Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മക്കളിലൂടെ ഞാൻ ഇക്കയെ കാണുന്നു'

kochin-haneefa-family

കൊച്ചിൻ ഹനീഫ ഓർമയായിട്ട് ആറു വർഷം പിന്നിടുന്നു. ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും ഇന്നും മലയാള സിനിമയിൽ ജീവിക്കുന്നു. കൊച്ചിൻ ഹനീഫയുടെ ഒരു സംഭാഷണമെങ്കിലും കേൾക്കാത്ത, അതുകേട്ട് ചിരിക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. കൊച്ചിൻ ഹനീഫയുടെ ഓർമകളിലൂടെ ഭാര്യ ഫാസില സംസാരിക്കുന്നു.

haneefa-film-img

കലാകാരൻമാർക്ക് മാത്രമുള്ള ഒരു ഭാഗ്യമുണ്ട്. അവർ മൺമറഞ്ഞാലും കലയിലൂടെ അവർ തന്നതെല്ലാം നിലനിൽക്കും. മരിച്ചാലും നമുക്ക് മുന്നിൽ അവർ ജീവിക്കും. ഇക്കയില്ലാത്ത ഈ ആറുവർഷവും എനിക്കങ്ങനെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും ഒരു സംഭാഷണമെങ്കിലും ടിവിയിലുണ്ടാകും എന്നും. അതുകൊണ്ട് ഇപ്പോഴും ജീവിക്കുന്ന പോലെ. നമുക്ക് മുന്നില് നിൽക്കുന്ന പോലെ. എന്റെ മക്കളിലൂടെ അദ്ദേഹത്തെയും ഞാൻ കാണുന്നുണ്ട്. ഹനീഫ ഇക്കയുടെ പ്രിയ പത്നി ഫാസില പറയുന്നു.

പണ്ട് പങ്കെടുത്ത പരിപാടികളൊക്കെ വീണ്ടും ടിവിയിലെത്തുമ്പോള്‍ എന്നും വീട്ടിൽ വരുന്ന പോലെ തോന്നും. അതുപോലെ അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷക സമൂഹത്തിന്റെ സ്നേഹവും വളരെ വലുതാണ്. എവിടെ പോയാലും ഇക്കയുടെ കുടംുബമാണെന്ന് തിരിച്ചറിഞ്ഞാൽ അവർ ഓടിവരും. എന്തെങ്കിലുമൊക്കെ സംസാരിക്കാതെ പോകാറേയില്ല. അതൊക്കെ നല്ല അനുഭവങ്ങളല്ലേ. അതാണ് ഏറ്റവും വലുത്. എവിടെയും നമുക്ക് സ്ഥാനമുണ്ടാകും. മക്കള്‍ അറിയുന്നതും ഹനീഫിക്കയുടെ പേരിലാണ്. ആ സ്നേഹം അവർക്കും അനുഭവിക്കുന്നുണ്ട്- ഫാസില വ്യക്തമാക്കുന്നു.

haneefa-film

ഹനീഫിക്ക കടന്നുപോയതിനു ശേഷം കുടുംബം ഒരുപാട് കഷ്ടത്തിലാണെന്ന വാർത്തകളുമായി ഒരു ബന്ധവുമില്ല. അതാരാണ് പറയുന്നതെന്നും അറിയില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ വിഷമമുണ്ട്. അതൊക്കെ തരണം ചെയ്യാനാകും എന്ന പ്രതീക്ഷയുമുണ്ട്. നടൻ ദിലീപാണ് എല്ലാ പിന്തുണയും നൽകുന്നത്. നാലാം ക്ലാസ് വിദ്യാർഥിനികളാണ് മക്കളായ സഫയും മർവയും. ഉപ്പയുടെ സിനിമകളിൽ സിഐഡി മൂസയാണ് ഇരുവർക്കും ഏറ്റവുമിഷ്ടം. എത്ര പ്രാവശ്യം ആ സിഡികൾ കണ്ടുകഴിഞ്ഞുവെന്നറിയില്ല. ഉപ്പയുടെ സിനിമകളെല്ലാം ഇഷ്ടമാണ്. ദിലീപീന്റെ ഫാൻസാണ് ഇരുവരും-ഫാസില കൂട്ടിച്ചേർത്തു.

kochin-haneefa-old

നർമം നിറഞ്ഞ വർത്തമാനങ്ങളിലൂടെ നന്മ നിറഞ്ഞ ജീവിതത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ഒൗപചാരികതകളില്ലാതെ സഞ്ചരിച്ച പ്രതിഭയായിരുന്നു കൊച്ചിൻ ഹനീഫ. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു സിനിമയിലേക്കെത്തിയത്. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്കുള്ള വേഷപ്പകർച്ചയിൽ മലയാളം കണ്ടത് എക്കാലത്തേയും മികച്ച നടൻമാരിലൊരാളെ. 1972ൽ അഴിമുഖം എന്ന ചിത്രത്തിൽ തുടങ്ങി മുന്നൂറോളം ചിത്രങ്ങളിലാണ് കൊച്ചിൻ ഹനീഫ അഭിനയിച്ചത്. വാത്സല്യമെന്ന ചിത്രം സംവിധാനം ചെയ്തും നമ്മെ അതിശയിപ്പിച്ചു അദ്ദേഹം. പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള അന്തരമില്ലാതാക്കിയ എണ്ണംപറഞ്ഞ അഭിനേതാക്കളിൽ ഒരാളായിരുന്നു കൊച്ചിൻ ഹനീഫ. കരളിലെ കാൻസറാണ് 2010ൽ കൊച്ചിൻ ഹനീഫയെ മരണത്തിലേക്ക് കൊണ്ടുപോയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.