Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു പുതു പുത്തൻപണം; റിവ്യു

ranjith-mammootty-1

എല്ലാത്തിനും ഒരു തുടക്കമുണ്ട് ! കേരളത്തിന്റെ തുടക്കം കാസർകോട് നിന്നാണല്ലോ... കുമ്പള സ്വദേശി നിത്യാനന്ദ ഷേണായിയുടെ കളി തുടങ്ങുന്നതും കാസർകോട്ടുനിന്നു തന്നെ. 

2016 നവംബര്‍ എട്ട് ഇന്ത്യക്കാർ അങ്ങനെ മറക്കാനിടയില്ല. പ്രധാനമന്ത്രി അ​ഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധിച്ച് ഇന്ത്യയൊട്ടാകെയുള്ള ആളുകൾ നോട്ടിനായി ‘നോട്ടോട്ടം’ ഓടുന്ന സമയം. അങ്ങനെയിരിക്കുമ്പോഴാണ് കോഴിക്കോട്ടുനിന്ന് ഒരുകെട്ട് ‘നോട്ട്പണി’ സാമിയെന്നു വിളിപ്പേരുള്ള ഷേണായിക്കു നേരെ വരുന്നത്. ചതിക്കു ചതിയാണ് മറുപണിയെങ്കിൽ ഷേണായിക്ക് അത് ചാവ് ആണ്. നല്ല കാസർകോടൻ ഭാഷയിൽ പറഞ്ഞാൽ ‘മേങ്ങാതെ മോങ്ങിട്ട് മടങ്ങാൻ ഷേണായി ബേറെ ജനിക്കണം’.

Puthan Panam || Official Trailer || Mammootty, Ranjith || Manorama Online

അങ്ങനെ ഗോവയിൽ ബിസിനസ്സ് ചെയ്യുന്ന ഷേണായി കോഴിക്കോട്ടെത്തുന്നതും തുടർന്നുണ്ടാകുന്ന  പ്രശ്നങ്ങളുമാണ്  പുത്തൻപണം പറയുന്നത്. കാലികപ്രസ്കതിയുള്ള വിഷയത്തെ രസകരമായ കഥാതന്തുവിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്.

കോമഡിയും ആക്​ഷനും നിറഞ്ഞ ഒരു ത്രില്ലറാണ് പുത്തൻപണം. നിയമവ്യവസ്ഥകളുടെ നൂലാമാലകളും അതിലെ പഴുതുകളും കൃത്യമായി ചിത്രത്തിലൂടെ പറഞ്ഞുപോകുന്നുണ്ട്. ഇന്ത്യൻ റുപ്പിയിൽ ഭൂമാഫിയയും കള്ളപ്പണവുമാണ് പ്രധാന കഥാപശ്ചാത്തലമെങ്കിൽ പുത്തൻപണത്തിൽ നോട്ടുനിരോധനവും അതു ബാധിച്ച കള്ളപ്പണക്കാരുടെ നെട്ടോട്ടവുമാണ് പശ്ചാത്തലം. അവിടെ തന്റെ കുതന്ത്രങ്ങളുമായി കളം നിറയുന്ന ഷേണായിയുടെ കഥയാണ് രഞ്ജിത് പറയുന്നത്. 

പി.വി. ഷാജികുമാറും രഞ്ജിത്തും ചേർന്നാണ് സംഭാഷണം. ചിലയിടത്തു സംഭാഷണത്തിന്റെ വേഗം പ്രേക്ഷകനെ തെല്ല് ആശയക്കുഴപ്പത്തിലാക്കും. ശരീരഭാഷയിലും സംഭാഷണത്തിലും തനി കാസർകോടുകാരനായി മമ്മൂട്ടി ഗംഭീരപ്രകടനമാണു നടത്തുന്നത്. പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള മമ്മൂട്ടിയുടെ നൈപുണ്യം പുത്തൻപണത്തിലും തെളിയുന്നു. കാസർകോട് ഭാഷയിൽ ഉഷാറ് ഡയലോഗും കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. 

നർമവും ചെറിയ ട്വിസ്റ്റും നിറഞ്ഞ ആദ്യപകുതി ത്രില്ലടിപ്പ് മുന്നോട്ട് കൊണ്ടുപോകും. രണ്ടാം പകുതിയിൽ അൽപം വേഗത കുറവുണ്ടെങ്കിലും ക്ലൈമാക്സിൽ മമ്മൂട്ടിയുടെ മിന്നുന്ന പ്രകടനം ഇതിനെയൊക്കെ മറികടക്കുന്നു. മുത്തുവേലായി എത്തിയ ബാലതാരം സ്വരാജ് ആദ്യ സിനിമയായിട്ടും മികച്ച അഭിനയം കാഴ്ചവച്ചു.

കുഞ്ഞപ്പനായി എത്തിയ ബൈജുവിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. സിദ്ദിഖ്, ഇന്ദ്രൻസ്, ജോയ് മാത്യു, പി. ബാലചന്ദ്രൻ, ബിനു പപ്പു, സായികുമാർ, രഞ്ജി പണിക്കർ, ഇനിയ, ഗണപതി, വിജയ് കുമാർ, നിരഞ്ജന, ഷീലു എബ്രഹാം തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കൂടാതെ കാസർകോട് ഭാഷയിൽ പ്രേക്ഷകരെ കയ്യിലെടുത്ത് സുരേഷ് കൃഷ്ണ, മാമുക്കോയ, നിർമൽ, ഹരീഷ് തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി.

സംവിധായകൻ തന്നെയാണ് തിരക്കഥ. രഞ്ജിത് തന്നെ ഒരുക്കി മുൻപിറങ്ങിയ ലോഹത്തേക്കാൾ ഒരുപിടി മുന്നിലാണ് പുത്തൻപണം. എന്നാൽ കഥയിൽ പുതുമയില്ല. പല ജീവിതങ്ങളുടെ കഥ വിവിധ കോണുകളിലൂടെ ചിത്രത്തിലാവിഷ്കരിക്കാൻ ശ്രമിക്കുന്നു.

പ്രമേയത്തിനനുസരിച്ചുള്ള ക്യാമറ ചലനങ്ങളുമായി ഓം പ്രകാശ് സിനിമയുടെ മൂർച്ച കൂട്ടുന്നു. മനോജ് കണ്ണോത്തിന്റെ ചിത്രസംയോജനവും ചിത്രത്തോടു യോജിച്ച് നിന്നു. സിനിമയുടെ താളത്തിനും ഉദ്വേഗത്തിനുമൊപ്പം നിൽക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അച്ചു രാജാമണിയാണ്. 

മമ്മൂട്ടി, രഞ്ജിത് ആരാധകർക്കും അല്ലാത്തവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് പുത്തൻപണം. കാലികമായ വിഷയവും മമ്മൂട്ടിയുടെ മിന്നും പ്രകടനവും കൂടിയാകുമ്പോൾ, പുത്തൻപണം മികച്ച അനുഭവമാകുന്നു.

നിങ്ങൾക്കും റിവ്യൂ എഴുതാം