Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറന്നുയർന്ന് പറവ; റിവ്യു

parava-review-1

കണ്ടാലും തീരില്ല കൊച്ചിയുടെ കാഴ്ചകൾ, പറഞ്ഞാലും തീരില്ല കൊച്ചിയുടെ കഥകൾ. സിനിമയിൽ ആ കഥക്കൂട്ടുകള്‍ ഒരുപാട് വന്നുപോയിട്ടുണ്ട്. സൗബിനുമെത്തുന്നത് അങ്ങനെയൊരു കഥയുമായിട്ടാണ്. മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത കൊച്ചിക്കഥ പറയുന്ന  ഈ ചിത്രം, തെളിഞ്ഞ ആകാശത്തേയ്ക്കു പറന്നുയരുന്നൊരു 'പറവ'യെ പോലെ സുന്ദരമാണ്. 

കേട്ടുപരിചയം പോലുമില്ലാത്ത, മട്ടാഞ്ചേരിക്കാരുടെ ഒരു വിനോദമാണ്‌ ചിത്രത്തിന്റെ കഥാപശ്ചാത്തലം. മട്ടാഞ്ചേരിയിലെ ഒരുസാധാരണ കുടുംബത്തിലെ കുട്ടികളാണ് ഇച്ചാപ്പിയും (ഇർഷാദ്) ഹസീബും  രണ്ടുപേർക്കും ക്രിക്കറ്റിലോ ഫുട്ബോളിലോ ഒന്നുമല്ല പ്രാവ് വളർത്തലിലാണ് താൽപര്യം. അടുത്ത പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടുകയാണ് ഇരുവരുടെയും ലക്ഷ്യം. 

എന്നാൽ ഇച്ചാപ്പിയുടെയും ഹസീബിന്റെയും മാത്രം കഥയല്ല പറവ. മട്ടാഞ്ചേരിയിലെ പച്ചയായ കുറേ മനുഷ്യരുടെ, ആ നാടിന്റെ ആകാശത്തിലേക്ക് പറന്നെത്തുന്ന പ്രാവിൻ കൂട്ടങ്ങളുടെ. കൂടെ പ്രണയവും സൗഹൃദവും പ്രതികാരവുമുണ്ട്. ആഢംബരവും അതിശയോക്തിയുമില്ലാതെ അവരുടെ ജീവിതം സിനിമയെന്ന മാധ്യമത്തിന്റെ മനോഹാരിതയോടെ സത്യസന്ധമായി സൗബിൻ അവതരിപ്പിച്ചിരിക്കുന്നു. 

soubin-dulquer-parava-1

സൗബിൻ തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. സിനിമയില്ലാതെയെങ്ങനെ സിനിമയെടുക്കാമെന്ന് ഒരു സംവിധായകൻ കൂടി പ്രേക്ഷകനു കാണിച്ചു തന്നു. അനുഭവസമ്പത്തുള്ള അമരക്കാരന്റെ സാന്നിധ്യം തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. സിനിമയിൽ അസോഷ്യേറ്റായും നടനായുമൊക്കെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സൗബിൻ ഷാഹിറിന്റെ ആദ്യസംവിധാനസംരംഭം എന്ന നിലയിൽ പറവ ചിരിച്ചുണർന്ന് ഉയർന്നു പറക്കും. 

ചിത്രത്തിലെ ഓരോകഥാപാത്രത്തിനും തുല്യമായ പ്രാധാന്യം നൽകാനായി. കഴിവുറ്റ അഭിനേതാക്കളുടെ സാന്നിധ്യമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം. സിനിമയ്ക്കും പ്രേക്ഷകനും ഇടയിലുള്ള ഔപചാരികതയെ നമ്മളറിയാതെ തന്നെ വകഞ്ഞുമാറ്റി ഒപ്പം കൂടിയ കഥാപാത്രങ്ങൾ ഒരുപാടുണ്ട്. പറവയിലെ ഓരോ കഥാപാത്രങ്ങളും അത്രമേൽ ഹൃദയത്തോടു ചേരും. കാരണം നേരത്തെ പറഞ്ഞ ആ സത്യസന്ധത തന്നെ. കടലോളം ആഴമുണ്ട് അവർക്കെല്ലാം.

soubin-parava-first-song

ഇച്ചാപ്പിയായി എത്തിയ അമൽ ഷായും ഹസീബ് ആയി എത്തിയ ഗോവിന്ദും സിനിമയുടെ മുതൽക്കൂട്ടാണ്. ദുൽക്കർ സൽമാൻ അവതരിപ്പിക്കുന്ന കഥാപാത്രമേതെന്നായിരുന്നു ഏവരുടെയും ആകാംക്ഷ. ഇമ്രാൻ എന്ന മട്ടാഞ്ചേരിക്കാരനായി ദുൽക്കർ ഏവരുടെയും മനസ്സ് കീഴടക്കും. ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലും ശരീരഭാഷയിലുമാണ് ദുൽക്കർ എത്തുന്നത്. ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അദ്ദേഹം തയ്യാറായത് തന്നെ അഭിനന്ദനാർഹം. ഷെയിൻ എന്ന കഥാപാത്രമായി ഷെയിൻ നിഗം ഗംഭീരപ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ, സൈനുദ്ദീനിന്റെ മകൻ സിനിൽ, ജേക്കബ് ഗ്രിഗറി, ഇന്ദ്രൻസ്, സിദ്ദിഖ്, ജാഫർ ഇടുക്കി, സ്രിന്ത, ഷൈൻ ടോം ചാക്കോ, സൗബിൻ, ശ്രീനാഥ് ഭാസി‌ ഇവരെല്ലാം വേഷങ്ങള്‍ ഗംഭീരമാക്കി.

parava

ലിറ്റിൽ സ്വയംപ് പോൾ എന്ന ഛായാഗ്രാഹകന്റെ അരങ്ങേറ്റം കൂടിയാണ് പറവ. പേരിൽ ‘ലിറ്റിൽ’ ഉണ്ടെങ്കിലും കക്ഷി വമ്പൻ ആണ്. അതിമനോഹരമായ ദൃശ്യങ്ങളുടെ വർണക്കാഴ്ച തന്നെ പറവയിലൂടെ ഒരുക്കി തന്നു. പ്രത്യേകിച്ചും പ്രാവുകളുടെ രംഗങ്ങൾ. ചിലപ്പോഴൊക്കെ ക്യാമറയ്ക്കും ചിറകുണ്ടായിരുന്നെന്ന് തോന്നിപ്പോകും. റെക്സ്‌ വിജയനാണ്‌ സംഗീതസംവിധാനം. ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയിൽ നിന്ന് വേര്‍തിരിച്ച് കാണാനികില്ല.രണ്ടുമണിക്കൂർ 26 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. പ്രവീൺ പ്രഭാകറിന്റെ ചിത്രസംയോജനം ‌നൂറുശതമാനം നീതിപുലർത്തി.

soubin-dulquer-parava-1

പ്രാവു പറത്തലാണ് കഥാപശ്ചാത്തലമെങ്കിലും രണ്ടു കഥകളാണ് ആ പറക്കലിന്റെ ഇടയിലൂടെ പറഞ്ഞുപോകുന്നത്. അത് മറ്റൊരു വ്യത്യസ്തത. അവസാനത്തെ ഇരട്ടക്ലൈമാക്സ് ആണ് എടുത്തുപറയേണ്ടത്. ഏച്ചുകെട്ടിയ രംഗങ്ങളോ അശ്ലീലസംഭാഷണങ്ങളോ അമിതമായ വയലൻസൊ ഒന്നും തന്നെ ഈ ചിത്രത്തിലില്ല. ഹൃദയത്തിൽ തട്ടുന്ന കണ്ണുനനയിക്കുന്ന ഒരുപാട് നിമിഷങ്ങൾ പറവയുടെ പ്രത്യേകതയാണ്. 

കഥ അനുശാസിക്കുന്ന മെല്ലെപ്പോക്കു പോലും പ്രേക്ഷകനോട് സിനിമയെ ചേർത്തുനിർത്തുന്നു. വലിയൊരു താരനിരയില്ലാതിരുന്നിട്ടുകൂടി പറവയെ പറത്തിവിടാൻ മുന്നോട്ടു വന്ന നിർമാതാവ് അൻവർ റഷീദിന് കയ്യടി. ആകാശത്ത് പറന്നകലുന്ന പറവകളുടെ കൊഴിഞ്ഞുപോകുന്ന തൂവലുകൾ വരച്ചിടുന്ന ചിത്രപ്പണികൾ പോലെ സത്യസന്ധവും ലളിതവുമാണ് 'പറവ'. സൗബിന്‍ തുറന്നു വിട്ട ആ ‘പറവ’ ഉയരങ്ങളിലേക്കു പറന്നുപോകുക തന്നെ ചെയ്യ‌ും.

നിങ്ങൾക്കും റിവ്യൂ എഴുതാം