Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്ന ചിറകേറി 'പ്രണയ' വിമാനം; റിവ്യു

vimanam-movie-review

ബധിരനും മൂകനുമായ തൊടുപുഴക്കാരൻ സജി തോമസിന്റെ ജീവിതത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് വിമാനം എന്ന ചിത്രത്തിന്റെ ചിറക് മുളയ്ക്കുന്നത്. ഈ സ്വപ്നവിജയത്തിന്റെ കഥ പൃഥ്വിരാജിലൂടെ ജീവനേകി തന്റെ സ്വപ്നസിനിമയാക്കി അഭ്രപാളികളിലെത്തിച്ചിരിക്കുകയാണ് പ്രദീപ് എം നായർ എന്ന നവാഗതസംവിധായകൻ.

‘വെങ്കിടി’ എന്ന യുവാവിന്റെ സ്വപ്നങ്ങളുടെയും തീവ്രപ്രണയത്തിന്റെയും കഥയാണ് വിമാനം. അസംസ്കൃത വസ്തുക്കളും മറ്റ് വാഹനങ്ങളുടെ പാർട്സും ഉപയോഗിച്ച് 'ട്വിൻ–സീറ്റർ അൾട്രാ ലൈറ്റ് വിമാനം' ഉണ്ടാക്കാനും അതിൽ പറക്കാനും ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തന്റെ വൈകല്യങ്ങളെ മറന്ന് ലക്ഷ്യത്തിനായി കൊതിക്കുന്ന വെങ്കിടിക്ക് എല്ലാത്തിനും കൂട്ടായി അമ്മാവനും (സുധീർ കരമന) അലൻസിയറും ഒപ്പമുണ്ട്. കൂടാതെ, എല്ലാത്തിനും പ്രേരണയും പ്രചോദനവും നൽകി പ്രണയിനി ജാനകിയും. ദുർഗാ കൃഷ്ണയാണ് ജാനകി എന്ന കഥാപാത്രമായി എത്തുന്നത്.

വിമാനം പറത്തുന്നതിനുള്ള അഭിവാഞ്ചയും ജാനകിയോടുള്ള തീവ്രപ്രണയവും ചിത്രത്തിൽ ഒരുപോലെ ചാലിച്ചെടുക്കാൻ സംവിധായകൻ പ്രദീപ് എം നായർക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ സ്വപ്നങ്ങൾക്ക് കൂട്ടുനിൽക്കുന്ന പ്രണയിനിക്കൊപ്പം പറക്കണമെന്ന ആഗ്രഹം മാത്രം നടക്കാതെ പോയ വെങ്കിടിയുടെ ഓർമകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. 

ഒരു റിയൽ ലൈഫ് സ്റ്റോറിയെ തന്റെ തിരക്കഥകൊണ്ട് മനോഹരമാക്കിയിരിക്കുന്നു. പ്രദീപ് എം നായർ. ആദ്യസംവിധാനസംരംഭമെന്ന നിലയിലും പ്രദീപ് അഭിനന്ദനമർഹിക്കുന്നു.

vimanam-movie-review-1

വെങ്കിടിയായി മികച്ച പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നത്. ജാനകിയായി എത്തിയ ദുർഗാ കൃഷ്ണയും സുധീർ കരമനയും അലൻസിയറും തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി. ലെന, അശോകൻ, സൈജു കുറുപ്പ്, മേജർ രവി എന്നിവരും ചെറു കഥാപാത്രങ്ങളിലെത്തുന്നു.

വിമാനത്തിന്റെ ദൃശ്യങ്ങളും സംഗീതവും മനോഹരമാണ്. ഷെഹ്നാദ് ജലാൽ വിമാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. വിമാനം പറത്തലും ആകാശക്കാഴ്ചകളും പ്രേക്ഷക മനസിനെ ടു സീറ്റർ വിമാനത്തിന്റെ സീറ്റിലേക്ക് എത്തിക്കുന്നുണ്ട്. ഈ ഫീലിങ്ങിന് ഉതകുംവണ്ണം മനോഹരമാണ് ഛായാഗ്രഹണം. ഗോപീ സുന്ദറാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

vimanam-movie-review-3

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമാണം നിർവഹിച്ച ചിത്രത്തിൽ തീവ്ര പ്രണയവും നന്മകളും ഗ്രാമീണതയും മൂല്യങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ശുഭപര്യാവസാനിയാകുന്ന ചിത്രം, ഒട്ടനവധി ക്രിസ്മസ് ചിത്രങ്ങൾക്കിടയിൽ‍ വേറിട്ടൊരു ഇടം നേടുമെന്നതിലും സംശയമില്ല.

നിങ്ങൾക്കും റിവ്യൂ എഴുതാം