എല്ലാ വില്ലനിലും ഒരു നായകനുണ്ട്, നായകനിൽ വില്ലനും. എന്നാൽ നായകനായ ഒരു വില്ലൻ എങ്ങനെ സമൂഹത്തിൽ രൂപപ്പെടുന്നു എന്ന പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ‘ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതു പോലെ അസ്വാഭാവികമായ മറ്റൊന്നും ഈ ലോകത്തില്ല’–മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമയിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്ന സന്ദേശവും.
Villain FDFS response
കേരള പൊലീസിലെ ഏറ്റവും സമർഥരായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് മാത്യു മാഞ്ഞൂരാൻ. എന്നാൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്ന വലിയൊരു ദുരന്തം അദ്ദേഹത്തെ പിടിച്ചുലയ്ക്കുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഓർമകളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം മാത്യു മാഞ്ഞൂരാൻ തിരികെ ജോലിയിൽ പ്രവേശിക്കുന്നിടത്താണ് സിനിമയുടെ തുടക്കം. ആ ദിനം തന്നെ ജോലിയിൽനിന്നു വിരമിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനവും. എന്നാൽ അന്നു നടക്കുന്ന ഒരു കൂട്ടക്കൊലപാതകം മാത്യു മാഞ്ഞൂരാനെ തിരികെ വിളിക്കുകയാണ്.
സ്ഥിരം കുറ്റാന്വേഷണകഥകളിലേതു പോലെ ചടുല വേഗത്തിലല്ല വില്ലന്റെ സഞ്ചാരം. മാത്യു മാഞ്ഞൂരാൻ എന്ന വ്യക്തിയുടെ വികാരങ്ങളിലൂടെയാണ് വില്ലൻ സഞ്ചരിക്കുന്നത്. മാസ് സിനിമയെന്നതിലുപരി ഒരു ക്ലാസ് ത്രില്ലറാണ് വില്ലൻ. ഡാർക് ഇമോഷനൽ ത്രില്ലർ എന്ന് ഒറ്റവാക്കിൽ പറയാം. ഒരു സസ്പെൻസിനോ ട്വിസ്റ്റിനോ വേണ്ടി കഥ പറയുന്ന രീതിയല്ല വില്ലനിലൂടെ സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. ഇതൊന്നുമില്ലാതെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മുഹൂർത്തങ്ങളാണ് വില്ലന്റെ ഏറ്റവും വലിയ പ്രത്യേകത.
മേക്കിങ് ആണ് വില്ലനെ കരുത്തുറ്റതാക്കുന്നത്. ഓരോ ഷോട്ടിലും ഫ്രെയിമിലും ഇതു തെളിഞ്ഞു കാണാം. പ്രത്യേകിച്ചും മോഹൻലാലിന്റെ ഇൻട്രൊ സീൻ. എല്ലാ സിനിമകളെയും വ്യത്യസ്തമായി സമീപിക്കുന്ന സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. വില്ലനിലെത്തുമ്പോഴും അതിൽ യാതൊരു വിട്ടുവീഴ്ചയും അദ്ദേഹം വരുത്തിയിട്ടില്ല. ഗ്രാൻഡ്മാസ്റ്റർ എന്ന ക്രൈം ത്രില്ലറിനോളം പ്രമേയഭദ്രത വില്ലൻ പുലർത്തുന്നുണ്ടോ എന്നു സംശയിക്കാമെങ്കിലും സാങ്കേതികപരമായി വില്ലൻ ഏറെ മുന്നിട്ടുനിൽക്കുന്നു. വിഎഫ്എക്സ്, ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം, ആക്‌ഷൻ കൊറിയോഗ്രഫി ഇവയെല്ലാം ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്നതാണ്.
മോഹൻലാൽ എന്ന അഭിനയവിസ്മയത്തിന്റെ ഇന്നുവരെ കണ്ടിട്ടില്ലാത്ത അഭിനയമുഹൂർത്തങ്ങൾ വില്ലനിൽ കാണാം. നോട്ടത്തിലും ഭാവത്തിലും വില്ലനെയും നായകനെയും അനുസ്മരിപ്പിക്കുന്ന പകർന്നാട്ടം. ഡോ. ശക്തിവേൽ എന്ന കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിക്കാൻ വിശാലിന് സാധിച്ചു. ഹൻസിക, റാഷി ഖന്ന, മഞ്ജു വാരിയർ, ചെമ്പൻ വിനോദ്, സിദ്ദിഖ്, രൺജി പണിക്കർ, അജു വർഗീസ്, ശ്രീകാന്ത്, ഇടവേള ബാബു, ബാലാജി ശർമ, കോട്ടയം നസീർ, ഇർഷാദ് തുടങ്ങിയ താരങ്ങളും തങ്ങളുടെ വേഷം മികച്ചതാക്കി.
ഫോർ മ്യൂസിക്സ് ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളും സിനിമയോട് ചേർന്നു നിൽക്കുന്നു. ത്രില്ലർ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമാണ് വില്ലന്റെ മറ്റൊരു ആകര്‍ഷണം. ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്. മനോജ് പരമഹംസയും എൻ.കെ. ഏകാംബരവുമാണ് ഛായാഗ്രഹണം നിർവഹിച്ചത്. രവി വർമ, രാം ലക്ഷ്മണൻ, ആക്‌ഷൻ ജി എന്നിവരുടെ സ്റ്റണ്ട് കൊറിയോഗ്രഫി അത്യുഗ്രൻ.
മാസും ക്ലാസ്സും ഒത്തു ചേർന്ന ഡാർക്ക് ത്രില്ലറാണ് വില്ലൻ. മോഹൻലാലിന്റെ അഭിനയമികവും ബി. ഉണ്ണിക്കൃഷ്ണന്റെ സംവിധാനപാടവവും നൂതന സാങ്കേതിക സംവിധാനങ്ങളും ചേരുമ്പോൾ വില്ലൻ വെറുമൊരു മലയാള സിനിമ മാത്രമായി ഒതുങ്ങുന്നില്ല. മികച്ച ആക്‌ഷൻ ത്രില്ലറായ വില്ലൻ പ്രേക്ഷകനെ കയ്യിലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.