടെ കഥയാണിത്. ആ ഒരു രൂപത്തിൽ ഇപ്പോൾ വിദ്യയെ മാത്രമേ കാണുന്നുള്ളൂ. വിദ്യ തയാറാണെങ്കിൽ ചിത്രത്തിന്റെ ഒരുക്കങ്ങൾ തുടങ്ങാം. വലിയ ആലോചനകളൊന്നും കൂടാതെ വിദ്യയുടെ മറുപടി വന്നു– തയാറാണ്... മാധവിക്കുട്ടിയാകാൻ നൂറുവട്ടം തയാറാണ്. ഇതാ എന്റെ 60 ദിവസം.
Kamal's Aami's shoot will starts from next month | Manorama News
രാധയുടെ അശാന്തമായ ആത്മാവ് ഓരോ കാമുകിയിലുമുണ്ട് എന്നു പറഞ്ഞ മാധവിക്കുട്ടിയാകാൻ പുതിയ കാലം മുന്നോട്ടു വയ്ക്കുന്ന സ്ക്രീൻരൂപം വിദ്യാ ബാലൻ തന്നെയാണ്. ബോളിവുഡിലെ താമരനൂലു പോലുള്ള ആര്യസുന്ദരിമാരുടെ കൊടിക്കൂറകൾക്കപ്പുറം ദ്രാവിഡ സൗന്ദര്യത്തിന്റെ പരന്നൊഴുക്കുപൊലെ വിദ്യാ ബാലൻ പട്ടുസാരിയുടുത്തു പൊട്ടു തൊട്ടു നിൽക്കുന്നു. ഇതാ നിങ്ങളുടെ കമലയെ കണ്ടോളൂ... എന്ന മട്ടിൽ.
‘‘മാധവിക്കുട്ടി ജീവിച്ചിരുന്ന കാലത്തായിരുന്നെങ്കിൽ ഇത്തരമൊരു സിനിമയ്ക്ക് എനിക്ക് ഒരു നായിക മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. അതു ശ്രീവിദ്യയാണ്. മാധവിക്കുട്ടിയും ശ്രീവിദ്യയും ചില കാര്യങ്ങളിൽ ഒരുപോലെയാണ്. ഇരുവരും വ്യവസ്ഥാപിതമായ പല ചട്ടക്കൂടുകളും പൊളിച്ചെറിഞ്ഞവരാണ്. മാധവിക്കുട്ടി അത് തന്റെ കഥയിൽ ചെയ്തുവെങ്കിൽ ശ്രീവിദ്യ സിനിമയിൽ ചെയ്തു. സ്ത്രീത്വത്തിന്റെ പരിപാവന വിഗ്രഹരൂപങ്ങളെ നിഗ്രഹിച്ച് ശ്രീവിദ്യ എത്രയോ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു. പ്രതിച്ഛായയുടെ തടവറകളിൽ ഒരിക്കലും വിദ്യാമ്മ മയങ്ങിക്കിടന്നില്ല. മലയാളിയുടെ നായികാസങ്കൽപം ഒരുകാലത്ത് ഒത്ത പെണ്ണ് ആയിരുന്നു.
ഷീലയും ശാരദയും ജയഭാരതിയുമെല്ലാം മലയാളിയുടെ സങ്കൽപത്തിലെ ഒത്തപെണ്ണുങ്ങളുടെ നിരയിലെ നായികമാരാണ്. ഇപ്പോൾ നായികമാർ പെൺകുട്ടികളായി. മെലിഞ്ഞതാണു സൗന്ദര്യത്തിന്റെ രൂപമെന്ന ധാരണയുമുണ്ടായി. അത്തരം പെൺകുട്ടിയിൽ നിന്ന് ഒരു മാധവിക്കുട്ടിയെ കണ്ടെത്താൻ എനിക്കു കഴിയില്ല. അവിടെയാണ് വിദ്യാ ബാലൻ അനുരൂപയും അനുയോജ്യയുമാകുന്നത്’’– കൊടുങ്ങല്ലൂരിലെ വീട്ടിൽ നീർമാതളം പോലെ പടർന്നു കയറിയ തിരക്കഥയെ താലോലിച്ച് സംവിധായകൻ കമൽ പറഞ്ഞു.
കഴിഞ്ഞ വർഷംസെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തീരുമാനിച്ചത്. അറുപതു ദിവസത്തെ ഡേറ്റാണ് വിദ്യ നൽകിയിരിക്കുന്നത്. സിനിമയ്ക്കു പേരുമിട്ടു–ആമി. അടുപ്പമുള്ളവർ കമലയെ വിളിക്കുന്ന പേര്. മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസായി മുരളി ഗോപിയെ നിശ്ചയിച്ചു. പൃഥ്വിരാജും ചിത്രത്തിലുണ്ടായിരുന്നു. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേലും റോബിനുമാണു നിർമാതാക്കൾ. ഷൂട്ടിങ് ചില കാരണങ്ങളാൽ നീണ്ടുപോയി. ഇപ്പോള്‍ അവസാനം വിദ്യ ചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുന്നു.
ജീവിതകഥകൾ സിനിമയാക്കുമ്പോഴുള്ള പതിവു വെല്ലുവിളികൾക്കു നടുവിലാണ് കമല്‍ ഇപ്പോൾ. സെല്ലുലോയ്ഡ് ചെയ്യുമ്പോൾ ജെ.സി. ദാനിയേൽ രൂപം കൊണ്ടെങ്കിലും, ആ വ്യക്തി പുതുതലമുറയ്ക്ക് അത്ര പരിചിതനായിരുന്നില്ല. ഇവിടെ കഥാപരിസരം മലയാളിക്കു സ്വന്തം പൂമുഖം പോലെ പരിചിതം, കഥാപാത്രങ്ങളും. അപ്പോൾ തിരഞ്ഞെടുപ്പും സൂക്ഷ്മമാകണം.
ഇനി വിദ്യയ്ക്ക് പകരം അടുത്ത നടി. കൂടാതെ മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിക്കാനുള്ള കുട്ടികളെ കണ്ടെത്തണം. നീണ്ടു ചുരുണ്ട മുടിയും ശാലീനമായ മുഖവുമുള്ള കുട്ടികൾ. ബാലാമണിയമ്മയാകാൻ വെളുത്തു കൃശഗാത്രിയായ നാൽപതിനുമേൽ പ്രായമുള്ളൊരു നടി. അച്ഛൻ വി.എം നായരാകാൻ മെലിഞ്ഞു നീണ്ട് ഇരുനിറക്കാരനായൊരു ഗൗരവക്കാരൻ. പിന്നെ കുട്ടിക്കൃഷ്ണമാരാരും മഹാകവി വള്ളത്തോളുമെല്ലാം വേണം.