Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി വെടിക്കെട്ട്; റിവ്യു

baahubali-review

വെടിക്കെട്ടുതന്നെ.. കഥ തിരിഞ്ഞും മറഞ്ഞുമെല്ലാം പോകുന്നുണ്ടെങ്കിലും ബാഹുബലി കണ്ടുകൊണ്ടിരിക്കാൻ കഥ വേണ്ട. ഓരോ നിമിഷവും അമ്പരപ്പിക്കുന്ന വെടിക്കെട്ടാണിത്. ആദ്യ ഭാഗത്തെക്കാൾ നന്നായോ മോശമായോ എന്നൊന്നും ആലോചിക്കാൻ സമയമില്ലാത്ത സിനിമ. ഇതു രണ്ടു പേരുടെ സിനിമയാണ്. രാജമൗലിയുടെയും സാബു സിറിളിന്റെയും. 

baahubali-dubali-review

മസാലയുടെ എല്ലാ തന്ത്രവും അറിയാവുന്ന രാജമൗലി പ്രഭാസിനെ കാണിക്കുന്നതുതന്നെ അതി മനോഹരമായാണ്. എന്നാൽ നായികയായ അനുഷ്കയെ അവതരിപ്പിക്കുന്നതാണ് അതിലും മനോഹരം.. ഏതൊരു താരവും മോഹിച്ചു പോകുന്ന ഇൻഡ്രൊഡക്‌ഷൻ. ആദ്യത്തെ 25 മിനിറ്റുകൊണ്ടുതന്നെ രാജമൗലിയും സാബു സിറിലും തങ്ങളുടെ സാന്നിധ്യവും പ്രതിഭയും ബാഹുബലിയിൽ കാണിച്ചുതരും.. ആദ്യ സിനിമയിൽ എന്തിനു കട്ടപ്പ ബാഹുബലിയെ കൊന്നു എന്നതിനു ഉത്തരം വിശ്വസനീയമായി പറയാൻ രാജമൗലിക്കു കഴിഞ്ഞിരിക്കുന്നു. എന്നാൽ പിന്നീടു കാര്യമായി കഥ പറയാൻ രാജമൗലിയുടെ കഥയിൽ  മരുന്നില്ല. പക്ഷെ ഉള്ളതുകൊണ്ട് ബ്രഹ്മാണ്ഡ സീനുകളുണ്ടാക്കാൻ കഴിയുകയും ചെയ്തിരിക്കുന്നു. 

Prabhas on SS Rajamouli, Baahubali 2, Mohanlal | Exclusive interview | I Me Myself | Manorama Online

സത്യരാജിന്റെ കട്ടപ്പതന്നെയാണ് നടൻ എന്ന നിലയിൽ മികച്ചു നിൽക്കുന്നത്. രണ്ടാമതു രമ്യ കൃഷ്ണന്റെ ശിവഗാമിയും.. ഒന്നാം ഭാഗത്തിലെ അതേ മികവിലാണ് രണ്ടു പേരും രണ്ടാം ഭാഗത്തിൽ എത്തിയിട്ടുള്ളത്. കട്ടപ്പ കൂടുതൽ ശക്തനായി എന്നു പറയാം. ഹാസ്യ രംഗങ്ങളിൽ നാം കട്ടപ്പയെ ഇതുപോലെ പ്രതീക്ഷിക്കുകയെയില്ല. ബാഹുബലിയായ പ്രഭാസ് മെച്ചപ്പെട്ടിരിക്കുന്നു. അനുഷ്കയുടെ സാന്നിധ്യവും പ്രകടമാണ്. എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന തമ്മന്നയ്ക്കു വലിയ റോളില്ല. അവസാനം വന്നു പോകുന്നതുപോലെയാണ്. 

സിനിമയുടെ ഹൈലൈറ്റ് എന്നതു പ്രൊഡക്‌ഷൻ ഡിസൈനും  ഗ്രാഫിക്സുമാണ്. എതാണു ഗ്രാഫിക്സ് എതാണ് കെട്ടിയുണ്ടാക്കിയ സെറ്റ് എന്നു തിരിച്ചറിയാനാകാത്ത വിധമാണ് സാബു സിറിളിന്റെ കൈമിടുക്ക്. ആദ്യ ബാഹുബലിയെക്കാൾ സാബു രണ്ടാം ബാഹുബലിയിൽ നിറഞ്ഞാടുകയാണ്.. സാബുവില്ലാതെ ഈ സിനിമയെ ആലോചിക്കാൻ പോലുമാകില്ല.. കൊട്ടാരങ്ങൾ മുതൽ ചെറിയ ആയുധങ്ങൾവരെ അമ്പരപ്പിക്കുന്നതാണ്.. സാബുവിന്റ  മെക്കാനിക്കൽ ആനകൾ ഗ്രാഫിക്ക്സുമായി കൂടിച്ചേരുമ്പോൾ ഏതാണ് യന്ത്ര ആന എതാണു ഗ്രാഫിക്സ് എന്നു കണ്ടെത്താനാകുന്നില്ല. ഗ്രാഫിക്ക്സിൽ ലോക നിലവാരംമെന്നൊന്നും പറയാനാകില്ല. കീരവാണിയുടെ പിന്നണി ശബ്ദം ശരിക്കും  ത്രില്ലാണ്. പ്രത്യേകിച്ചും നാടകീയ നിമിഷങ്ങളിൽ. സിനിമയെ വേറെയൊരു തരത്തിലേക്ക് ഉയർത്തുന്നതും ഈ ശബ്ദ സാന്നിധ്യമാണ്. വളരെ ചെറിയ വ്യതിയാനങ്ങൾപോലും ഈ ശബ്ദ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

രാജമൗലിയെന്ന സംവിധ​ായകന്റെ കൈമിടുക്കു സിനിമയുടെ ഓരോ ഫ്രെയിമിലുമുണ്ട്. പ്രത്യേകിച്ചും ആദ്യ പകുതിയിൽ. വളരെ ഗൗരവകരമായ സീനുകളിൽപ്പോലും ചിരിച്ചുപോകുന്ന ഏറെ നിമിഷങ്ങൾ രാജമൗലിക്കു ചേർക്കാനും കഴിഞ്ഞു.ഇന്റർവെൽ പഞ്ച് ഞെട്ടിപ്പോകുന്നതാണ്. ആദ്യ പകുതിയിൽ ഒരു നിമിഷംപോലും കാണികൾക്കു ശ്വാസം വിടാനാകില്ല. എന്നാൽ രണ്ടാം പകുതിയിൽ ശ്വാസം വിടാൻ ധാരാളം അവസരങ്ങളുണ്ട്. നീണ്ടു പോകുന്ന യുദ്ധവും കാര്യമായ നാടകീയ മുഹൂർത്തങ്ങളില്ലാത്ത തിരക്കഥയും രാജമൗലിയെ നന്നായി പരീക്ഷിക്കുന്നുണ്ട്.. എന്നാലും പരുക്കില്ലാതെ അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നു. ആദ്യ പകുതി ചെയ്തു ക്ഷീണിച്ചുപോയ രാജമൗലിയെയാണ് രണ്ടാം പകുതിയിൽ ക്ളൈമാക്സിനു തൊട്ടു മുൻപുവരെ കാണുന്നത്.. സിനിമ പറഞ്ഞു തീർക്കാൻ തിരക്കിടുന്നതുപോലെയും തോന്നും. 

ആദ്യ ബാഹുബലിയുമായി തട്ടിച്ചു നോക്കുമ്പോൾ രണ്ടും ഒരേ തട്ടിൽ തൂങ്ങും. ആദ്യ ഭാഗം കണ്ടപ്പോഴുണ്ടായ വിസ്മയം അതേ നിലവാരത്തിൽ പിടിച്ചു നിർത്താനായിട്ടില്ലെന്നു മാത്രം. അതിനു ഒരേയൊരു കാരണമെയുള്ളു. ബാഹുബലിപോലെ ഒരു ഇന്ത്യൻ സിനിമ അന്ന് ആദ്യമായി  കാണുകയായിരുന്നു. ഇന്നാകട്ടെ ബാഹുബലി കണ്ടവരാണു വീണ്ടും എത്തിയിരിക്കുന്നത്. 

നിങ്ങൾക്കും റിവ്യൂ എഴുതാം